21 വർഷത്തിനിടെ 188 മത്സരങ്ങൾ.... ജയിംസ് ആൻഡേഴ്സന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന്, അതു തുടങ്ങിയിടത്തു തന്നെ അവസാനമായി- ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ. ഇന്നിങ്സിനും 114 റൺസിനും വെസ്റ്റിൻഡീസിനെ ഇംഗ്ലണ്ട് കീഴടക്കുമ്പോൾ, മത്സരത്തിലാകെ നാല് വിക്കറ്റുമായി ആൻഡേഴ്സൺ ടെസ്റ്റ് വിക്കറ്റ് ശേഖരം 704 ആയി ഉയർത്തിയിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ ദീർഘിച്ച ടെസ്റ്റ് കരിയർ, ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായും ലോകത്തു തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറായും അവസാനിപ്പിക്കുമ്പോൾ ആൻഡേഴ്സന് ഒരു നിരാശ മാത്രം- വിൻഡീസിനെതിരായ മത്സരത്തിൽ ഗുദാകേഷ് മോട്ടിയുടെ റിട്ടേൺ ക്യാച്ച് നിലത്തിട്ടില്ലായിരുന്നെങ്കിൽ 705 വിക്കറ്റുമായി വിട പറയാമായിരുന്നു!
നാസർ ഹുസൈന്‍റെ ക്യാപ്റ്റൻസിക്കു കീഴിൽ, മൈക്കൽ വോനും അലക് സ്റ്റിവർട്ടുമെല്ലാം ഉൾപ്പെട്ട ടീമിൽ, 2003ൽ അരങ്ങേറ്റം. ഗസ് ആറ്റ്കിൻസണും ജാമി സ്മിത്തും അടക്കമുള്ള പുതുമുറക്കാർക്കൊപ്പം അവസാന ടെസ്റ്റ് കളിക്കുമ്പോൾ ഇതിനകം 109 സഹതാരങ്ങൾ. മൂന്ന് ആഷസ് പരമ്പരകൾ ഉൾപ്പെടെ ഇംഗ്ലണ്ടിന്‍റെ 83 ടെസ്റ്റ് വിജയങ്ങളിൽ പങ്കാളിയാണ് ആൻഡേഴ്സൺ. 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിന്‍റെ എവേ ആഷസ് വിജയവും, ഇന്ത്യയിൽ നേടിയ അത്യപൂർവമായൊരു ടെസ്റ്റ് പരമ്പര വിജയവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.