രോഹിത് ശർമയും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും... ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നാലു പ്രമുഖർ ഒരുമിച്ച് അണിനിരന്ന മുംബൈ ഇന്ത്യൻസ് ടീം. ഈ സീസൺ തുടങ്ങുമ്പോൾ അവർ പ്ലേഓഫ് കളിക്കില്ലെന്ന് കടുത്ത വിരോധികൾ പോലും കരുതിക്കാണില്ല. പക്ഷേ, ഇത്തവണ പ്ലേഓഫ് കാണാതെ ആദ്യം പുറത്തായ ടീം മുംബൈ ആയിരുന്നു. ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് നാലു വർഷമായി നീളുന്നു. 2013ൽ ആദ്യ കിരീടം നേടിയ ശേഷം ഇത്രയും ദൈർഘ്യമേറിയ കിരീട വരൾച്ച മുംബൈക്ക് ഇതാദ്യം.
സീസൺ തുടങ്ങും മുൻപ് ഗുജറാത്ത് ടൈറ്റൻസുമായും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായും പ്ലെയർ ട്രേഡിങ് നടത്തി, കാമറൂൺ ഗ്രീനിനെ ഒഴിവാക്കുകയും ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുകയും ചെയ്ത മുംബൈ മാനേജ്മെന്‍റ് നീക്കം വമ്പൻ കോർപ്പറേറ്റ് തന്ത്രമായി വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, രോഹിതിനെ മാറ്റി ഹാർദികിനെ ക്യാപ്റ്റനായി അവരോധിച്ച തീരുമാനം പല കടുത്ത മുംബൈ ആരാധകർക്കു പോലും ദഹിച്ചില്ല. സീസണിൽ നല്ലൊരു തുടക്കം കിട്ടിയെങ്കിൽ സ്വാഭാവികമായി മാഞ്ഞുപോകാമായിരുന്ന ആ അതൃപ്തി പക്ഷേ, തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ വളരുകയാണു ചെയ്തത്.
സീസണിലെ മുംബൈയുടെ നിരാശാജനകമായ പ്രകടനത്തിനു പിന്നിലുള്ള വിവിധ കാരണങ്ങൾ വിശധമായി പരിശോധിക്കാം:
2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ നമ്പർ വൺ പേസ് ബൗളിങ് ഓൾറൗണ്ടറാക്കി വളർത്തിയതും, അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കാലുറപ്പിക്കാൻ സഹായിച്ചതും. 2022ൽ ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽ ചാംപ്യൻമാരാക്കിയ ക്യാപ്റ്റൻ. 2023ൽ ജിടി റണ്ണറപ്പുകളുമായി. നേതൃമികവിനൊപ്പം, ആ രണ്ടു സീസണുകളിലായി 833 റൺസും 11 വിക്കറ്റും നേടിയ ഹാർദിക് ഓൾറൗണ്ട് മികവും പ്രകടമാക്കി.
എന്നാൽ, ഇത്തവണ അഹമ്മദാബാദിലെയും മുംബൈയിലെയും കാണികൾ ഒരുപോലെ ഹാർദികിനെ കൂക്കിവിളിച്ചു. 13 മത്സരങ്ങളിൽ 200 റൺസാണെടുത്തത്, ഉയർന്ന സ്കോർ 46. കഴിഞ്ഞ രണ്ടു സീസണിൽ നേടിയ അത്രയും വിക്കറ്റ് ഈ ഒറ്റ സീസണിൽ നേടിക്കഴിഞ്ഞെങ്കിലും ഓവറിൽ ശരാശരി 11 റൺസോളം വഴങ്ങിയിട്ടുണ്ട്. ഇത്തവണ ന്യൂബോൾ കൈകാര്യം ചെയ്തവരിൽ ഇതിലും മോശം ഇക്കോണമി റേറ്റുള്ളത് മൂന്നു പേർക്കു മാത്രം.
ക്യാപ്റ്റൻ എന്ന നിലയിലും ഹാർദികിന്‍റെ പല തീരുമാനങ്ങളും വിമർശനവിധേയമായി. സൺറൈസേഴ്സ് ഓപ്പണർമാർ റെക്കോഡുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴും ടീമിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ പന്തെറിയിക്കാതിരുന്നതാണ് ഒന്ന്. ആദ്യ മത്സരത്തിൽ ടീമിനു ജയിക്കാൻ 26 പന്തിൽ 40 റൺ വേണ്ട സമയത്ത് തനിക്കു മുകളിൽ ടിം ഡേവിഡിനെ ബാറ്റിങ്ങിനയച്ചത് മറ്റൊന്ന്. എം.എസ്. ധോണിക്കെതിരേ അവസാന ഓവർ എറിഞ്ഞ് 20 റൺസ് വഴങ്ങിയതും, ഡൽഹിക്കെതിരായ പരാജയത്തിനു ശേഷം, ടോപ് സ്കോററായ തിലക് വർമയെ കുറ്റപ്പെടുത്തിയതുമെല്ലാം വലിയ തോതിൽ ട്രോളുകൾക്കു വിഷയമായി. ബൗളർമാർ ഡെലിവറികളെക്കുറിച്ചോ ഫീൽഡ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ചോ സംസാരിക്കാൻ ക്യാപ്റ്റനെ സമീപിക്കുന്നതിനു പകരം രോഹിത് ശർമയുടെയോ ജസ്പ്രീത് ബുംറയുടെയോ അടുത്തേക്കു പോകുന്നത് പതിവ് കാഴ്ചയായി.
