3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

കെ.എൽ. രാഹുലിന്‍റെ പരുക്ക് ഇന്ത്യൻ ടീം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വിരാട് കോലിയുടെയും സർഫറാസ് ഖാന്‍റെയും കാര്യത്തിൽ വ്യക്തമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല
KL Rahul walks out of the ground after getting injured during India's match simulation ahead of Australia Tests
മാച്ച് സിമുലേഷനിടെ പരുക്കേറ്റ് പുറത്തേക്ക് പോകുന്ന ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ
Updated on

പെർത്ത്: ഓസ്ട്രേലിയൻ പര്യടനത്തിനു പോയിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓപ്പണിങ് പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ഇന്ത്യൻ ഓപ്പണറാകുമെന്നു പ്രതീക്ഷിച്ചിരുന്ന കെ.എൽ. രാഹുലിനു പരിശീലനത്തിനിടെ പരുക്കേറ്റതാണ് പുതിയ ആശങ്ക.

ഇതിനിടെ, വിരാട് കോലിയെ സ്കാനിങ്ങിനു വിധേയനാക്കിയതായി ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാഹുലിന്‍റെ പരുക്ക് ഇന്ത്യൻ ടീം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കോലിയുടെ കാര്യത്തിൽ വ്യക്തമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല. രാഹുലിനു സമാനമായി സർഫറാശ് ഖാനും കൈമുട്ടിൽ പന്ത് കൊണ്ട് പരുക്കേറ്റിരിക്കുകയാണ്.

Sarfaraz Khan in pain after getting hit on elbow during practice
പരിശീലനത്തിനിടെ കൈമുട്ടിന് പന്ത് കൊണ്ട സർഫറാസ് ഖാൻ

റിസർവ് ഓപ്പണറായി ബംഗാൾ ബാറ്റർ അഭിമന്യു ഈശ്വരൻ ടീമിലുണ്ടെങ്കിലും ഇന്ത്യ എ ടീമും ഓസ്ട്രേലിയൻ എ ടീമും തമ്മിലുള്ള മത്സരത്തിൽ പ്രകടനം നിരാശാനകമായിരുന്നു. ഈ സാഹചര്യത്തിൽ, നേരത്തെ തന്നെ ഓസ്ട്രേലിയയിലെത്താൻ കെ.എൽ. രാഹുലിനോട് ആവശ്യപ്പെട്ട ഇന്ത്യൻ ടീം മാനെജ്മെന്‍റ്, അദ്ദേഹത്തെ ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓപ്പണറായി ഇറക്കുകയും ചെയ്തിരുന്നു.

രാഹുലിന്‍റെ പ്രകടനവും മികവ് പുലർത്തിയില്ലെങ്കിൽ പോലും, രോഹിത് കളിക്കാത്ത പക്ഷം രാഹുൽ ആയിരിക്കും ഇന്ത്യയുടെ ഓപ്പണർ എന്ന് കോച്ച് ഗൗതം ഗംഭീർ സൂചന നൽകിയിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ഇന്ത്യ ഓസ്ട്രേലിയയിൽ സന്നാഹ മത്സരങ്ങൾ കളിക്കുന്നില്ല. കാണികളെ പ്രവേശിപ്പിക്കാതെ രഹസ്യാത്മകമായ പരിശീലനാണ് പെർത്തിൽ ടീം നടത്തുന്നത്. സീനിയർ ടീമിലെയും എ ടീമിലെയും അംഗങ്ങളെ രണ്ടു ടീമായി തിരിച്ച് മാച്ച് സിമുലേഷൻ നടത്തുന്നുണ്ട്. ഇതിൽ വിരാട് കോലി കളിക്കുകയും ചെയ്തു.

Virat Kohli walks out to practice
വിരാട് കോലി പരിശീലനത്തിനിറങ്ങുന്നു

ഇതിനിടെയാണ് വലതു കൈമുട്ടിന് പന്ത് കൊണ്ട് രാഹുലിനു പരുക്കേൽക്കുന്നത്. ഉടൻ തന്നെ ഗ്രൗണ്ട് വിട്ട രാഹുൽ ടീം ഫിസിയോയുടെ സഹായം തേടി. സ്കാൻ റിപ്പോർട്ട് വന്ന ശേഷമേ പരുക്കിന്‍റെ അവസ്ഥ നിർണയിക്കാൻ സാധിക്കൂ. നവംബർ 22നാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Trending

No stories found.

Latest News

No stories found.