ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നു. എന്നാൽ, ഇത് ആരോ ഒപ്പിച്ച തമാശയാണെന്ന സംശയവും നിലനിൽക്കുന്നു.
''എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്, കാത്തിരിക്കുക'' എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി രാഹുൽ പോസ്റ്റ് ചെയ്തത്. ഇത് അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് തീപിടിച്ചു തുടങ്ങിയത്.
ഇതിനു പിന്നാലെയാണ്, രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് സ്ക്രീൻ ഷോട്ട് എന്ന വ്യാജേന വിരമിക്കൽ പ്രഖ്യാപനവും പ്രചരിച്ചത്. ''പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഏറെ ആലോചനയ്ക്കു ശേഷം തീരുമാനമെടുത്തിരിക്കുന്നു'' എന്നായിരുന്നു ഇതിന്‍റെ തുടക്കം. ഈ തീരുമാനം എളുപ്പമായിരുന്നില്ലെന്നു പറയുന്ന സ്ക്രീൻ ഷോട്ടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കുമെല്ലാം നന്ദിയും അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇത് രാഹുലിന്‍റെ അക്കൗണ്ടിൽനിന്നുള്ളതല്ലെന്നും, വ്യാജമായി നിർമിച്ച സ്ക്രീൻ ഷോട്ടാണെന്നും വൈകാതെ തന്നെ വ്യക്തമായി. പക്ഷേ, അതിനകം 'വിരമിക്കൽ പ്രഖ്യാപനം' വൈറലായിക്കഴിഞ്ഞിരുന്നു.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലുണ്ടായിരുന്ന രാഹുൽ, ഇപ്പോൾ ദുലീപ് ട്രോഫിക്കുള്ള ആഭ്യന്തര ക്രിക്കറ്റ് ടീമിലും അംഗമാണ്. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ നിന്ന് രാഹുലിനെ ഒഴിവാക്കുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഋഷഭ് പന്ത് തിരിച്ചെത്തിയതോടെയാണ് ഏകദിന ടീമിൽ രാഹുലിന്‍റെ സ്ഥാനം അപകടത്തിലായത്.