ഇന്ത്യൻ ടീമിലെ 'അരങ്ങ് കാണാത്ത നടൻ'
മൃഗയയിൽ മമ്മൂട്ടിയുടെ വാറുണ്ണിക്കൊപ്പം തലയെടുപ്പോടെ നിന്ന ഒരു കഥാപാത്രമുണ്ടായിരുന്നു, സുനിതയുടെ ഭാഗ്യലക്ഷ്മി. സിനിമയ്ക്കു തിരക്കഥയെഴുതിയെ എ.കെ. ലോഹിതദാസിന്‍റെ ഭാഷയിൽ, കടുകു പൊട്ടിത്തെറിക്കുന്ന പോലൊരു പെണ്ണ്. എന്നാൽ, ഈ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോനിഷയെയായിരുന്നത്രെ. ദേശീയ പുരസ്കാരം വരെ നേടിയ മോനിഷയുടെ അഭിനയ മികവിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, കടുകു പൊട്ടിത്തെറിച്ച ഭാഗ്യലക്ഷ്മിയാകാൻ മോനിഷ പോരെന്ന ബോധ്യത്തിൽ, പകരം സുനിതയെ കൊണ്ടുവരുകയായിരുന്നു. ഇതിനു പ്രായശ്ചിത്തമായി മോനിഷയ്ക്കു ലോഹി കൊടുത്ത കഥാപാത്രമായിരുന്നു കമലദളത്തിലെ മാളവിക നങ്ങ്യാർ എന്നാണ് കഥ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ രാഹുൽ ദ്രാവിഡ് ഒരു സംവിധായകനാണെങ്കിൽ, ദ്രാവിഡിന്‍റെ 70 എംഎം ലോകകപ്പ് ഫ്രെയിമിൽ ഇതുവരെ ഉൾക്കൊള്ളിക്കാൻ കഴിയാതിരിക്കുന്ന ഒരു സൂപ്പർ താരമുണ്ട് ഇന്ത്യൻ ടീമിൽ- പേര് മുഹമ്മദ് ഷമി. ഇന്നു ലോകത്തെ ഏറ്റവും മികച്ച പത്ത് ഫാസ്റ്റ് ബൗളർമാരുടെ ലിസ്റ്റെടുത്താൽ അതിൽ ഷമിയുണ്ടാകും. പക്ഷേ, ദ്രാവിഡിന്‍റെയും രോഹിത്തിന്‍റെയും മൃഗയയിൽ ഷമിക്കു പറ്റിയ റോളില്ല.
ലോകകപ്പിനു തൊട്ടു മുൻപ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം വരെ നടത്തിയതാണ് ഷമി. പക്ഷേ, ലോകകപ്പിൽ ഇന്ത്യ കളിച്ച മൂന്നു കളിയും ആധികാരികമായിത്തന്നെ ജയിച്ചു കയറുമ്പോൾ അയാൾ റിസർവ് ബെഞ്ചിലായിരുന്നു. ഇന്ത്യ അടുത്ത ഘട്ടത്തിലേക്കുള്ള പ്രൊമോഷൻ ഉറപ്പിക്കുന്നതു വരെ ആ സ്റ്റാറ്റസിൽ മാറ്റവും പ്രതീക്ഷിക്കാനാവില്ല.
മൂന്നാം സീമറുടെ റോൾ ഹാർദിക് പാണ്ഡ്യ ഇതുവരെ ഭംഗിയാക്കിയിട്ടുണ്ട്. ആറാം നമ്പറിൽ അതിലും നല്ലൊരു ബാറ്ററെയും ഇപ്പോൾ കിട്ടാനില്ല. രണ്ടു മത്സരങ്ങൾക്കിറങ്ങിയ നാലാം പേസർ ശാർദൂൽ ഠാക്കൂർ ഇതുവരെ ആകെ എറിഞ്ഞത് എട്ടോവറാണ്. ചെന്നൈയിലേതു പോലുള്ള സ്പിൻ വിക്കറ്റുകളിൽ ശാർദൂലിനു പകരം ആർ. അശ്വിനും കളിക്കും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും തന്നെ മുൻഗണന.
