സയീദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കേരളം മഹാരാഷ്ട്രയോട് പൊരുതിത്തോറ്റു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് കേരളം നേടിയത്. മഹാരാഷ്ട്ര ഒരു പന്ത് മാത്രം ശേഷിക്കെ ജയം നേടുകയായിരുന്നു.
നേരത്തെ, ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് കേരളത്തെ ബാറ്റിങ്ങിനു ക്ഷണിച്ചു. ക്യാപ്റ്റൻ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 4.3 ഓവറിൽ 43 റൺസ് ചേർത്തു. 15 പന്തിൽ 19 റൺസെടുത്ത സഞ്ജുവിനു പിന്നാലെ വിഷ്ണു വിനോദും (9) സൽമാൻ നിസാറും (1) പുറത്തായെങ്കിലും, രോഹനും മുഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ മികച്ച സ്കോറിലേക്കു നയിക്കുകയായിരുന്നു.
24 പന്തിൽ 45 റൺസെടുത്താണ് രോഹൻ പുറത്തായത്. അസറുദ്ദീൻ 29 പന്തിൽ 40 റൺസെടുത്തു. സച്ചിൻ ബേബി 25 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ നിന്നു.
പവർ പ്ലേ ഓവറുകളിൽ അനായാസം ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്ന കേരളത്തിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ഇന്ത്യൻ അണ്ടർ-19 താരം അർഷിൻ കുൽക്കർണിയാണ്. കുൽക്കർണിയുടെ സ്ലോ ബോളിൽ സ്ട്രെയ്റ്റ് സിക്സിനു ശ്രമിച്ച സഞ്ജു മിഡ് ഓഫിൽ സത്യജിത് ബച്ചാവിനു ക്യാച്ച് നൽകി മടങ്ങി.
മറുപടി ബാറ്റിങ്ങിൽ ഗെയ്ക്ക്വാദിനെയും (1) ഐപിഎൽ താരം രാഹുൽ ത്രിപാഠിയെയും (28 പന്തിൽ 44) പുറത്താക്കാൻ സാധിച്ചതോടെ കേരളത്തിന്‍റെ വിജയ പ്രതീക്ഷ സജീവമായി. 126 റൺസെടുക്കുന്നതിനിടെ മഹാരാഷ്ട്രയുടെ അഞ്ച് വിക്കറ്റും കേരളം വീഴ്ത്തി. എന്നാൽ, ഏഴാം നമ്പറിലിറങ്ങി 18 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന ദിവ്യാംഗ് ഹിംഗനേക്കർ മഹാരാഷ്ട്രയെ അപ്രതീക്ഷിത വിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു.