രഞ്ജി ട്രോഫി: കേരളത്തിന് യുപിക്കെതിരേ ലീഡ്

യുപിയുടെ ആദ്യ ഇന്നിങ്സ് 162 റൺസിൽ അവസാനിപ്പിച്ച കേരളം, രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340
Salman Nizar and Sachin Baby during their 99-run partnership
99 റൺസ് കൂട്ടുകെട്ടിനിടെ സൽമാൻ നിസാറും സച്ചിൻ ബേബിയും
Updated on

തുമ്പ: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഉത്തർ പ്രദേശിനെതിരേ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടി. യുപിയുടെ ആദ്യ ഇന്നിങ്സ് 162 റൺസിൽ അവസാനിപ്പിച്ച കേരളം, രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന നിലയിലാണ്. ഇപ്പോൾ 178 റൺസിന്‍റെ ലീഡായി.

ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (83) സൽമാൻ നിസാറിന്‍റെയും (74*) അർധ സെഞ്ചുറികളാണ് ആതിഥേയരുടെ ഇന്നിങ്സിനു കരുത്ത് പകർന്നത്. ബാബാ അപരാജിത് 32 റൺസും ജലജ് സക്സേന 35 റൺസും നേടി. സൽമാൻ നിസാറിനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനാണ് (11) ക്രീസിൽ.

168 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തിന് സച്ചിൻ ബേബിയും സൽമാൻ നിസാറും ഒരുമിച്ച 99 റൺസ് കൂട്ടുകെട്ടാണ് മികച്ച ലീഡ് ഉറപ്പാക്കിയത്. 165 പന്തിൽ എട്ട് ഫോർ ഉൾപ്പെട്ടതാണ് സച്ചിന്‍റെ ഇന്നിങ്സ്. സൽമാൻ ഇതുവരെ 155 പന്ത് നേരിട്ടിട്ടുണ്ട്, എട്ട് ഫോറും രണ്ടു സിക്സും നേടി.

ഉത്തർ പ്രദേശിനു വേണ്ടി ശിവം മാവിയും ശിവം ശർമയും രണ്ട് വിക്കറ്റ് വീതം നേടി. മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള, ഇന്ത്യ എ ടീമിൽ കളിച്ചിട്ടുള്ള സൗരഭ് കുമാർ, ആക്വിബ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ്.

Trending

No stories found.

Latest News

No stories found.