രോഹിത് ശർമയ്ക്കു കീഴിൽ മുംബൈ രണ്ടു മോശം സീസണുകൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, ബാറ്റർ എന്ന നിലയിൽ രോഹിതിനു കൂടുതൽ സ്വാതന്ത്ര്യം നൽകാൻ കൂടിയാണ് ക്യാപ്റ്റൻസി എടുത്തുമാറ്റിയതെന്നാണ് മുംബൈയുടെ ഹെഡ് കോച്ച് മാർക്ക് ബൗച്ചർ വിശദീകരിച്ചത്. തുടക്കത്തിലെ ഏതാനും മത്സരങ്ങളിൽ വെടിക്കെട്ട് തുടക്കങ്ങൾ ടീമിനു നൽകാൻ രോഹിതിനു സാധിക്കുകയും ചെയ്തു. ആദ്യത്തെ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ പവർപ്ലേ റൺ റേറ്റിൽ (10.66) രണ്ടാം സ്ഥാനത്തുണ്ടായിരുന്നു മുംബൈ. തന്‍റെ രണ്ടാമത്തെ ഐപിഎൽ സെഞ്ചുറിയും നേടി- 2012ലായിരുന്നു ആദ്യത്തേത്. എന്നാൽ, അവസാനത്തെ ആറ് മത്സരങ്ങളിൽ രോഹിതിന്‍റെ ബാറ്റിങ് ശരാശരി വെറും 8.66 റൺസാണ്. സ്ട്രൈക്ക് റേറ്റ് 88.13 മാത്രം. ആദ്യ ഏഴു മത്സരങ്ങളിൽ രണ്ടു വട്ടം മാത്രമാണ് പവർപ്ലേ കഴിയും മുൻപ് രോഹിത് പുറത്തായിട്ടുള്ളത്. എന്നാൽ, അതിനു ശേഷം പവർപ്ലേ മുഴുവൻ ക്രീസിൽ നിൽക്കാൻ സാധിച്ചത് ഒരേയൊരു കളിയിലും!
മുംബൈ ഇന്ത്യൻസ് അഞ്ച് വട്ടം ഐപിഎൽ കിരീടം നേടുമ്പോഴും ഒന്നോ അതിലധികമോ വിദേശ പേസ് ബൗളർമാരുടെ നിർണായ സംഭാവനകൾ അതിലുണ്ടായിരുന്നു. 2013ൽ അത് മിച്ചൽ ജോൺസൺ ആയിരുന്നെങ്കിൽ 2015ലും 2017ലും മിച്ചൽ മക്‌ക്ലീനഗൻ ആയിരുന്നു, 2020ൽ ട്രെന്‍റ് ബൗൾട്ടും. 2013, 2015, 2017, 2019 എന്നിവ ലസിത് മലിംഗയുടെ അപ്രമാദിത്വം കണ്ട സീസണുകളായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം 23 വിക്കറ്റ് നേടിയ ജേസൺ ബെഹ്റൻഡോർഫ് ഇക്കുറി പരുക്കേറ്റ് പിൻമാറിയതോടെ മുംബൈയുടെ ബൗളിങ് വിഭവശേഷി ശുഷ്കമായി. ആദ്യമായി ഐപിഎൽ കളിക്കുന്ന ജെറാൾഡ് കോറ്റ്സി, ലൂക്ക് വുഡ്, ക്വേന മഫാക, നുവാൻ തുഷാര എന്നിവർക്കാർക്കും ബുംറയ്ക്കു പറ്റിയ പങ്കാളികളാകാൻ സാധിച്ചില്ല.
