ഒരേയൊരു ഹിറ്റ്മാന്‍; രോഹിത് ശര്‍മയുടെ സെഞ്ചുറി തിളക്കത്തിലും മുംബൈ ചെന്നൈയോടു തോറ്റു

നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്
ഒരേയൊരു ഹിറ്റ്മാന്‍; രോഹിത് ശര്‍മയുടെ സെഞ്ചുറി തിളക്കത്തിലും മുംബൈ ചെന്നൈയോടു തോറ്റു
Updated on

മുംബൈ: രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയും മുംബൈ ഇന്ത്യന്‍സിന്‍റെ രക്ഷയ്ക്കെത്തിയില്ല. നായകന്‍റെ കുപ്പായമെടുത്തണിഞ്ഞ് അവസാന ഓവര്‍ എറിയാന്‍ സ്വയമെത്തിയ ഹാര്‍ദി പാണ്ഡ്യയുടെ തീരുമാനവും ഏറ്റില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ മഹന്ദ്രസിങ് ധോണി അടിച്ചെടുത്തത് നാല് പന്തില്‍ 20 റണ്‍സാണ്. അതേ 20 റണ്‍സിന് മുംബൈ തോറ്റു.

നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ ഒഴികേ മറ്റൊരു മുംബൈ താരത്തിനും തിളങ്ങാനായില്ല. രോഹിതിന് പിന്തുണ നല്‍കാനുമാകാത്തതാണ് മുംബൈയെ പരാജയത്തിലേക്കു നയിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ആദ്യന്തം അടിച്ചു കളിച്ച രോഹിത് ശര്‍മ 63 പന്തില്‍നിന്നാണ് 105* നേടിയെങ്കിലും ജയം പിടിക്കാനായില്ല.

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് ചേര്‍ത്തു. പവര്‍പ്ലേ കഴിഞ്ഞുള്ള രണ്ടാം ഓവറില്‍ പേസര്‍ മതീഷ പതിരാനയെത്തിയത് സിഎസ്കെയുടെ തലവര മാറ്റി. ആദ്യ പന്തില്‍ ഫ്ലിക്കിന് ശ്രമിച്ച ഇഷാന്‍ കിഷന്‍ മിഡ് വിക്കറ്റില്‍ ഷര്‍ദുല്‍ താക്കൂറിന്‍റെ ക്യാച്ചില്‍ വീണു. 15 പന്തില്‍ 23 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ സൂര്യകുമാര്‍ യാദവിനെ ഒരു പന്തിന്‍റെ ഇടവേളയിലും പതിരാന പറഞ്ഞയച്ചു. അപ്പര്‍കട്ട് കളിച്ച് തേഡ്മാനില്‍ മുസ്താഫിസൂറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ സ്കൈ മടങ്ങുമ്പോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല. 11ാം ഓവറില്‍ നൂറ് കടന്നെങ്കിലും മധ്യ നിരയുടെ തകര്‍ച്ച മുംബൈയ്ക്ക് തിരിച്ചടിയായി.

മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം തകര്‍ത്തടിച്ച് രോഹിത് ശര്‍മ്മ 11-ാം ഓവറില്‍ മുംബൈയെ 100 കടത്തി. ടീം സ്കോര്‍ 130ല്‍ നില്‍ക്കേ തിലകിനെ (20 പന്തില്‍ 31) ഷര്‍ദുലിന്‍റെ കൈകളില്‍ സമ്മാനിച്ച് പതിരാന വീണ്ടും വഴിത്തിരിവുണ്ടാക്കി. പതിരാനയ്ക്ക് പിന്നാലെ ഷര്‍ദുലും തകര്‍ത്ത് എറിഞ്ഞതോടെ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ മൂന്നിന് 132 എന്ന നിലയിലായി. 16-ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ ഹാര്‍ദിക് പാണ്ഡ്യയെ (6 പന്തില്‍ 2 റണ്‍സ്) പുറത്താക്കി. രണ്ട് സിക്സടിച്ച് ആവേശം കൂട്ടിയ ബിഗ് മാന്‍ ടിം ഡേവിഡിനെ (5 പന്തില്‍ 13) 17ാം ഓവറില്‍ മുസ്താഫിസൂര്‍ മടക്കി. 18-ാം ഓവറില്‍ റൊമാരിയോ ഷെപ്പേഡിനെ (2 പന്തില്‍ 1) ബൗള്‍ഡാക്കിക്കൊണ്ട് പതിരാന നാല് വിക്കറ്റ് തികച്ചു. അപ്പോഴേക്കും പതിയെ മത്സരം മുംബൈയുടെ കൈകളില്‍നിന്ന് അകന്നു തുടങ്ങി.

അവസാന രണ്ട് ഓവറില്‍ 47 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. രോഹിത് ശര്‍മ്മ 63 പന്തില്‍ 105* ഉം, മുഹമ്മദ് നബി ഏഴ് പന്തില്‍ 4 ഉം* റണ്‍സുമായി പുറത്താവാതെ നിന്നു.

12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് ശര്‍മ ഐപിഎല്ലില്‍ ഒരു സെഞ്ചുറി നേടുന്നത്. 2012ല്‍ കോല്‍ക്കത്ത ഈഡനില്‍ കെകെആറിനെതിരേയായിരുന്നു അവസാനമായി ഹിറ്റ്മാന്‍ സെഞ്ചുറി നേടിയത്.

നേരത്തെ 4 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 206 റണ്‍സ് സ്കോര്‍ ചെയ്തത്. ചെന്നൈയ്ക്കായി 40 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗെയ്കവാദ് 38 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെ എന്നിവര്‍ മികച്ച ഇന്നിങ്സ് കാഴ്ചവച്ചു.

അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്സറിന് പറത്തി 'തല' ഫിനിഷിംഗാണ് സിഎസ്കെയെ 200 കടത്തിയത്. ധോണിയുടെ ഈ കാമിയോയാണ് സിഎസ്കെയുടെ ജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം. എം എസ് ധോണി 4 പന്തില്‍ 20* ഉം, ശിവം ദുബെ 38 പന്തില്‍ 66* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

Trending

No stories found.

Latest News

No stories found.