Rohit Sharma, Shubman Gill
രോഹിത് ശർമ, ശുഭ്മൻ ഗിൽ

ഓസ്ട്രേലിയയിൽ ഗില്ലിനു പകരം ടെസ്റ്റ് കളിക്കാൻ മലയാളി താരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് ഫസ്റ്റ് ചോയ്സ് താരങ്ങൾ ഉണ്ടാകില്ല

സ്പോർട്സ് ഡെസ്ക്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് ഫസ്റ്റ് ചോയ്സ് താരങ്ങൾ ഉണ്ടാകില്ല. രണ്ടാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ കുടുംബത്തിനൊപ്പമാണ്. ശുഭ്മൻ ഗിൽ പരുക്ക് കാരണം രണ്ടാഴ്ച വിശ്രമത്തിൽ. സർഫറാസ് ഖാന് ഓസ്ട്രേലിയയിലെ വേഗവും ബൗൺസുമുള്ള പിച്ചിൽ പിടിച്ചുനിൽക്കാനാവില്ലെന്നും വിലയിരുത്തിൽ.

ഈ സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുൽ ആയിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അടുത്ത കാലത്തായി മധ്യനിരയിലാണ് കളിക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിലെ സെഞ്ചുറി അടക്കം ഓപ്പണിങ് റോളിൽ മോശമല്ലാത്ത റെക്കോഡുള്ള ബാറ്ററാണ് രാഹുൽ. റിസർവ് ഓപ്പണറായി അഭിമന്യു ഈശ്വരൻ ടീമിലുണ്ടെങ്കിലും ഓസ്ട്രേലിയ എ ടീമിനെതിരായ പ്രകടനം മോശമായതിനാൽ പിന്തള്ളപ്പെടാനാണ് സാധ്യത.

ദേവദത്തിന് വൈൽഡ് കാർഡ് എൻട്രി

Devdutt Padikkal
ദേവദത്ത് പടിക്കൽ

മൂന്നാം നമ്പറിലോ, അല്ലെങ്കിൽ രോഹിതിനു പകരം ഓപ്പണറായോ പരിഗണിക്കാൻ സാധിക്കുമായിരുന്ന താരമാണ് ശുഭ്മൻ ഗിൽ. അദ്ദേഹത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം തന്നെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഓപ്പണിങ് റോളിലായിരുന്നു. എന്നാൽ, അപ്രതീക്ഷിത പരുക്ക് കാരണം കാര്യങ്ങളൊക്കെ കുഴഞ്ഞു മറിഞ്ഞു. രോഹിതന്‍റെ അഭാവം നേരത്തെ അറിയാമായിരുന്നതിനാൽ അക്കാര്യത്തിൽ ടീം മാനെജ്മെന്‍റിന് പ്ലാൻ ബി ഉണ്ടായിരുന്നു. എന്നാൽ, ഗില്ലിന്‍റെ കാര്യം അങ്ങനെയല്ല. ഈ സാഹചര്യത്തിലാണ് കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലിനു നറുക്ക് വീഴാൻ സാധ്യത തെളിയുന്നത്.

ആദ്യം പ്രഖ്യാപിച്ച ടെസ്റ്റ് ടീമിൽ അംഗമായിരുന്നില്ല ദേവദത്ത്. പക്ഷേ, ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയിൽ എത്തിയ ഇടങ്കയ്യൻ ബാറ്ററോട് സീനിയർ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാൻ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉയരവും ഇടങ്കയ്യനായതും അനുകൂല ഘടകങ്ങളാണ്. ഇതാണ് ഋതുരാജ് ഗെയ്ക്ക്വാദിനു മേൽ പരിഗണന ലഭിക്കാനും കാരണം. മറ്റൊരു ഇടങ്കയ്യൻ ഓപ്ഷനായിരുന്ന സായ് സുദർശനും ഫോമിലായിരുന്നെങ്കിലും, കൂടുതൽ പരിചയസമ്പത്ത് ദേവദത്തിനായതിനാൽ ആദ്യം അവസരം നൽകുകയായിരുന്നു.

ആറാം നമ്പറിൽ ജുറൽ

Dhruv Jurel
ധ്രുവ് ജുറൽ

നാലും അഞ്ചും സ്ഥാനങ്ങളിൽ വിരാട് കോലിയും ഋഷഭ് പന്തും കളിക്കും. രാഹുലോ സർഫറാസ് ഖാനോ കൈകാര്യം ചെയ്തിരുന്ന ആറാം നമ്പറാണ് അടുത്ത തലവേദന. രാഹുൽ ഓപ്പണറാകുമ്പോൾ സർഫറാസിനു തന്നെയാണ് ആദ്യ പരിഗണന ലഭിക്കേണ്ടത്. എന്നാൽ, ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ പരിശീലനം നടത്തിയപ്പോൾ അദ്ദേഹത്തിന് ബൗൺസിനു മുന്നിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ട് നേരിട്ടതായാണ് സൂചന. അതിനാൽ റിസർവ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ആറാം നമ്പറിൽ ഇറക്കാൻ സാധ്യതയുണ്ട്.

