ഇന്ത്യയുടെ വെറ്ററൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിരിച്ചുവരവിനൊരുങ്ങുന്നു. നെറ്റ് പ്രാക്റ്റീസ് നടത്തുന്നതിന്‍റെ ചിത്രങ്ങൾ ഷമി തന്നെയാണ് പുറത്തുവിട്ടത്. ''കൈയിൽ പന്ത്, നെഞ്ചിൽ ക്രിക്കറ്റ് അഭിനിവേശം'' എന്നർഥം വരുന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ.
ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഷമി ഇതിനു മുൻപ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 2023 നവംബറിൽ ഓസ്ട്രേലിയക്കെതിരായ ഫൈനലിലായിരുന്നു അത്. ലോകകപ്പിൽ ഏഴു മത്സരങ്ങൾ മാത്രം കളിച്ച ഷമി 24 വിക്കറ്റും നേടിയിരുന്നു. ന്യൂസിലൻഡിനെതിരേ സെമി ഫൈനലിൽ ഏഴ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
വേദന സഹിച്ച് ലോകകപ്പ് കളിച്ച ഷമി, ടൂർണമെന്‍റിനു ശേഷം കാൽപാദത്തിലെ പരുക്കിനുള്ള ചികിത്സയ്ക്കും സർജറിക്കുമായി ഇടവേളയെടുത്തു. ഇതിനിടെ ഐപിഎല്ലും ട്വന്‍റി20 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ പരമ്പരകളും ഷമിക്കു നഷ്ടമായി.
188 അന്താരാഷ്‌ട്ര മത്സരങ്ങളിൽ 448 വിക്കറ്റ് നേടിയ ഷമിയുടെ അടുത്ത ലക്ഷ്യം ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവാണെന്നാണ് സൂചന. ചുവന്ന പന്തുമായാണ് പരിശീലനം നടത്തുന്നത്.