ഹൈദരാബാദ്: ഇംഗ്ലണ്ടിനോട് അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങിയ ബാറ്റ്സ്മാന്മാരും പിന്നെ പന്തുമായി എതിരാളികളെ കറക്കി വീഴ്ത്തിയ സാന്റ്നറും ചേർന്നപ്പോൾ ഡച്ച് പടയെ 99 റൺസിന് കീഴടക്കി കിവീസ് തേരോട്ടം തുടരുന്നു. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വില്‍ യംഗ് (70), രചിന് രവീന്ദ്ര (51), ടോം ലാഥം (53) എന്നിവരുടെ അർധ സെഞ്ചുറി കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണ് കിവീസ് അടിച്ച് കൂട്ടിയത്. കിവീസ് ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയത്.
73 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സെടുത്ത കോളിന് അക്കെര്മാന് മാത്രമാണ് ഡച്ച് ടീമിനായി പൊരുതിയത്. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാമന് സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്ട് 29 റണ്‍സെടുത്ത് പുറത്തായി.
സ്പിന്നര്‍മാര്‍ തിളങ്ങുന്ന ഇത്തവണത്തെ ലോകകപ്പില്‍ അഞ്ച് വിക്കറ്റെടുത്ത മിച്ചൽ സാന്ററാണ് ഡച്ച് ടീമിന്റെ നടുവൊടിച്ചത്. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റനര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന് റി മൂന്ന് വിക്കറ്റെടുത്തു. വിക്രംജിത്ത് സിങ് (12), മാക്സ് ഒഡൗഡ് (16), ബാസ് ഡെലീഡ (18), തേജ നിതമാനുരു (21) എന്നിവര്‍ക്കാര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഡെവോണ്‍ കോണ്‍വെ (32) - യംഗ് ഓപ്പണിങ് സഖ്യം 67 റണ്‍സ് ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ കോണ്‍വെയെ വാന്‍ ഡെര്‍ മെര്‍വെ പുറത്താക്കി. മൂന്നമാനായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ താരം രവീന്ദ്ര ഇംഗ്ലണ്ടിനെതിരേ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ യംഗിനൊപ്പം 67 റണ്‍സ് ചേര്‍ക്കാന്‍ രവീന്ദ്രയ്ക്കായി. എന്നാല്‍ യംഗിനെ പുറത്താക്കി പോള്‍ വാന്‍ മീകെരെന്‍ നെതര്‍ലന്‍ഡ്സിന് ബ്രേക്ക് ത്രൂ നല്കി. വൈകാതെ രവീന്ദ്രയും മടങ്ങി. 51 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും മൂന്ന് ഫോറും നേടി.
ശേഷം ക്രീസിലെത്തിയ ലാഥം മിച്ചലിനൊപ്പം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ മിച്ചല്‍ വീണു. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്സ് (4), മാര്‍ക് ചാപ്മാന് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ലാഥവും മടങ്ങി. വാലറ്റത്ത് മിച്ചല്‍ സാന്റനര്‍ (17 പന്തില്‍ 36) - മാറ്റ് ഹെൻറി (4 പന്തില്‍ 10) സഖ്യമാണ് കിവീസിന്റെ സ്കോര്‍ 300 കടത്താന്‍ സഹായിച്ചത്.