ഇതുവരെ ജയിച്ചുപോന്നതുകൊണ്ടു മാത്രമാണ് ഷമിയെപ്പോലൊരു ലോകോത്തര ബൗളറെ പുറത്തിരുന്ന ഇന്ത്യൻ തന്ത്രത്തിനുള്ള വിമർശനങ്ങൾക്ക് ശക്തി കിട്ടാത്തത്. പക്ഷേ, 2019 ലോകകപ്പിൽ നിന്നു വ്യത്യസ്തമായി, ഈ ടീമിൽ ഓരോ കളിക്കാർക്കും വ്യക്തമായ റോളുകളുണ്ട്. ബാറ്റിങ് നിര നോക്കിയാൽ ഇതു കൂടുതൽ വ്യക്തമായി മനസിലാക്കാം. 2019 ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പറിൽ കസേര കളിയായിരുന്നെങ്കിൽ, ഇത്തവണ പരുക്കേറ്റാലല്ലാതെ ശ്രേയസ് അയ്യരെ മാറ്റില്ലെന്ന് ലോകകപ്പ് തുടങ്ങും മുൻപു തന്നെ ഉറപ്പായിരുന്നു. അതുപോലെ തന്നെയാണ്, അഞ്ചാം നമ്പറിലേക്ക് കെ.എൽ. രാഹുലിന്‍റെ വരവിനു വേണ്ടി അവസാന നിമിഷം വരെ കാക്കാൻ ടീം മാനെജ്മെന്‍റ് സന്നദ്ധമായത്. എക്സ് ഫാക്റ്റർ പ്ലെയർ എന്ന വിശേഷണമുണ്ടായിട്ടും, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ അതിന്‍റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചിട്ടും സൂര്യകുമാർ യാദവിനെ അവരിൽ ആരുടെയെങ്കിലും സ്ഥാനത്തേക്കു വിളിക്കുക എന്ന പതിനൊന്നാം മണിക്കൂർ പരീക്ഷണത്തിനു ദ്രാവിഡ് തയാറായില്ല.
ആദ്യ മൂന്നു പേരുടെ കാര്യത്തിൽ മുൻപും ഇപ്പോഴും സംശയത്തിനു സ്ഥാനമില്ല. ശുഭ്‌മൻ ഗില്ലിനു പനി പിടിച്ചുതുകൊണ്ടു മാത്രം ഇഷാൻ കിഷൻ ആ റോളിലേക്കു വന്നു എന്നു മാത്രം. ക്യാപ്റ്റൻ രോഹിത് ശർമ പുതിയ ടെംപ്ലേറ്റിൽ കൂടുതൽ അപകടകാരിയായി മുന്നിൽ നിന്നു നയിക്കുന്നു. മൂന്നാം നമ്പറിൽ നങ്കൂരമിടാൻ സാക്ഷാൽ വിരാട് കോലിയുമുണ്ട്.
വാലറ്റത്തിന് ബാറ്റിങ് കരുത്ത് നൽകുക എന്ന ലക്ഷ്യമാണ്, ഏറെ വിമർശിക്കപ്പെടുന്ന, ശാർദൂലിന്‍റെ സാന്നിധ്യത്തിനു പിന്നിൽ. എന്നാൽ, അത്ര താഴത്തേക്കൊന്നും ബാറ്റ് ചെയ്യേണ്ട അവസ്ഥ ഇന്ത്യക്ക് ഇതുവരെ വന്നില്ല. ബാറ്റർമാരെല്ലാം ഫോമിലായ സാഹചര്യത്തിൽ ശാർദൂലിനു പകരം എന്തുകൊണ്ട് ഷമിയെ ടീമിലെടുത്തു കൂടാ എന്നതാണ് ചോദ്യം. അങ്ങനെയൊരു പദ്ധതി ഇന്ത്യൻ ടീം തിങ്ക് ടാങ്കിനു തത്കാലം ഇല്ല എന്ന് ഉത്തരം.
