തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരള താരം ജലജ് സക്സേനയ്ക്ക് ചരിത്ര നേട്ടം. രഞ്ജിയില്‍ മാത്രമായി 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി ജലജ് സക്സേനയ്ക്ക് സ്വന്തം.
തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന ഉത്തർ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിക്കൊണ്ടാണ് ജലജ് 400 വിക്കറ്റ് എന്ന ചരിത്ര നേട്ടം കൈവരിച്ചത്. ഉത്തര്‍പ്രദേശിന്‍റെ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് ഈ നേട്ടത്തിലെത്തിയത്. 16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
120 മത്സരങ്ങളിൽനിന്നാണ് സക്സേന ഈ അപൂർവ നേട്ടം കൈവരിച്ചത്. രഞ്ജി ട്രോഫിയില്‍ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. കൂടാതെ 29 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
മധ്യപ്രദേശ് ക്രിക്കറ്റില്‍ 2005 ലാണ് ജലജിന്‍റെ കരിയര്‍ ആരംഭിക്കുന്നത്. 2016- 17 രഞ്ജി സീസണില്‍ കേരള ടീമിലെത്തി. കേരളത്തിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ സക്സേന കഴിഞ്ഞ വർഷം, ആഭ്യന്തര ഫോർമാറ്റുകളിലുടനീളം 9,000 റൺസും 600 വിക്കറ്റുകളും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും എത്തി. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന.