മെസി കേരളത്തിലേക്ക്, മത്സരം അടുത്ത വർഷം; സ്ഥിരീകരിച്ച് കായിക മന്ത്രി

ഇന്ത്യയും അർജന്‍റീനയും തമ്മിൽ റാങ്കിങ്ങിലുള്ള വ്യത്യാസം മുൻ നിർത്തി വിദേശ ടീമുമായായിരിക്കും അർജന്‍റീന മത്സരിക്കുക.
lionel messi and argentina team to visit kerala
മെസി കേരളത്തിലേക്ക്, മത്സരം അടുത്ത വർഷം; സ്ഥിരീകരിച്ച് കായിക മന്ത്രി
Updated on

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ. ലയണൽ മെസി അടക്കമുള്ള താരങ്ങളുമായാണ് ടീം എത്തുന്നത്. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത വർഷം മത്സരം നടക്കുമെന്നും കായിക മന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യയും അർജന്‍റീനയും തമ്മിൽ റാങ്കിങ്ങിലുള്ള വ്യത്യാസം മുൻ നിർത്തി വിദേശ ടീമുമായായിരിക്കും അർജന്‍റീന മത്സരിക്കുക.

കേരളം സന്ദർശിക്കുന്നതിന് അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ അനുമതി ലഭിച്ചു. വലിയ സാമ്പത്തിക ബാധ്യതുള്ള പരിപാടിയായതിനാൽ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്‍റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചർച്ച നടത്തി മത്സരം സംഘടിപ്പിക്കാൻ ആണ് നീക്കം. സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരം. ഒന്നര മാസത്തിനകം ടീം കേരളത്തിലെത്തും. പിന്നീട് സർക്കാരും അർജന്‍റീന ടീമും സംയുക്തമായി പ്രഖ്യാപനം നടത്തും. അർജന്‍റീനയാണ് ഔദ്യോഗികമായി തിയതി പ്രഖ്യാപിക്കേണ്ടത്. 50,000 കാണികളെ ഉൾക്കൊള്ളാവുന്ന സ്ഥലത്തായിരിക്കും മത്സരം. രണ്ട് മത്സരങ്ങൾ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതിനാൽ കൊച്ചിയെ പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സന്ദർശന ഫീസ് ഇനത്തിൽ നൽകേണ്ട വൻ തുകയും സൗകര്യങ്ങളൊരുക്കാൻ വേണ്ടിവരുന്ന ഭീമമായ ചെലവും അടക്കമുള്ള കാരണങ്ങൾ നിരത്തിഎഐഎഫ്എഫ് നേരത്തെ അർജന്‍റീനയെ ക്ഷണിക്കാൻ വിമുഖത കാണിച്ചിരുന്നത്.

അതേസമയം, ലോക ചാംപ്യൻമാരായ അർജന്‍റീനയെപ്പോലൊരു ടീം ഇന്ത്യൻ ടീമുമായി കളിച്ച് വലിയ മാർജിനിൽ തോൽപ്പിച്ചാൻ ദേശീയ ടീമിന്‍റെ ആത്മവിശ്വാസം തകരുമെന്ന വിലയിരുത്തലും എഐഎഫ്എഫ് നടത്തിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അർജന്‍റീന വന്നാൽ, ഗേറ്റ് കലക്ഷനും ടിവി സംപ്രേഷണാവകാശവും പരസ്യ വരുമാനമായി ലഭിക്കുന്ന തുകയും എല്ലാം ചേർത്ത് ചെലവ് വരുതിയിൽ നിർത്താമെന്നാണ് കേരളത്തിന്‍റെ കണക്കുകൂട്ടൽ.

ലോകകപ്പ് സമയത്തും മറ്റും കേരളത്തിൽ നിന്നു ലഭിച്ച വലിയ തോതിലുള്ള പിന്തുണയും ഇവിടേക്കു ടീമിനെ അയയ്ക്കാൻ അർജന്‍റീനയിലെ ഫുട്ബോൾ അധികൃതരെ പ്രേരിപ്പിച്ച ഘടകമായിട്ടുണ്ട്. കേരളത്തിൽ ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.