ഇനിയും മാറുമോ ഇന്ത്യയുടെ ലോകകപ്പ് ടീം?

ടീമിൽ ഇടം നേടിയ ശേഷം പല താരങ്ങളുടെയും ഐഎപിൽ പ്രകടന നിലവാരം താഴേയ്ക്കു പോയി എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്
ഇനിയും മാറുമോ ഇന്ത്യയുടെ ലോകകപ്പ് ടീം?
Yuzvendra Chahal, Rinku Singh
Updated on

അടുത്ത മാസം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രാഥമിക ടീം പ്രഖ്യാപിക്കാൻ മേയ് 1 വരെയും ടീമിൽ മാറ്റം വരുത്താൻ മേയ് 25 വരെയുമാണ് ഐസിസി നൽകിയിരുന്ന സമയം. ഈ സാഹചര്യത്തിൽ, ഇന്ത്യൻ ടീമിൽ ഇനിയും മാറ്റം വരാമെന്ന രീതിയിൽ ചർച്ചകൾ സജീവമാണ്. ടീമിൽ ഇടം നേടിയ ശേഷം പല താരങ്ങളുടെയും പ്രകടന നിലവാരം ഐപിഎല്ലിൽ താഴേയ്ക്കു പോയി എന്നാണ് ഇതിനു പറയുന്ന കാരണം.

എന്നാൽ, ഇതെല്ലാം വെറും ഊഹാപോഹം മാത്രമാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. ഐപിഎൽ പ്രകടനം മാത്രം അടിസ്ഥാനമാക്കിയല്ല ലോകകപ്പ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. അതും ഒരു ഘടകമാണെന്നു മാത്രം. ഉദാഹരണത്തിന് യശസ്വി ജയ്സ്വാളിനെയും സൂര്യകുമാർ യാദവിനെയും മുഹമ്മദ് സിറാജിനെയും പോലുള്ളവർ ഐപിഎല്ലിൽ വരുടെ പീക്ക് ഫോമിൽ അല്ല. എന്നാൽ, ഐപിഎല്ലിനു മുൻപുള്ള അന്താരാഷ്‌ട്ര മത്സരങ്ങളിലെ പ്രകടനങ്ങൾ ഇവരുടെ തെരഞ്ഞെടുപ്പിന് അടിസ്ഥാനമായി. ജയ്സ്വാളിന്‍റെ കാര്യത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ പുലർത്തിയ സമീപനം പോലും സെലക്റ്റർമാരെ സ്വാധീനിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, ഐപിഎൽ പ്രകടനം മാത്രം വച്ച് പതിനഞ്ചംഗ ടീമിൽ ഇനിയൊരു അഴിച്ചുപണിക്ക് സാധ്യതയില്ല. ആർക്കെങ്കിലും പരുക്കേറ്റാൽ മാത്രമായിരിക്കും ടീമിൽ മാറ്റം വരുക. അതിന് ഐസിസിയുടെ അംഗീകാരവും ആവശ്യമാണെന്നിരിക്കെ, സമൂല മാറ്റത്തിനൊന്നും സെലക്റ്റർമാർ തയാറാകില്ല.

റിങ്കുവിന്‍റെ തലവര തെളിയുമോ?

ഐപിഎല്ലിനു മുൻപ് ലഭിച്ച അന്താരാഷ്‌ട്ര അവസരങ്ങളിലെല്ലാം മികവ് തെളിയിച്ച റിങ്കു സിങ് ലോകകപ്പ് ടീമിൽ ഉൾപ്പെടാത്തതാണ് ഏറ്റവും വിമർശനവിധേയമായ സെലക്ഷൻ തീരുമാനം. ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനു പകരം റിങ്കുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സെലക്റ്റർമാർക്ക് വലിയ പഴി കേൾക്കാതെ രക്ഷപെടാമായിരുന്നു. ലെഗ് സ്പിന്നർ ആണെന്നതു തന്നെയാണ് ചഹലിനുള്ള ആനുകൂല്യം. അതുവഴി ബൗളിങ് നിരയിൽ വൈവിധ്യം ലഭിക്കും. അങ്ങനെയെങ്കിൽ ഒരേ തരത്തിലുള്ള ബൗളർമാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ഒരുമിച്ച് ടീമിൽ വന്നതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. അവിടെയും ഇവരിലൊരാൾക്കു പകരം റിങ്കു മതിയായിരുന്നു എന്നതാണ് വിമർശകർ ഉയർത്തുന്ന വാദം.

