മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറ വീണ്ടും നിയമിതനായി. ന്യൂസിലൻഡിന്‍റെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ ഇല്ലാതെയാണ് കളിച്ചിരുന്നത്. എന്നാൽ, ഓസ്ട്രേലിയൻ പര്യടനം വരാനിരിക്കുകയും, അതിലെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാകുകയും ചെയ്ത സാഹചര്യത്തിൽ വൈസ് ക്യാപ്റ്റൻ നിയമനം നിർണായകമാകുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ 2022ൽ ഒരു ടെസ്റ്റിലാണ് ബുംറ ഇന്ത്യയെ നയിച്ചിട്ടുള്ളത്. 1987ൽ കപിൽ ദേവ് അവസാനം ക്യാപ്റ്റനായ ശേഷം ഒരു ഫാസ്റ്റ് ബൗളർ ആദ്യമായി ഇന്ത്യയെ നയിക്കുന്നതും അന്നായിരുന്നു. എന്നാൽ, ബുംറയുടെ അധ്വാന ഭാരം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ മത്സരങ്ങളും കളിപ്പിക്കാത്തതിനാൽ വൈസ് ക്യാപ്റ്റൻ പദവി സ്ഥിരമായി നിന്നില്ല. ഈ സാഹചര്യത്തിൽ, ഭാവി ക്യാപ്റ്റനെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്ത് യുവതാരം ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയേക്കും എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ബുംറയെ തന്നെ സെലക്റ്റർമാർ ഇപ്പോൾ വൈസ് ക്യാപ്റ്റൻ പദവി ഏൽപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു ശേഷം പരുക്ക് കാരണം പുറത്തിരിക്കുന്ന ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇത്തവണയും ടീമിൽ തിരിച്ചെത്തിയിട്ടില്ല. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളിൽ ഷമി ഉണ്ടാകുമെന്നാണ് നേരത്തെ സൂചന ലഭിച്ചിരുന്നത്. ഷമിയുടെ അഭാവത്തിൽ ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജിനെയും ആകാശ് ദീപിനെയുമാണ് പേസ് ബൗളർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന ഇടങ്കയ്യൻ പേസർ യഷ് ദയാൽ പുറത്തായി.
അതേസമയം, പേസ് ബൗളർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരോട് റിസർവ് കളിക്കാരായി ടീമിനൊപ്പം യാത്ര ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ബാറ്റർമാരുടെയും സ്പിന്നർമാരുടെയും കാര്യത്തിൽ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമംഗങ്ങളെ നിലനിർത്തിയിരിക്കുകയാണ്. ഋഷഭ് പന്തിനു ബാക്കപ്പ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലാണ് ടീമിൽ.
ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ).