ചരിത്രം കുറിച്ച് കിവിക്കൂട്ടം; ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം

2012നു ശേഷം ആദ്യമായാണ് ഇന്ത്യൻ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. 13 വിക്കറ്റുമായി ഇന്ത്യയുടെ അന്തകനായത് മിച്ചൽ സാന്‍റ്നർ.
Mitchell Santner മിച്ചൽ സാന്‍റ്നർ
മിച്ചൽ സാന്‍റ്നർ
Updated on

പൂനെ: ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ജയിച്ചു. ബംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിനു പിന്നാലെ പൂനെയിലെ രണ്ടാം ടെസ്റ്റിലും ആധികാരിക വിജയം കുറിക്കുകയായിരുന്നു ടോം ലാഥം നയിച്ച കിവിക്കൂട്ടം. 113 റൺസ് വിജയത്തോടെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ 2-0 എന്ന അപരാജിത ലീഡ് ന്യൂസിലൻഡിനു സ്വന്തമായി.

ബംഗളൂരുവിൽ നേടിയ വിജയം പോലും 33 വർഷത്തിനിടെ അവർ ഇന്ത്യയിൽ നേടുന്ന ആദ്യ വിജയമായിരുന്നു. ഇപ്പോൾ 2012നു ശേഷം ആദ്യമായാണ് ഇന്ത്യൻ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. മൂന്നാം ടെസ്റ്റ് നവംബർ ഒന്നിന് മുംബൈയിൽ ആരംഭിക്കും.

രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിവസം 358 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ തന്നെ ഇന്ത്യ ഏറെക്കുറെ പരാജയം ഉറപ്പിച്ചിരുന്നു എന്നു പറയാം. കാരണം, ആദ്യ ദിവസം മുതൽ സ്പിൻ ബൗളർമാർക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ പൂനെ വിക്കറ്റിൽ നാലാം ഇന്നിങ്സിൽ ബാറ്റിങ് ഏറ്റവും ദുഷ്കരമായിരിക്കുമെന്ന് വ്യക്തമായിരുന്നു. 245 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകൾ പിഴുത ഇടങ്കയ്യൻ സ്പിന്നർ മിച്ചൽ സാന്‍റ്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് കൂടി വീഴ്ത്തി ഇന്ത്യൻ ബാറ്റിങ് നിരയുടെ അന്തകനായി മാറി.

പൊരുതി നോക്കാൻ ഉറച്ചു തന്നെയാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ മടങ്ങിയ ശേഷം (8) യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും കിവി ബൗളർമാർക്കു മുന്നിൽ ആക്രമണോത്സുക ബാറ്റിങ്ങുമായി വെല്ലുവിളി ഉയർത്തി.

എന്നാൽ, 31 പന്തിൽ 23 റൺസുമായി ഗിൽ മടങ്ങിയതോടെ ഇന്ത്യയുടെ റൺ നിരക്ക് കുറഞ്ഞു. 65 പന്തിൽ 77 റൺസെടുത്ത ജയ്സ്വാളും പോയതോടെ സമ്പൂർണ പ്രതിരോധം.

ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ വിരാട് കോലി 40 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ഋഷഭ് പന്തിനും (0) സർഫറാസ് ഖാനും (9) ഒന്നും ചെയ്യാൻ കഴിയാതെ വന്നപ്പോൾ, വാഷിങ്ടൺ സുന്ദറും (21) ആർ. അശ്വിനും (18) ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങളെങ്കിലും നടത്തി.

ഒമ്പതാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും ആകാശ് ദീപും ചേർന്ന് മത്സരം പരമാവധി നീട്ടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, 24 പന്ത് പ്രതിരോധിച്ച് ഒരു റണ്ണെടുത്ത ആകാശ് ദീപും മടങ്ങിയതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.

42 റൺസെടുത്ത രവീന്ദ്ര ജഡേജ പത്താം വിക്കറ്റിന്‍റെ രൂപത്തിൽ പുറത്തായപ്പോൾ 113 റൺസ് വിജയം ന്യൂസിലൻഡിനു സ്വന്തം.

Trending

No stories found.

Latest News

No stories found.