ഇന്ത്യ എ ടീമിനു വേണ്ടി രണ്ടാം ടെസ്റ്റിന്‍റെ രണ്ടിന്നിങ്സിലും അർധ സെഞ്ചുറി നേടിയ ജുറൽ, ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്ററാണ്. പരിശീലനത്തിനും വേഗവും ബൗൺസുമേറിയ പന്തുകളെ കൃത്യമായി മെരുക്കാൻ ജുറലിനു സാധിച്ചിരുന്നു.

നിതീഷ് റെഡ്ഡിക്ക് അരങ്ങേറ്റം?

ഇന്ത്യൻ വിക്കറ്റുകളിൽ ആർ. അശ്വിനോ രവീന്ദ്ര ജഡേജയോ ഏറ്റവുമൊടുവിൽ വാഷിങ്ടൺ സുന്ദറോ ഒക്കെ കൈകാര്യം ചെയ്യുന്ന ഏഴ്, എട്ട് സ്പോട്ടുകളിലും ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ മാറ്റം വരും. ഈ മൂന്നു പേരിൽ ഒറ്റ സ്പിന്നറായിരിക്കും ഫസ്റ്റ് ഇലവനിലെത്തുക. അത് അശ്വിനാകാനാണ് സാധ്യത. അതിനാൽ പേസ് ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ നിതീഷ് കുമാർ റെഡ്ഡിയുടെ ടെസ്റ്റ് അരങ്ങേറ്റത്തിനു സാധ്യത ഏറെയാണ്.

ഇന്ത്യയുടെ ബൗളിങ് കോച്ച് മോണി മോർക്കൽ പരിശീലനത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും റെഡ്ഡിക്കൊപ്പം തന്നെ. പ്രോപ്പർ ഫാസ്റ്റ് ബൗളർക്കു വേണ്ട റണ്ണപ്പും ആക്ഷനും എല്ലാമുണ്ടെങ്കിലും, അതിനൊത്ത വേഗം റെഡ്ഡിയുടെ പന്തുകൾക്കില്ല. ഈ പോരായ്മയെ കൃത്യത കൊണ്ട് മറികടക്കാനുള്ള പരിശീലനമാണ് മോർക്കൽ നൽകിവരുന്നത്. നാലാം സ്റ്റമ്പ് ലക്ഷ്യമിട്ട് മാത്രം പന്തെറിയാനാണ് നിർദേശം. അധികം റൺസ് വഴങ്ങാതെ 10-15 ഓവർ എറിയാൻ റെഡ്ഡിക്കു സാധിക്കുമെങ്കിൽ പ്രധാന പേസ് ബൗളർമാരെ കൂടുതൽ ഫലപ്രദമായി റൊട്ടേറ്റ് ചെയ്യാൻ സാധിക്കും.

റെഡ്ഡിയിൽ വിശ്വാസമർപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ അശ്വിൻ - ജഡേജ സഖ്യമോ, അല്ലെങ്കിൽ അവരിൽ ഒരാൾക്കു പകരം വാഷിങ്ടൺ സുന്ദറോ കളിക്കും.

ഹർഷിത് റാണയോ പ്രസിദ്ധ് കൃഷ്ണയോ

Harshit Rana
ഹർഷിത് റാണ

രോഹിതിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുന്ന ജസ്പ്രീത് ബുംറ തന്നെയാണ് പേസ് ബൗളിങ് നിരയെയും നയിക്കുക. കൂടെ ന്യൂബോളെടുക്കാൻ പ്രഥമ പരിഗണന മുഹമ്മദ് സിറാജിനു തന്നെ. എന്നാൽ, പരിശീലന സമയത്ത് ഹർഷിത് റാണയും എ ടീം ടെസ്റ്റുകളിൽ പ്രസിദ്ധ് കൃഷ്ണയും പുലർത്തിയ മികവ് കണക്കിലെടുക്കുമ്പോൾ മൂന്നാം പേസറുടെ സ്ഥാനം ആകാശ് ദീപിനു നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഹർഷിത് റാണയുടെ ബാറ്റിങ് മികവും പരിഗണിക്കപ്പെടാം.

സാധ്യതാ ഇലവൻ

  1. യശസ്വി ജയ്സ്വാൾ

  2. കെ.എൽ. രാഹുൽ

  3. ദേവദത്ത് പടിക്കൽ

  4. വിരാട് കോലി

  5. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)

  6. ധ്രുവ് ജുറൽ

  7. നിതീഷ് കുമാർ റെഡ്ഡി

  8. ആർ. അശ്വിൻ

  9. ഹർഷിത് റാണ

  10. മുഹമ്മദ് സിറാജ്

  11. ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ).

Trending

No stories found.

Latest News

No stories found.