ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റാണ് ബെസ്റ്റ് ക്രിക്കറ്റ് എന്നാണ് ഇംഗ്ലണ്ടിന്‍റെ ഓൾറൗണ്ടർ മൊയീൻ അലിയുടെ അഭിപ്രായം. പക്ഷേ, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ താൻ ഉണ്ടായിരിക്കില്ലെന്നും മൊയീൻ വ്യക്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചാം മത്സരമായിരുന്നു തന്‍റെ ടെസ്റ്റ് കരിയറിലെ അവസാന മത്സരമെന്നാണ് പ്രഖ്യാപനം. ഫലത്തിൽ, ടെസ്റ്റ് മത്സരങ്ങളിൽ നിന്നുള്ള വിരമിക്കൽ തന്നെ.
ഇംഗ്ലണ്ടിനു വേണ്ടി 68 ടെസ്റ്റ് കളിച്ച മൊയീൻ അലി അഞ്ച് സെഞ്ചുറിയും 15 അർധസെഞ്ചുറിയും അടക്കം 3,094 റൺസെടുത്തിട്ടുണ്ട്. ഓഫ് സ്പിന്നിലൂടെ 204 വിക്കറ്റും സ്വന്തമാക്കി.
ഇതിലും നല്ല നിലയിൽ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ കഴിയുമായിരുന്നെന്നു തോന്നിയിട്ടുണ്ടെങ്കിലും, തനിക്കു നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ റിട്ടയർമെന്‍റ് പ്രഖ്യാപിച്ചിരുന്ന സ്റ്റ്യുവർട്ട് ബ്രോഡിനൊപ്പം മൊയീനും ചേർന്നാണ് ആഷസിലെ അവസാന ടെസ്റ്റിനു ശേഷം ഇംഗ്ലണ്ട് ടീമിനെ പുറത്തേക്കു നയിച്ചത്.
അതേസമയം, മുപ്പത്താറുകാരന് ക്രിക്കറ്റിൽ നിന്നു പൂർണമായി മാറിനിൽക്കാൻ ഉദ്ദേശ്യമില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരാനാണ് തീരുമാനം. ട്വന്‍റി20 ലീഗുകൾ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും മൊയീൻ പറഞ്ഞു.
ഐപിഎൽ ഉൾപ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ മികച്ച റെക്കോഡാണ് മൊയീൻ അലിക്കുള്ളത്.