എന്നാൽ, നാല് സ്പിന്നർമാർ ടീമിൽ വേണം എന്നത് ക്യാപ്റ്റൻ രോഹിത് ശർമയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്‍റെയും കൂട്ടായ ആവശ്യമായിരുന്നു എന്നാണ് രോഹിത് തന്നെ നൽകിയ സൂചന. ഈ ആവശ്യം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. രണ്ടിലധികം സ്പിന്നർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്ന പതിവ് അടുത്ത കാലത്തായി ഇന്ത്യക്കില്ല. എന്നാൽ, വെസ്റ്റിൻഡീസിലെയും യുഎസ്എയിലെയും പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്ത് മൂന്നു സ്പിന്നർമാരെ കളിപ്പിക്കുന്നതും പരിഗണനയിലുണ്ട്. അങ്ങനെയാണ് പതിനഞ്ചംഗ ടീമിൽ നാലു സ്പിന്നർമാർ വന്നതെന്നു വേണം കരുതാൻ. ജഡേജയെയും അക്ഷറിനെയും ലോവർ മിഡിൽ ഓർഡർ ബാറ്റർമാരായി തന്നെയാണ് കണക്കാക്കുന്നത്. ഹാർദിക് പാണ്ഡ്യയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ ഓൾറൗണ്ടർ റോളിൽ ഇവർ ഇരുവരും ഒരുമിച്ച് കളിച്ചാലും അദ്ഭുതപ്പെടാനില്ല. ചഹലിനെ കൂടാതെ കുൽദീപ് യാദവാണ് ടീമിലുള്ള സ്പെഷ്യലിസ്റ്റ് സ്പിന്നർ.

പേസ് ക്ഷാമം

മൂന്നു പേസ് ബൗളർമാരെ മാത്രമേ പതിനഞ്ചം ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നതാണ് മറ്റൊരു പ്രധാന പരാതി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ് എന്നിവരാണ് മൂന്നു പേർ. ഹാർദിക് ടീമിലുണ്ടെങ്കിൽ ഇതിൽ രണ്ടു പേർ മാത്രമായിരിക്കും പ്ലെയിങ് ഇലവനിലെത്തുക. സിറാജും അർഷ്‌ദീപും ഫോമിലുമല്ല. ഇടങ്കയ്യൻ പേസറെയാണ് വേണ്ടതെങ്കിൽ ഫോമിലുള്ള ഖലീൽ അഹമ്മദിനെയോ ടി. നടരാജനെയോ ഉൾപ്പെടുത്തമായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. ഖലീൽ ഇപ്പോൾ റിസർവ് പ്ലെയറാണ്. നടരാജൻ അതിലുമില്ല.

ഐപിഎല്ലിൽ ഇപ്പോൾ പർപ്പിൾ ക്യാപ്പ് കൈവശം വച്ചിരിക്കുന്നത് ഹർഷൽ പട്ടേൽ ആണെങ്കിലും, പരീക്ഷിച്ചു പരാജയപ്പെട്ട ബൗളർ എന്ന നിലയിൽ അദ്ദേഹത്തിനു വേണ്ടി കാര്യമായ മുറവിളികൾ ഉയരുന്നില്ല. എന്നാൽ, വേഗത്തിന്‍റെയും വേരിയേഷനുകളുടെയും കാര്യത്തിൽ ഹർഷലിനെ വെല്ലുന്ന സന്ദീപ് ശർമയെ ടീമിലെടുക്കാമായിരുന്നു എന്നു കരുതുന്നവർ ഏറെയാണ്. എന്നാൽ, പരുക്കല്ലാതെ മറ്റെന്തെങ്കിലും കാരണത്താൽ ഇവരാരെങ്കിലും പകരക്കാരായി ടീമിലെത്താൻ അദ്ഭുതങ്ങൾ തന്നെ സംഭവിക്കണം.

റിയാൻ പരാഗ്, ശശാങ്ക് സിങ്, അശുതോഷ് ശർമ തുടങ്ങി അന്താരാഷ്‌ട്ര പരിചയമില്ലാത്തവരെ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്‍റിൽ പരീക്ഷിക്കാനും സാധ്യത വിരളം.

Trending

No stories found.

Latest News

No stories found.