ഇന്ത്യയുടെ വഴിയേ കേരളം; രഞ്ജി ട്രോഫിയിൽ അദ്ഭുത വിജയം

ആദിത്യ സർവാതെ, ജലജ് സക്സേന, ബാബാ അപരാജിത് എന്നീ അതിഥി താരങ്ങളുടെ കരുത്തിൽ കേരളം സമനിലയുടെ വക്കിൽ നിന്ന് ജയം പിടിച്ചെടുത്തു
Sachin Baby
സച്ചിൻ ബേബിFile photo
Updated on

തിരുവനന്തപുരം: സമനില ഉറപ്പിച്ച രഞ്ജി ട്രോഫി മത്സരത്തിൽ ഏകദിന ക്രിക്കറ്റ് ശൈലിയിൽ ബാറ്റ് വീശിയ കേരളം എട്ട് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കി മുഴുവൻ പോയിന്‍റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം പഞ്ചാബിന് അതിനുള്ള പോയിന്‍റും നിഷേധിച്ചുകൊണ്ടാണ് ആതിഥേയർ അവിശ്വസനീയ രീതിയിൽ വിജയം പിടിച്ചെടുത്തത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മഴ മൂലം രണ്ടര ദിവസം നഷ്ടമായ ശേഷം ഇന്ത്യ ആക്രമണോത്സുക ബാറ്റിങ്ങിന്‍റെയും മികവുറ്റ ബൗളിങ്ങിന്‍റെയും ബലത്തിൽ പിടിച്ചെടുത്ത വിജയത്തെ ഓർമിപ്പിക്കുന്നതായിരുന്നു കേരളത്തിന്‍റെ പ്രകടനം.

സ്കോർ: പഞ്ചാബ് 194, 142; കേരളം 179 & 158/2

ഒന്നാം ഇന്നിങ്സിൽ പഞ്ചാബിനെ 194 റൺസിനു കീഴടക്കാൻ സാധിച്ചെങ്കിലും ബാറ്റിങ് തകർച്ച കാരണം കേരളം 15 റൺസിന്‍റെ ലീഡ് വഴങ്ങിയിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ പഞ്ചാബിന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയെ 142 റൺസിന് എറിഞ്ഞിട്ട കേരളം, വിജയലക്ഷ്യമായ 158 റൺസ് മഴയ്ക്കു മുൻപേ അടിച്ചെടുത്തു. അതിനു വേണ്ടി വന്നത് വെറും 36 ഓവർ.

രണ്ടാം ഇന്നിങ്സിൽ തന്ത്രപരമായ മാറ്റങ്ങൾ ബാറ്റിങ് ഓർഡറിൽ വരുത്തിയ കേരളം, ഓവറിൽ ശരാശരി നാല് റൺസിനു മുകളിൽ സ്കോർ ചെയ്താണ് വിജയകരമായി റൺ ചേസ് പൂർത്തിയാക്കിയത്. രോഹൻ കുന്നുമ്മലിനൊപ്പം യുവതാരം വത്സൽ ഗോവിന്ദാണ് ആദ്യ ഇന്നിങ്സിൽ ഓപ്പൺ ചെയ്തതെങ്കിൽ, രണ്ടാം ഇന്നിങ്സിൽ വത്സലിനു പകരം ക്യാപ്റ്റൻ സച്ചിൻ ബേബി തന്നെ ഇറങ്ങി.

36 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത രോഹൻ, ടീമിന്‍റെ കുതിപ്പിന് ആവശ്യമായ അടിത്തറയിട്ടു. മൂന്നാം നമ്പറിൽ 61 പന്ത് നേരിട്ട് രണ്ടു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്ത ബാബാ അപരാജിത് സുരക്ഷിതമായ റൺ റേറ്റ് നിലനിർത്തി. മറുവശത്ത് ഇന്നിങ്സിന്‍റെ കെട്ടുറപ്പിനു പ്രാധാന്യം നൽകിയ സച്ചിൻ ബേബി 114 പന്തിൽ 56 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരു ബൗണ്ടറി മാത്രമാണ് സച്ചിന്‍റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഏഴ് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവാതെയും ബാബാ അപരാജിതും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ പഞ്ചാബിനെ തകർത്തു കളഞ്ഞത്. രണ്ട് വിക്കറ്റുമായി ജലജ് സക്സേനയും ഉറച്ച പിന്തുണ നൽകി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയിരുന്ന സർവാതെ ഇതോടെ കേരളത്തിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ആകെ ഒമ്പത് വിക്കറ്റ് നേടി. ജലജിന് ആകെ ആറ് വിക്കറ്റും കിട്ടി. ഇവർ മൂവരുമാണ് ഈ സീസണിൽ കേരളത്തിനു വേണ്ടി കളിക്കുന്ന അതിഥി താരങ്ങൾ. മൂവരും ആവേശകരമായ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.