വി.കെ. സഞ്ജു
പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞാൽ പൊതുവേ പ്ലസ് വൺ അഡ്മിഷനു പിന്നാലെയുള്ള ഓട്ടത്തിലായിരിക്കും നമ്മുടെ കുട്ടികൾ. പക്ഷേ, ലാമിൻ യമാൽ എന്ന സ്പാനിഷ് പയ്യൻ ഓടുന്നത് പന്തിനു പിന്നാലെയാണ്. അവനിനി യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ കളിക്കാനുണ്ട്. എന്നിട്ടു വേണം ടൂർണമെന്‍റിനിടെ പാസായ ഹൈസ്കൂൾ പരീക്ഷയുടെ മധുരം റോക്കഫോണ്ടയിലെ അയൽക്കാരുമായി പങ്കുവയ്ക്കാൻ!
നോർത്ത് ആഫ്രിക്കയിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും കിഴക്കൻ യൂറോപ്പിൽനിന്നുമൊക്കെയുള്ള കുടിയേറ്റക്കാരായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന റോക്കഫോണ്ട. യമാലിന്‍റെ അമ്മാവൻ അബ്ദുളിന് അവിടെയൊരു കൊച്ചു ബേക്കറിയുണ്ട്. അതിന്‍റെ വാതിൽക്കൽ തന്നെ ബാഴ്സലോണയുടെ ജെഴ്സിയിട്ട മരുമകന്‍റെ ചിത്രം വരച്ചുവച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ സ്പെയ്ന്‍റെയും മൊറോക്കോയുടെയും ഇക്വറ്റോറിയൽ ഗിനിയയുടെയും ദേശീയ പതാകകൾ. യമാലിന്‍റെ അച്ഛന്‍റെ രാജ്യമാണ് മൊറോക്കോ, ഇക്വറ്റോറിയൽ ഗിനിയ അമ്മയുടെയും. പക്ഷേ, യമാലിന്‍റെ രാജ്യം ഇപ്പോൾ സ്പെയ്നാണ്, സ്പെയ്ൻ മാത്രം. മറ്റൊരു ദേശീയതയ്ക്കും അവനെ വിട്ടുകൊടുക്കാൻ സ്പാനിഷ് ഫുട്ബോൾ ആരാധകർ ഇനി ഒരുക്കമല്ല, പ്രത്യേകിച്ച് യൂറോ കപ്പ് സെമി ഫൈനൽ കൂടി കഴിഞ്ഞ ശേഷം.
35 വർഷം മുൻപ് യമാലിന്‍റെ മുത്തശ്ശി ഫാത്തിമയാണ് ആദ്യം മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്കു കുടിയേറുന്നത്. പിന്നെ കുടുംബത്തെയും കൂടെ കൂട്ടി. യമാൽ ജനിച്ചതും സ്പെയ്നിൽ തന്നെ. പക്ഷേ, അവൻ ജനിച്ച് മൂന്നു വർഷത്തിനുള്ളിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നെ കുറച്ചു കാലം അമ്മയുടെ കൂടെ. അമ്മ ഷെയ്‌ല ജോലി ചെയ്തിരുന്ന ഫാസ്റ്റ് ഫുഡ് കടയിൽ പരിചയപ്പെട്ട ഇന്നസെന്‍റ് ഡയസ് എന്ന പ്രാദേശിക ഫുട്ബോളറാണ് യമാലിന്‍റെ ജീവിതം ഫുട്ബോൾ കോർട്ടിലേക്കു വഴിതിരിച്ചു വിടുന്നത്. ലാ ടൊറേട്ടയിലെ ഫുട്ബോൾ ക്ലബ്ബിൽ അവനെ കൊണ്ടുപോയി ചേർക്കുന്നതും ഡയസ് തന്നെ.
