കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക ന്യൂസീലാൻഡ് മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയത്തോടെ ന്യൂസീലാൻഡ് സെമി ഫൈനൽ ബെർത്ത് ഏകദേശം ഉറപ്പാക്കിയ മട്ടിലാണ്. കണക്കുകൾ നോക്കിയാൽ പാകിസ്ഥാനും, അഫ്ഘാനും ഇനിയും സാധ്യതകൾ ഇല്ലാതില്ല. എന്നാൽ ഇപ്പോൾ പാകിസ്ഥാനെ ടീമിനെ ട്രോളി മുൻ നായകൻ വസീം അക്രം രംഗത്തെത്തിയിരിക്കുകയാണ്.
‘എ സ്പോർട്സ്’ ചാനലിനുവേണ്ടിയുള്ള ടോക് ഷോയിൽ സംസാരിക്കവെയാണ് രസകരമായ ട്രോൾ ചിരി പടർത്തിയത്. ‘കണക്ക് പ്രകാരം അതിപ്പോഴും സാധ്യമാണ്. പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യുകയും നല്ല റണ്‍സ് നേടുകയും വേണം. തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമിൽ 20 മിനിറ്റ് പൂട്ടിയിടുകയും ചെയ്യുക. ഇതോടെ അവരെല്ലാവരും ടൈംഡ് ഔട്ടാകും’, എന്നായിരുന്നു വസീം അക്രത്തിൻ്റെ ട്രോൾ. ഇത് കേട്ട മുൻ പാക് താരം മിസ്ബാഹുൽ ഹഖ് പറഞ്ഞത് ‘ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയും അതിനുശേഷം ഡ്രസ്സിങ് റൂമിൽ പൂട്ടുകയും ചെയ്യുക’ എന്നാലും പാകിസ്ഥാന് സെമിയിൽ കയറാം എന്നായിരുന്നു.
ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം. പാക്കിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് 0.398ല്‍നിന്ന് 0.743ലെത്തിച്ച കിവികള്‍ക്കെതിരേ കുറഞ്ഞത് 284 പന്തുകൾ അവശേഷിക്കേയോ അല്ലെങ്കിൽ 287 റണ്‍സിനോ പാക്കിസ്ഥാന് ജയിക്കേണ്ടിവരും സെമിയിലെത്താൻ.
മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍ ഇംഗ്ലണ്ട് 150 റണ്‍സ് നേടിയാല്‍ പാക്കിസ്ഥാന് 3.4 ഓവറില്‍ ലക്ഷ്യം മറികടക്കേണ്ടിവരും. അഫ്ഗാനിസ്ഥാന്റെ കാര്യമെടുത്താല്‍ ഇന്നത്തെ മത്സരത്തിൽ 438 റണ്‍സിന് ജയിച്ചാലേ അവര്‍ക്ക് സെമിയിലെത്താനാകൂ.