ആദ്യ ആറു മത്സരത്തിൽ ടീം പവർപ്ലേയിൽ വഴങ്ങിയത് ഓവറിൽ ശരാശരി പത്തു റൺസിനു മുകളിലാണ്. ശരാശരി 6 റൺസ് മാത്രം വഴങ്ങിയ ബുംറ അവിടെ വേറിട്ടു നിന്നു. ആറു മത്സരങ്ങൾ പിന്നിടുമ്പോൾ, പത്ത് വിക്കറ്റ് നേടിയ ബുംറയ്ക്കു തൊട്ടു പിന്നിൽ ഒമ്പത് വിക്കറ്റുമായി കോറ്റ്സി ഉണ്ടായിരുന്നെങ്കിലും, ബൗളിങ് ഇക്കോണമി പത്തു റൺസിനു മുകളിലായിരുന്നു. പരുക്ക് കാരണം കഴിഞ്ഞ സീസൺ പൂർണമായി നഷ്ടപ്പെട്ട ശേഷം ഗംഭീര ഫോമിൽ ബുംറ തിരിച്ചെത്തിയിട്ടും ഈ സീസണിൽ അതു മുതലാക്കാൻ മുംബൈക്ക് സാധിച്ചില്ല. ബുംറ കൂടി ഉൾപ്പെട്ട ബൗളിങ് നിരയ്ക്കെതിരേയാണ് സൺറൈസേഴ്സ് 277 റൺസ് എന്ന റെക്കോഡ് സ്കോർ പടുത്തുയർത്തിയത്.
വിശ്വസ്തനായൊരു സ്പിന്നറുടെ അഭാവവും ടീമിന്‍റെ പ്രകടനങ്ങളെ കാര്യമായി ബാധിച്ചു. ശ്രേയസ് ഗോപാലിനെയും ഷംസ് മുലാനിയെയുമെല്ലാം പരീക്ഷിച്ചു പരാജയപ്പെട്ട ശേഷമാണ് പിയൂഷ് ചൗളയുടെ പരിചയസമ്പത്തിൽ മുംബൈ വിശ്വാസമർപ്പിച്ചത്. അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ ഓഫ് സ്പിൻ വേണ്ടത്ര വിനിയോഗിച്ചില്ല. എന്നാൽ, കഴിഞ്ഞ ഐപിഎൽ സീസണിലും ഇത്തവണത്തെ സയീദ് മുഷ്താക്ക് അലി ട്വന്‍റി20 ടൂർണമെന്‍റിലും മികച്ച പ്രകടനം നടത്തിയ കുമാർ കാർത്തികേയ ഒരിക്കൽപ്പോലും മുംബൈയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടില്ല. നിർബന്ധിതമല്ലാത്ത ട്രെയ്നിങ് സെഷനുകളിൽ പോലും കാർത്തികേയ പതിവായി പങ്കെടുക്കുകയും ചെയ്തിരുന്നു.
ആദ്യ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈയുടെ പവർപ്ലേ റൺറേറ്റ് 10 റൺസിനു മുകളിലായിരുന്നു. എന്നാൽ, ആറാം മത്സരം ചെന്നൈയോടു തോറ്റ ശേഷം അവരുടെ പവർപ്ലേ റൺ റേറ്റ് താഴെ നിന്നു മൂന്നാമതായി ചുരുങ്ങി. ആദ്യ ആറോവറിൽ ഇതിനകം 25 വിക്കറ്റും അവർ നഷ്ടപ്പെടുത്തി. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമാണ് മുംബൈക്ക്.
രോഹിത് ശർമയുടെ ഫോം നഷ്ടം ഇതിലൊരു പ്രധാന ഘടകമായിരുന്നു. അദ്ദേഹത്തിന്‍റെ ഓപ്പണിങ് പങ്കാളി ഇഷാൻ കിഷനും നല്ല തുടക്കം മുതലാക്കാനായില്ല. ആദ്യ ആറു മത്സരങ്ങളിൽ നാലിലും ഇരുവരും ചേർന്ന് 40+ സഖ്യങ്ങളുണ്ടാക്കി. ആർസിബിക്കെതിരായ 101 റൺസ് കൂട്ടുകെട്ടും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, അടുത്ത ആറു കളിയിൽ അഞ്ചിലും അവർക്ക് 35 പോലും കടക്കാനായില്ല.
പരുക്കു കാരണം ആദ്യ മത്സരങ്ങൾ കളിക്കാതിരുന്ന സൂര്യകുമാർ തിരിച്ചെത്തിയ ശേഷം മൂന്ന് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും നേടി. എന്നാൽ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ എന്നിവർ നിറം മങ്ങിയത് മധ്യനിരയെ ദുർബലമാക്കി. അവിടെ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടം മാത്രമാണ് പലപ്പോഴും കാണാനുണ്ടായിരുന്നത്.
ബുംറയുടെ ക്ലാസിനു പുറമേ തിലക് വർമയുടെ സ്ഥിരതയാണ് മുംബൈക്ക് ഈ സീസണിൽ കിട്ടിയ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ആകാശ് മധ്‌വാൾ, അൻഷുൽ കാംഭോജ് എന്നീ യുവ പേസ് ബൗളർമാരുടെ ഉദയവും നെഹാൽ വധേര എന്ന ബാറ്ററുടെ മികവും കൂടി കൂട്ടിച്ചേർത്താൽ സീസണിലെ മുംബൈയുടെ പോസിറ്റിവുകൾ പൂർത്തിയായി.