ബർലിൻ: പുതിയ റിക്രൂട്ട് ഹാരി കെയിൻ നേടിയ ഇരട്ട ഗോളിന്‍റെ ബലത്തിൽ ബയേൺ മ്യൂണിച്ച് ജർമൻ ഫുട്ബോൾ ലീഗിൽ ഓഗ്സ്ബർഗിനെതിരേ 3-1 വിജയം നേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ബുണ്ടസ് ലിഗയിലേക്കുള്ള കൂടുമാറ്റം ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന കെയിന്‍റെ ഗോൾ നേട്ടം ഇപ്പോൾ രണ്ടു കളിയിൽ നിന്ന് മൂന്നു ഗോളാണ്.
32ാം മിനിറ്റിൽ ഫെലിക്സ് ഉദുവോകായിയുടെ സെൽഫ് ഗോളിലൂടെയാണ് ഓഗ്സ്ബർഗ് ആദ്യം ലീഡ് വഴങ്ങിയത്. 40ാം മിനിറ്റിൽ കെയിൻ പെനൽറ്റിയിലൂടെ തന്‍റെ ആദ്യ ഗോൾ നേടി ബയേണിന്‍റെ ലീഡ് ഇരട്ടിപ്പിച്ചു. ഓഗ്സ്ബർഗ് നിക്ലാസ് ഡോർഷിന്‍റെ കൈയിൽ പന്തുകൊണ്ടതിനെത്തുടർന്ന് അനുവദിക്കപ്പെട്ടതായിരുന്നു പെനൽറ്റി.
69ാം മിനിറ്റിൽ അൽഫോൺസോ ഡേവിസിന്‍റെ പാസിൽ നിന്ന് മനോഹരമായൊരു വൺ ടച്ച് ഗോളോടെ കെയിൻ പട്ടിക തികയ്ക്കുകയും ചെയ്തു. കിങ്സ്‌ലി കോമാനും കനേഡിയൻ താരമായ ഡേവിസും ചേർന്നു നടത്തിയ മുന്നേറ്റമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍റെ ഗോളിൽ കലാശിച്ചത്.