സ്പോർട്‌സ് ലേഖകൻ
കെ.എൽ. രാഹുൽ മത്സരക്ഷമത വീണ്ടെടുക്കുന്ന പക്ഷം ലോകകപ്പ് ടീമിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആരായിരിക്കുമെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം മാത്രമായിരിക്കും ഇഷാൻ കിഷനും സഞ്ജു സാംസണും തമ്മിൽ നടക്കുക. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പ്ലെയർ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ട ഇഷാൻ കിഷൻ ഇക്കാര്യത്തിൽ സഞ്ജുവിനെക്കാൾ ഒരുപടി മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്.
കിഷന് മൂന്നു മത്സരങ്ങളിലും ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അവസരം കിട്ടി, മൂന്നിലും അർധസെഞ്ചുറിയും നേടി. രണ്ടു മത്സരങ്ങളിൽ മധ്യനിരയിൽ കളിച്ച സഞ്ജു രണ്ടാമത്തേതിൽ അർധ സെഞ്ചുറി നേടി. കണക്കിൽ മുന്നിൽ കിഷൻ തന്നെയെങ്കിലും ടീമിന്‍റെ ഘടന കണക്കിലെടുക്കുമ്പോൾ സഞ്ജുവിനു സാധ്യത ശേഷിക്കുന്നു എന്നു തന്നെ കരുതണം.
ഓപ്പണർ എന്ന നിലയിലാണ് കിഷന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങൾ. നാലാം നമ്പറിൽ കളിച്ച ആറു കളിയിൽ 106 റൺസ് മാത്രമാണ് സമ്പാദ്യം. ഫീൽഡിങ് നിയന്ത്രണങ്ങളുള്ള പവർപ്ലേ ഓവറുകളിൽ ആനുകൂല്യം മുതലാക്കുന്നതിലാണ് കിഷന്‍റെ മിടുക്ക്. അതേസമയം, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിലൊരാളെന്ന വിശേഷണമാണ് സഞ്ജുവിനുള്ളത്.
ഇവിടെയാണ് ടീം ഘടനയുടെ പ്രസക്തി. ലോകകപ്പ് ടീമിലെ ആദ്യ മൂന്നു ബാറ്റിങ് പൊസിഷനുകൾ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞതാണ് - രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി. നാലാം നമ്പറിൽ കെ.എൽ. രാഹുൽ ഇല്ലെങ്കിൽ പകരം കിഷനെ പരിഗണിക്കുന്നത് യുക്തിസഹമാകുമോ എന്ന സംശയം നിലനിൽക്കുന്നു.
ദേശീയ ടീമിൽ അവസരം കിട്ടിയപ്പോഴൊക്കെ മധ്യനിരയിൽ തന്നെ കളിച്ചിട്ടുള്ള സഞ്ജുവിന്‍റെ ബാറ്റിങ് ശരാശരി 55 റൺസിനു മുകളിലുമാണ്. സൂര്യകുമാർ യാദവിന്‍റെ ഏകദിന സാധ്യതകളാകട്ടെ പരിമിതമായി തുടരുകയും ചെയ്യുന്നു. സൂര്യ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടാലും ഫിനിഷ് റോളിലായിരിക്കും നിയോഗിക്കപ്പെടുക.
ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, രാഹുൽ ഇല്ലെങ്കിൽ സഞ്ജു ലോകകപ്പ് ടീമിലെത്താൻ സാധ്യത ഏറെയാണ്. രാഹുലിനു പുറമേ, പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തുന്ന ശ്രേയസ് അയ്യരുടെ പുരോഗതിയും ഇക്കാര്യത്തിൽ നിർണായകമായിരിക്കും.
അയർലൻഡ് പര്യടനമാണ് സഞ്ജുവിനു മുന്നിൽ അവശേഷിക്കുന്ന സുവർണാവസരം. അവിടെ കളിക്കാനുള്ളത് ട്വന്‍റി20 പരമ്പരയാണെങ്കിലും, മൂന്നു മത്സരത്തിലും സഞ്ജുവിന് ഇടം കിട്ടുമെന്നു പ്രതീക്ഷിക്കാം; അതു മധ്യനിരയിലായിരിക്കുകയും ചെയ്യും.
അയർലൻഡിലെ മികച്ച പ്രകടനത്തിന്‍റെ വെളിച്ചത്തിലാണ് മുൻപ് ദീപക് ഹൂഡ സഞ്ജുവിനെ മറികടന്ന് ദേശീയ ടീമിലെത്തുന്നത്. ഹൂഡ ഇന്നു സെലക്റ്റർമാരുടെ പ്രഥമ പരിഗണനയിൽപ്പോലുമില്ല. പക്ഷേ, സഞ്ജു ഇപ്പോഴും പരിഗണനയിലുണ്ടെന്നതിനു തെളിവാണ് സമീപകാലത്ത് തുടർച്ചയായി ലഭിക്കുന്ന അവസരങ്ങൾ. കിഷനെപ്പോലെ അതു പരമാവധി മുതലാക്കാനുള്ള വൈദഗ്ധ്യമാണ് ഇനി വേണ്ടത്.
അഞ്ചാം നമ്പറിനു മുകളിൽ കളിക്കുന്ന ഏതു ബാറ്റ്സ്മാനും സ്ഥിരത അനിവാര്യമായൊരു ഘടകമാണ്. സ്ട്രൈക്ക് റേറ്റ് കുറയാതെ സ്ഥിരത വർധിപ്പിക്കാൻ സാധിക്കുന്ന പക്ഷം, ലോകകപ്പിലല്ലെങ്കിൽ അതു കഴിഞ്ഞാലെങ്കിലും ഇന്ത്യൻ ടീമിൽ സഞ്ജുവിനെയും സ്ഥിരമായി കാണാം.