മഞ്ഞപ്പട പിണങ്ങി; കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനു മൗനം

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനെതിരേ പ്രസ്താവനയുമായി ഔദ്യോഗിക ആരാധകവൃന്ദം മഞ്ഞപ്പട
Kerala Blasters fans Manjappada protest against management
മഞ്ഞപ്പട പിണങ്ങി; കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനു മൗനംManjappada
Updated on

വി.കെ. സഞ്ജു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനെതിരേ പ്രസ്താവനയുമായി ഔദ്യോഗിക ആരാധകവൃന്ദം മഞ്ഞപ്പട. ഐഎസ്എല്ലിന്‍റെ അടുത്ത സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഡ്യൂറന്‍റ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ആരാധകരുടെ പ്രതിഷേധം.

ദിമിത്രിയോസ് ഡയമന്‍റക്കോസിനെയും ജീക്സൺ സിങ്ങിനെയും പോലുള്ള പ്രമുഖ താരങ്ങൾ ടീം വിട്ടിട്ടും മികച്ച പകരക്കാരെ കണ്ടെത്താൻ ടീം മാനേജ്മെന്‍റിനു സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 13 ഗോളുമായി ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ഡയമന്‍റക്കോസ്. ടീം വിട്ട വിവരം അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരാധകർ അറിയുന്നത്. ഇതുവരെ ടീം മാനെജ്മെന്‍റ് ഇതെക്കുറിച്ച് ഔദ്യോഗികമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ടീമിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുക്കുമനോവിച്ച് ടീം വിട്ടതിന്‍റെ ഞെട്ടലിൽ നിന്ന് ആരാധകർ മുക്തരാകും മുൻപേയാണ് പുതിയ തിരിച്ചടികൾ.

ടീം മാനേജ്മെന്‍റ് ആരാധകരോട് നീതിപുലർത്തണമെന്നാണ് മഞ്ഞപ്പട പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാറായിട്ടും പുതിയ താരങ്ങൾ ആരൊക്കെയെന്നു ടീം മാനേജ്മെന്‍റ് വെളിപ്പെടുത്തിയിട്ടില്ല. ആരാധകരുടെ ആശങ്ക പരിഹരിക്കാനും ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താനും മാനേജ്മെന്‍റ് ഇടപെടണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക സംഘമാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റേത്. ഐഎസ്എല്ലിന്‍റെ പത്തു വർഷത്തെ ചരിത്രത്തിൽ ഇതുവരെ മൂന്നു വട്ടം ഫൈനൽ കളിച്ചെന്നല്ലാതെ ഒരിക്കൽപ്പോലും കപ്പ് നേടാൻ ടീമിനു സാധിച്ചിട്ടില്ല.

ആദ്യ സീസണുകളിൽ ഡേവിഡ് ജയിംസ്, മൈക്കൽ ചോപ്ര, ദിമിതർ ബെർബറ്റോവ് തുടങ്ങിയവരെ കൊണ്ടുവന്നു എന്നല്ലാതെ, ആഗോള പ്രശസ്തിയുള്ള അധികം താരങ്ങളെയൊന്നും ടീമിലെത്തിക്കാൻ മറ്റ് ഐഎസ്എൽ ടീമുകളെപ്പോലെ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. ഡയമന്‍റക്കോസിനെയും ഇയാൻ ഹ്യൂമിനെയും ഒക്കെപ്പോലെ, ക്ലബ്ബിലെത്തിയ ശേഷം ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയവരാണ് ഇവിടെ കളിച്ച പ്രമുഖ താരങ്ങളിൽ ഏറെയും. എന്നാൽ, ഒന്നോ രണ്ടോ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതോടെ മറ്റു ക്ലബ്ബുകൾ ഇവരെ റാഞ്ചും. ഇങ്ങനെയുള്ളവരെ ടീമിൽ നിലനിർത്താനോ ദീർഘകാലാടിസ്ഥാനത്തിൽ ടീമിന്‍റെ കോർ നിലനിർത്തി ശക്തമായ അടിത്തറ രൂപപ്പെടുത്താനോ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിൽ നിന്നു കാര്യമായ നടപടികളൊന്നും ഉണ്ടാകാറുമില്ല.

ഇക്കുറി സീസണിലെ ആദ്യ ടൂർണമെന്‍റായ ഡ്യൂറന്‍റ് കപ്പിൽ ആദ്യ മൂന്നു മത്സരങ്ങളിൽ പതിനാറ് ഗോൾ അടിച്ചുകൂട്ടിയ ശേഷമാണ് ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്. ഐഎസ്എല്ലിലെ പ്രകടന ചരിത്രം പരിശോധിച്ചാലും സമാനമാണ് അവസ്ഥ. ലീഡ് നേടിയ ശേഷം കളി തോൽക്കുക, ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ശേഷം അവസാന മത്സരങ്ങളിൽ നിറം മങ്ങിപ്പോകുക എന്നിവയെല്ലാം ഈ ടീമിന്‍റെ മുഖമുദ്ര തന്നെയായി മാറിയിട്ടുണ്ട്.

ഇത്രയൊക്കെ തിരിച്ചടികൾ നേരിട്ടിട്ടും ടീമിനെ കൈവിടാത്ത ആരാധകവൃന്ദമാണ് മഞ്ഞപ്പട. ക്രിക്കറ്റിന്‍റെ ജനപ്രീതി കൂടി ഫുട്ബോളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സച്ചിൻ ടെൻഡുൽക്കറെ സഹ ഉടമയാക്കി, അദ്ദേഹത്തിന്‍റെ മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേര് പരിഷ്കരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എന്ന പേരും ഇട്ടതാണ്. എന്നാൽ, ഇതേ സച്ചിൻ നാലു സീസണിനു ശേഷം ടീമിലെ ഓഹരികൾ വിറ്റ് രക്ഷപെട്ടിട്ടും ആരാധകർ ടീമിനെ കൈവെടിഞ്ഞിട്ടില്ല.

ടീമിനോടുള്ള മാനേജ്മെന്‍റിന്‍റെ അവഗണന അതിരുവിടുന്നു എന്നു തോന്നുമ്പോൾ ഇങ്ങനെ ചില പരസ്യ പ്രതികരണങ്ങൾ മാത്രം അവരിൽനിന്ന് ഉണ്ടാകാറുണ്ട്. എന്നാൽ, കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ മാത്രമല്ല, ഇന്ത്യയിൽ എവിടെ നടക്കുന്ന എവേ മത്സരങ്ങളിലും ഗ്യാലറികളെ മഞ്ഞയിൽ മുക്കുന്ന ആരാധകരാണവർ. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പന്ത്രണ്ടാമൻ എന്നറിയപ്പെടുന്ന ഈ ആരാധകസംഘമാണ് വീണ്ടും പരിഭവവുമായി രംഗത്തെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.