കോൽക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന്‍റെ വിചിത്രമായ ബാറ്റിങ് ഓർഡർ തന്ത്രം ഫലം കണ്ടു. 83 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ടീം 356/9 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. എന്നാൽ, മഴ കാരണം ഭൂരിഭാഗവും നഷ്ടമായ മത്സരത്തിന്‍റെ അവസാന ദിവസമാണ് ചൊവ്വാഴ്ച എന്നതിനാൽ സമനിലയും ഉറപ്പാണ്.
ഏഴ്, എട്ട്, ഒമ്പത് പൊസിഷനുകളിൽ കളിച്ച ബാറ്റർമാർ നേടിയ അർധ സെഞ്ചുറികളാണ് കേരളത്തിന് മോശമല്ലാത്ത സ്കോർ സമ്മാനിച്ചത്. ഏഴാം നമ്പറിൽ ഇറങ്ങിയ ജലജ് സക്സേന 162 പന്തിൽ 84 റൺസെടുത്തു. എട്ടാം നമ്പറിലെത്തിയത് പരിമിത ഓവർ ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ്ങിനു പേരെടുത്ത സൽമാൻ നിസാർ. എന്നാൽ, 262 പന്ത് ക്ഷമാപൂർവം നേരിട്ടാണ് സൽമാൻ പുറത്താകാതെ 95 റൺസെടുത്തത്. ഒമ്പതാം നമ്പറിൽ കളിച്ചത് പരിമിത ഓവർ ക്രിക്കറ്റിൽ ഓപ്പണറായ മുഹമ്മദ് അസറുദ്ദീൻ. 97 പന്തിൽ 84 റൺസാണ് അസറുദ്ദീൻ നേടിയത്.
എം.ഡി. നിധീഷ് (0) പുറത്തായതോടെ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പതിനൊന്നാം നമ്പർ ബേസിൽ തമ്പി ബാറ്റ് ചെയ്യാനിറങ്ങിയില്ല. അതുകൊണ്ടു തന്നെ സൽമാൻ നിസാറിന് അർഹിച്ച സെഞ്ചുറിക്ക് അഞ്ച് റൺസ് മാത്രം അകലെ പുറത്താകാതെ നിൽക്കാനായിരുന്നു വിധി.
ബംഗാളിനു വേണ്ടി ഐപിഎൽ താരം ഇഷാൻ പോറൽ 103 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി.