തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഒരു ഇന്നിങ്സിനും 117 റൺസിനുമാണ് വിജയിച്ചത്. തുമ്പ സെന്‍റ് സേവ‍്യേഴ്സ് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. രണ്ട് ഇന്നിങ്സുകളിൽ നിന്ന് 11 വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ മികച്ച പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ഒന്നാം ഇന്നിങ്സിൽ 233 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശിന് കേരളത്തിന്‍റെ സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനായില്ല.
ആദ‍്യ സെഷനിൽ തന്നെ 37.5 ഓവറിൽ 116 റൺസിന് ഉത്തർപ്രദേശിനെ കേരളം പുറത്താക്കി. ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് ബോണസ് പോയിന്‍റ് ലഭിക്കും. നവംബർ 13 ന് ഹരിയാനയ്ക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. രണ്ടാം ഇന്നിങ്സിൽ 78 പന്തിൽ 36 റൺസ് നേടിയ മാധവ് കൗശിക്കാണ് ഹരിയാനയുടെ ടോപ് സ്കോറർ. നായകൻ ആര‍്യൻ ജുയൽ (12), പ്രിയം ഗാർഗ് (22), നിതീഷ് റാണ (15), സിദ്ധാർഥ് യാദവ് (14), ആക്വിബ് ഖാൻ (11) എന്നിവരാണ് രണ്ടക്കം കണ്ടത്. 85/4 എന്ന നിലയിലായിരുന്നു ഉത്തർപ്രദേശ് 25.5 ഓവർ പിന്നിടുമ്പോൾ.
എന്നാൽ 31 റൺസ് മാത്രമെ പിന്നീട് വന്ന ബാറ്റർമാർക്ക് നേടാനായൊള്ളു. സമീർ റിസ്വി (0), സൗരഭ് കുമാർ (3), പിയൂഷ് ചൗള (1), ശിവം മാവി (0), ശിവം ശർമ്മ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആദ‍്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ 16.5 ഓവറിൽ 41 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടി. സക്സേനയെ കൂടാതെ ആദിത‍്യ സർവാതെ ഏഴ് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഒരു വിക്കറ്റ് കെ.എം. ആസിഫും നേടി.
ഒന്നാം ഇന്നിങ്സിൽ 162 റൺസ് ഉയർത്തിയ ഉത്തർപ്രദേശിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിനം 395 റൺസ് നേടിയിരുന്നു. 202 പന്തിൽ 93 റൺസെടുത്ത സൽമാൻ നിസാറാണ് ടീമിലെ ടോപ് സ്കോറർ. സൽമാനെ കൂടാതെ നായകൻ സച്ചിൻ ബേബി അർധസെഞ്ച്വറി നേടി. ഓപ്പണർമാരായ വത്സൽ ഗോവിന്ദ് (23), രോഹൻ കുന്നുമൽ (28) ബാബ അപരാജിത് (32), അക്ഷയ് ചന്ദ്രൻ (24), ജലജ് സക്സേന (35), മുഹമ്മദ് അസ്ഹരുദ്ദീൻ (40), ആദിത‍്യ സർവാതെ (14) എന്നിവർ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നതിൽ സഹായിച്ചു. ജലജ് സക്സേനയുടെ മികച്ച ബൗളിങ്ങ് പ്രകടനത്തിലാണ് ഉത്തർപ്രദേശിനെ കേരളം പിടിച്ചുകെട്ടിയത്.