ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിതയ്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പ് നാലാം റൗണ്ടില്‍. മൂന്നാം റൗണ്ട് മത്സരത്തില്‍ ഇഎഫ്എല്‍ ലീഗ് 1 ക്ലബ് വിഗന്‍ അത്ലറ്റിക്കിനെയാണ് ചെകുത്താന്മാര് തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്റെ വിജയം.
ഡിയോഗോ ഡലോട്ടും ബ്രൂണോ ഫെര്‍ണാണ്ടസുമാണ് മത്സരത്തില്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ തോല്‍വികളില്‍ വലയുന്ന ടീമിന് ആശ്വാസമാണ് ഈ ജയം. വിഗന്‍ അത്ലറ്റിക്കിന്റെ തട്ടകമായ ഡി ഡബ്ല്യു സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം.
4-2-3-1 ശൈലിയിലാണ് ഇരു ടീമുകളും മത്സരത്തിന് ഇറങ്ങിയത്. യുണൈറ്റഡിനായി റാഷ്ഫോര്‍ഡും അലജാന്‍ഡ്രോ ഗര്‍നാച്ചോയും വിങ്ങുകളില്‍ അണിനിരന്നപ്പോള്‍ റാസ്മസ് ഹോയ്ലണ്ടായിരുന്നു ഏക സ്ട്രൈക്കര്‍.
ഡി ഡബ്ല്യു സ്റ്റേഡിയത്തില്‍ ആതിഥേയരായ വിഗന്‍ അത്ലറ്റിക്കിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ ഗോളിനരികില്‍ അവര്‍ എത്തിയെങ്കിലും യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാന അവിടെ സന്ദര്‍ശകരുടെ മാലാഖയായി മാറുകയായിരുന്നു. വിഗന്‍ വിങ്ങര്‍ ക്ലെയറിന്റെ ഷോട്ടായിരുന്നു യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തിയത്.
പിന്നീട്, യുണൈറ്റഡ് വിഗന്‍ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. പല അവസരങ്ങളും ഗോളാക്കി മാറ്റുന്നതില്‍ യുണൈറ്റഡ് താരങ്ങള്‍ പരാജയപ്പെട്ടു. ഒടുവില്‍, മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് അവര്‍ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. റാഷ്ഫോര്‍ഡിന്റെ അസിസ്റ്റില്‍ ബോക്സിന് പുറത്തുനിന്നും പ്രതിരോധനിര താരം ഡലോട്ട് പന്ത് വിഗന്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ പിന്നീടും നിരവധി അവസരങ്ങള്‍ യുണൈറ്റഡ് സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് എത്താന്‍ അവര്‍ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു യുണൈറ്റഡ് ലീഡ് ഉയര്‍ത്തുന്നത്. 74-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ആയിരുന്നു ഗോള്‍ നേടിയത്.
മത്സരത്തില്‍ 33 ഷോട്ടുകളായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിഗന്‍ അത്ലറ്റിക്ക് ഗോള്‍മുഖം ലക്ഷ്യമാക്കി പായിച്ചത്. അതില്‍ 14 എണ്ണം ഓണ്‍ ടാര്‍ഗറ്റ് ഷോട്ടായെങ്കിലും രണ്ട് ഗോളുകള്‍ മാത്രമായിരുന്നു അവരുടെ അക്കൗണ്ടിലേക്ക് എത്തിയത്. മറുവശത്ത് 9 ഷോട്ട് മാത്രമായിരുന്നു വിഗന്‍ അത്ലറ്റിക്കിന് യുണൈറ്റഡ് ഗോള്‍മുഖത്തേക്ക് ഉതിര്‍ക്കാന്‍ കഴിഞ്ഞത്.