ഇന്ത്യയിലെ ആഭ്യന്തര ട്വന്‍റി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്‍റെ ആദ്യ മത്സരം നവംബർ 23ന് സർവീസസിനെതിരേ. രഞ്ജി ട്രോഫി ടീമിൽ നിന്നു വ്യത്യസ്തമായി, സച്ചിൻ ബേബിക്കു പകരം സഞ്ജു സാംസൺ ആയിരിക്കും കേരളത്തെ നയിക്കുക. ദേശീയ ടീമിലെ ഓപ്പണിങ് സ്പോട്ട് സ്വന്തമാക്കിക്കഴിഞ്ഞ സഞ്ജു മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടിയും ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മധ്യനിര ബാറ്ററായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സഞ്ജു കേരളത്തിനു വേണ്ടി സമീപകാലത്തെല്ലാം മിഡിൽ ഓർഡറിലും ലോവർ മിഡിൽ ഓർഡറിലും തന്നെയാണ് ബാറ്റ് ചെയ്തിരുന്നത്. ദേശീയ ടീമിലും മധ്യനിരയിൽ സ്ഥാനം ലക്ഷ്യമിട്ടിരുന്നതിനാൽ ഇതു തന്നെയായിരുന്നു അഭികാമ്യവും. ആഭ്യന്തര കരിയറിന്‍റെ തുടക്കത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായിരുന്ന സഞ്ജു പിന്നീട് വിക്കറ്റ് കീപ്പിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ദേശീയ ടീമിൽ ഇടം കിട്ടാൻ അധിക യോഗ്യത എന്ന നിലയിൽ കൂടിയായിരുന്നു.
ഇപ്പോൾ സഞ്ജുവിനെ കൂടാതെ മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ് എന്നീ വിക്കറ്റ് കീപ്പർ ബാറ്റർമാർ കൂടി കേരള ടീമിലുണ്ട്. ഇരുവരും വെടിക്കെട്ട് ബാറ്റർമാരും ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ശേഷിയുള്ളവരുമാണ്. എന്നാൽ, കൂടുതൽ സ്ഥിരത പുലർത്തുന്ന രോഹൻ കുന്നുമ്മൽ ആയിരിക്കും മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന്‍റെ ഓപ്പണിങ് പങ്കാളി എന്നാണ് വിലയിരുത്തൽ. രഞ്ജി ട്രോഫിയിലും കേരളത്തിന്‍റെ സ്ഥിരം ഓപ്പണർ രോഹനായിരുന്നു.
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിൽ കളിക്കുന്ന കേരളം, പോയിന്‍റ് നിലയിൽ ഇപ്പോൾ ഹരിയാനയ്ക്കു പിന്നിൽ രണ്ടാമതാണ്. പതിവിലേറെ മികച്ച പ്രകടനങ്ങളുമായി കളിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രഞ്ടി ട്രോഫി സീസണിന്‍റെ ആദ്യ ഘട്ടം കേരളം അവസാനിപ്പിച്ചിരിക്കുന്നത്. ഇനി ട്വന്‍റി20 സീസൺ കഴിഞ്ഞ ശേഷം മാത്രമായിരിക്കും രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടം.
ചതുർദിന മത്സരങ്ങൾക്കുള്ള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയാണ് കേരളം ട്വന്‍റി20 ടീം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് അതിഥി താരങ്ങൾ രഞ്ജി ട്രോഫി ടീമിലുണ്ടായിരുന്നെങ്കിൽ, ടി20 മത്സരങ്ങൾക്ക് അവരിൽ ജലജ് സക്സേനയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബാബാ അപരാജിതും ആദിത്യ സർവാതെയും ടീമിൽ ഇല്ല.
അബ്ദുൾ ബാസിത്, അഖിൽ സ്കറിയ, അജ്നാസ് ഇ.എം., വിനോദ് കുമാർ സി.വി., ഷറഫുദ്ദീൻ എൻ.എം. എന്നിവരെ പുതിയതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിചയസമ്പന്നരായ സ്പിന്നർമാർ സിജോമോൻ ജോസഫും എസ്. മിഥുനും ടീമിൽ തിരിച്ചെത്തി.
കേരള ടീം ഇങ്ങനെ:
സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിത്, അഖിൽ സ്കറിയ, അജ്നാസ് ഇ.എം., സിജോമോൻ ജോസഫ്, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി.വി., ബേസിൽ എൻ.പി., ഷറഫുദ്ദീൻ എൻ.എം., നിധീഷ് എം.ഡി.