ഓരോ പന്തിക്കും പറ്റിയ കുതിരകൾ എന്ന രീതിയിലാണ് ഈ ടീമിന്‍റെ തന്ത്രങ്ങൾ. അതുകൊണ്ടാണ് സ്പിൻ ട്രാക്കിൽ അശ്വിനും ഫ്ലാറ്റ് ട്രാക്കുകളിൽ ശാർദൂലും കളിച്ചത്. ഇതുവരെ ഗില്ലിന്‍റെ പകരക്കാരനെ മാത്രമാണ് നമ്മൾ കണ്ടത്- ഇഷാൻ കിഷന്‍റെ രൂപത്തിൽ. രാഹുലിനു പകരക്കാരൻ വേണ്ടിവന്നാലും കിഷൻ തന്നെയായിരിക്കും. ശ്രേയസിനു പകരമാണെങ്കിൽ സൂര്യ. സിറാജിനോ ബുംറയ്ക്കോ പകരക്കാരൻ വേണ്ടിവന്നാൽ മാത്രം ഷമി.
യഥാർഥത്തിൽ ഹാർദിക് പാണ്ഡ്യയെ അഞ്ചോ ആറോ ഓവർ എറിയുന്ന പാർട്ട് ടൈം ബൗളറായാണ് ഈ സ്ട്രാറ്റജിയിൽ പരിഗണിച്ചിരിക്കുന്നത്. ആറാം നമ്പർ ബാറ്റർ എന്നതാണ് പ്രൈമറി റോൾ. എല്ലാ മത്സരങ്ങളിലും പത്തോവർ എറിയാനുള്ള ശാരീരിക ക്ഷമത ഹാർദിക്കിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. യഥാർഥത്തിൽ ഹാർദിക്കിനെ സമ്പൂർണ പേസ് ബൗളിങ് ഓൾറൗണ്ടറായി കണക്കാക്കിയിരുന്നെങ്കിൽ, ശാർദൂലിനു പകരം ഷമിയല്ല, ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററാണ് ടീമിൽ വരുമായിരുന്നത്. 2011 ലോകകപ്പിൽ യുവരാജ് സിങ് കൈകാര്യം ചെയ്തതു പോലൊരു ബാറ്റിങ് ഓൾറൗണ്ടർ റോളാണ് ഇപ്പോൾ ഹാർദിക്കിനുള്ളത്.
സച്ചിൻ ടെൻഡുൽക്കറെയും സുരേഷ് റെയ്നയെയും വീരേന്ദർ സെവാഗിനെയും ഒക്കെപ്പോലെയുള്ള എഫക്റ്റീവായ പാർട്ട് ടൈം ബൗളർമാർ ടീമിലില്ല എന്നതാണ് ഇപ്പോഴത്തെ ടീമിന്‍റെ ഏറ്റവും വലിയ പോരായ്മ, അല്ലെങ്കിൽ ഒരേയൊരു പോരായ്മ. അതു മുതലെടുക്കാൻ എതിരാളികൾക്ക് ഇതുവരെ കഴിയാതിരുന്നത്, ഹാർദിക് ഉൾപ്പെടെ ആറു ബൗളർമാരെ കളിപ്പിക്കുന്നതുകൊണ്ടാണ്. ഒമ്പതും പത്തും നമ്പർ വരെയൊക്കെ ബാറ്റ് ചെയ്യാൻ ശേഷിയുള്ളവർ കളിക്കുന്ന ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്‍റെയും ദക്ഷിണാഫ്രിക്കയുടെയും ഇംഗ്ലണ്ടിന്‍റെയുമൊക്കെ മുന്നിൽ നമുക്ക് തത്കാലം ശാർദൂലിനെയും അശ്വിനെയുമൊക്കെ വച്ചു തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ഹാർദിക് എന്ന ശക്തമായ ബൗളിങ് ബാക്കപ്പ് ടീമിലുള്ള സാഹചര്യത്തിൽ, എട്ടാം നമ്പർ ബാറ്റിങ് പൊസിഷൻ ടീമിന്‍റെ വീക്ക് ലിങ്ക് ആകാതിരിക്കുക എന്നതിലായിരിക്കും കൂടുതൽ ശ്രദ്ധ.
എന്നുവച്ച് മുഹമ്മദ് ഷമിയുടെ കമലദളം എപ്പോഴെങ്കിലും റിലീസായിക്കൂടെന്നുമില്ല, അതൊരുപക്ഷേ സെമി ഫൈനലോ ഫൈനലോ ഒക്കെയായാലും അദ്ഭുതപ്പെടാനുമില്ല.
* അരങ്ങ് കാണാത്ത നടൻ - തിക്കോടിയന്‍റെ ആത്മകഥയുടെ പേര്