അവന്‍റെ കൈയും പിടിച്ച് ക്ലബ്ബിലേക്കു നടക്കുമ്പോൾ ഡയസ് പറയാറുണ്ടായിരുന്നു, ഈ കൈകൊണ്ട് നീ ഒരുദിവസം ബാഴ്സലോണയുടെ കരാർ ഒപ്പുവയ്ക്കുമെന്ന്. ആ പ്രായത്തിൽ അവനതു മനസിലായിക്കാണണം എന്നില്ല. പക്ഷേ, ലാ ടൊറേട്ടയിൽ അവന്‍റ കളിയെക്കുറിച്ചറിഞ്ഞ് ബാഴ്സലോണയിലേക്കുള്ള വിളി വരുക തന്നെ ചെയ്തു. സാക്ഷാൽ ലയണൽ മെസിയെ വളർത്തിയ ലാ മാസിയ അക്കാഡമിയിലേക്ക് ഏഴാം വയസിൽ പ്രവേശനം. പിന്നെയെല്ലാം ബാഴ്സലോണയുടെയും ലാ ലിഗയുടെയും ചാംപ്യൻസ് ലീഗിന്‍റെയും സ്പാനിഷ് ഫുട്ബോളിന്‍റെയും യൂറോ കപ്പിന്‍റെയുമൊക്കെ ചരിത്രത്തിന്‍റെ ഭാഗം....
''രണ്ട് ഇതിഹാസങ്ങളുടെ തുടക്കം'' എന്ന അടിക്കുറിപ്പോടെയാണ്, കൈക്കുഞ്ഞായിരുന്ന യമാലിനെ മടിയിൽ വച്ചിരിക്കുന്ന ലയണൽ മെസിയുടെ ചിത്രം യമാലിന്‍റെ അച്ഛൻ മുനീർ നസ്റൂയി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇടങ്കാലിന്‍റെ കരുത്ത്, അവിശ്വസനീയ ഡ്രിബ്ളിങ്, അസാമാന്യ വേഗം, ഗോളവസരങ്ങൾ സൃഷ്ടിക്കാനും അർധാവസരങ്ങൾ പോലും മുതലാക്കാനുള്ള ശേഷി, സെൻട്രൽ ഫോർവേഡായും റൈറ്റ് വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാനുള്ള മികവ്... പറയുമ്പോൾ മെസിയെക്കുറിച്ചാണെന്നു തോന്നാമെങ്കിലും, ഇനിയതിലെല്ലാം യമാലിനു കൂടി അവകാശമുന്നയിക്കാം. യൂറോ കപ്പിൽ കെട്ടഴിച്ച കളി അവനെ അതിനു യോഗ്യനാക്കുന്നുണ്ട്.
യൂറോ കപ്പിന്‍റെ സെമി ഫൈനലിൽ ഫ്രാൻസിന്‍റെ ഗോളി മൈക്ക് മൈഗ്‌നനെ നിഷ്പ്രഭനാക്കിക്കൊണ്ട് അവന്‍റെ ലോങ് റേഞ്ചർ വളഞ്ഞിറങ്ങിയത് ഗോൾ പോസ്റ്റിന്‍റെ വലതുമൂലയിലേക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കായ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിലേക്കു കൂടിയായിരുന്നു....
ലാമിൻ യമാലിന്‍റെ റെക്കോഡുകൾ:
മേജർ അന്താരാഷ്‌ട്ര ടൂർണമെന്‍റിന്‍റെ (ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക) സെമി ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 1958ലെ ലോകകപ്പിൽ കളിക്കുമ്പോൾ 17 വർഷവും 244 ദിവസവും പ്രായമായിരുന്ന പെലെയുടെ റെക്കോഡ് പഴങ്കഥ. യൂറോ കപ്പ് സെമി കളിക്കുമ്പോൾ യമാലിന്‍റെ പ്രായം 16 വർഷവും 362 ദിവസവും മാത്രം.
മേജർ ടൂർണമെന്‍റിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ബ്രസീലിനു വേണ്ടി ആദ്യ ഗോളടിക്കുമ്പോൾ പെലെയ്ക്ക് 17 വർഷവും 239 വയസും പ്രായമായിരുന്നു.
ബാഴ്സലോണയ്ക്കു വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
ലാലിഗയിൽ (സ്പാനിഷ് ഫുട്ബോൾ ലീഗ്) ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരം.
ചാംപ്യൻസ് ലീഗ് കളിക്കുന്ന പ്രായം കുറഞ്ഞ ബാഴ്സ താരം.