ഹൈദരാബാദിനെ അവസാനക്കാരാക്കി മുംബൈ

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്
ഹൈദരാബാദിനെ അവസാനക്കാരാക്കി മുംബൈ
Updated on

മുംബൈ: ഐപിഎൽ പോയിന്‍റ് പട്ടികയിൽ സൺറൈസേഴ്സിന് ഹൈദരാബാദിന് അവസാന സ്ഥാനം ഉറപ്പിച്ച് മുംബൈയുടെ വിജയം. പ്ലേ ഓഫിനു സാങ്കേതികമായ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്. എന്നാൽ, ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽക്കുകയോ മത്സരം മഴ മുടക്കുകയോ ചെയ്താൽ മാത്രമേ മുംബൈക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനാവൂ.

ഹൈദരാബാദിനെതിരേ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ കാമറൂൺ ഗ്രീനിന്‍റെ സെഞ്ചുറി മികവിൽ, 18 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. ഇഷാൻ കിഷൻ (14) വേഗത്തിൽ പുറത്തായെങ്കിലും ഫോം വീണ്ടെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്രീനിനെ കൂട്ടുപിടിച്ച് ടീമിന്‍റെ ജയത്തിന് ആവശ്യമായ അടിത്തറയിട്ടു.

37 പന്തിൽ 56 റൺസെടുത്ത രോഹിത് പതിമൂന്നാം ഓവറിൽ പുറത്താകുമ്പോൾ മുംബൈയുടെ സ്കോർ 148 റൺസിലെത്തിയിരുന്നു. തുടർന്നെത്തിയ സൂര്യകുമാർ യാദവ് ആളിക്കത്തിയപ്പോൾ സൺറൈസേഴ്സ് ബൗളർമാർക്ക് മറുപടിയില്ലാതായി. ഗ്രീൻ 47 പന്തിൽ എട്ടു സിക്സും എട്ടു ഫോറും സഹിതം 100 റൺസെടുത്തു പുറത്താകാതെ നിന്നു. 16 പന്തിൽ 25 റൺസാണ് സൂര്യയുടെ അപരാജിത ഇന്നിങ്സിൽ പിറന്നത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനു പതിവില്ലാതെ മികച്ച തുടക്കമാണ് കിട്ടിയത്. മുൻ ഇന്ത്യൻ താരം മായങ്ക് അഗർവാൾ യുവതാരം വിവ്രാന്ത് ശർമയ്‌ക്കൊപ്പം ഓപ്പണിങ്ങ് വിക്കറ്റിൽ പതിനാലോവറിൽ 140 റൺസ് ചേർത്തു.

47 പന്തിൽ ഒമ്പത് ഫോറും രണ്ടു സിക്സും സഹിതം 69 റൺസെടുത്ത വിവ്രാന്താണ് ആദ്യം പുറത്തായത്. ഇതിനു ശേഷം മായങ്ക് ടോപ് ഗിയറിലേക്കു മാറുകയായിരുന്നു. 46 പന്തിൽ എട്ട് ഫോറും നാലു സിക്സും സഹിതം 83 റൺസെടുത്ത മായങ്ക് പതിനെട്ടാം ഓവറിൽ പുറത്തായത് സൺറൈസേഴ്സിന്‍റെ റൺ നിരക്കിനെ ബാധിച്ചു. ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സിനും (4 പന്തിൽ 1) കാര്യമായൊന്നും ചെയ്യാനായില്ല.

മൂന്നാം നമ്പറിലേക്കു പ്രൊമോഷൻ കിട്ടിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനും (13 പന്തിൽ 18) ഹാരി ബ്രൂക്കും (1) ആകാശ് മധ്‌വാളിന്‍റെ അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ 220 കടക്കുമെന്നു തോന്നിച്ച സ്കോർ മെല്ലെപ്പോക്കായി. മധ്‌വാൾ ആകെ നാലോവറിൽ 36 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.

Trending

No stories found.

Latest News

No stories found.