രോഹനും അക്ഷയ്ക്കും അർധ സെഞ്ചുറി; കേരളം മികച്ച നിലയിൽ

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിനെതിരേ ടോസ് നേടിയ ഹരിയാന ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു
രോഹൻ കുന്നുമ്മൽ Rohan Kunnummal
രോഹൻ കുന്നുമ്മൽFile photo
Updated on

റോഹ്തക്: ഹരിയാനക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളം ആദ്യ ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. പ്രതികൂല കാലാവസ്ഥ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ഓപ്പണർർ ബാബാ അപരാജിതിന്‍റെ (0) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ വീണു.

എന്നാൽ, രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഒരുമിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 91 റൺസ് ചേർത്തു. 102 പന്തിൽ 55 റൺസെടുത്താണ് രോഹൻ മടങ്ങിയത്. 160 പന്തിൽ 51 റൺസുമായി അക്ഷയ് ക്രീസിലുണ്ട്. 24 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കൂട്ടിന്.

യുവതാരം വത്സൽ ഗോവിന്ദ് പ്ലെയിങ് ഇലവനിൽനിന്നു പുറത്തായതോടെയാണ് ബാബാ അപരാജിത് ഓപ്പണിങ് റോളിലെത്തിയത്. വത്സലിനു പകരം മറ്റൊരു യുവ ബാറ്റർ ഷോൺ റോജറെ കേരളം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹരിയാനയിൽ നടക്കുന്ന മത്സരത്തിൽ ബേസിൽ തമ്പി, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ എന്നീ മൂന്ന് പേസർമാരുമായാണ് കേരളം കളിക്കുന്നത്. സ്പിൻ ബൗളിങ് ഓൾറൗണ്ടർ ആദിത്യ സർവാതെ ടീമിലില്ല.

ഉത്തർ പ്രദേശിനെതിരായ ഇന്നിങ്സ് വിജയം അടക്കം രണ്ടു ജയങ്ങളും ഒരു സമനിലയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനക്കാരായ ഹരിയാനയ്ക്കെതിരേ ഒന്നാം ഇന്നിങ്സ് ലീഡെങ്കിലും നേടി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.

അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നിഷാന്ത് സിന്ധു, ഇന്ത്യൻ ടെസ്റ്റ് താരമായിരുന്ന ജയന്ത് യാദവ്, ഇന്ത്യ എ ടീം അംഗവും ഐപിഎൽ താരവുമായ അൻഷുൽ കാംഭോജ് എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് ഹരിയാനയുടേത്. ആദ്യ ദിവസം വീണ രണ്ട് വിക്കറ്റും സ്വന്തമാക്കിയത് കാംഭോജാണ്.

Trending

No stories found.

Latest News

No stories found.