അവസാന രണ്ടു ബാറ്റർമാർക്കും സെഞ്ചുറി: ചരിത്രം കുറിച്ച് മുംബൈ

രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പതിനൊന്നാമനായി ഇറങ്ങുന്ന ബാറ്റര്‍ സെഞ്ചുറി നേടുന്നത്.
തനുഷ് കൊടിയാൻ, തുഷാർ ദേശ്പാണ്ഡെ.
തനുഷ് കൊടിയാൻ, തുഷാർ ദേശ്പാണ്ഡെ.BCCI
Updated on

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പത്താമത്തെയും പതിനൊന്നാമത്തെയും ബാറ്റർമാർ സെഞ്ചുറി നേടിയപ്പോൾ മുംബൈക്ക് ചരിത്ര നേട്ടം. മുംബൈയുടെ വാലറ്റക്കാരായ തനുഷ് കൊടിയാനും തുഷാര്‍ ദേശ്പാണ്ഡെയുമാണ് ചരിത്രനേട്ടത്തിലേക്കെത്തിയത്. രഞ്ജി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബറോഡക്കെതിരേ പത്താമതും പതിനൊന്നാമതുമായി ക്രീസിലെത്തിയ ഇരുവരും സെഞ്ചുറി നേടിയാണ് റെക്കോഡിട്ടത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ കഴിഞ്ഞ 78 വര്‍ഷത്തിനിടെ ആദ്യമായാണ് പത്താമതും പതിനൊന്നാമതും ഇറങ്ങുന്ന ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നത്. 1946ല്‍ ചന്ദു സര്‍വാതെയും ഷുതെ ബാനര്‍ജിയുമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബാറ്റിങ് സഖ്യം.ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 384 റണ്‍സടിച്ചപ്പോള്‍ ബറോഡ 348 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മംബൈ 337-9 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്.

തനുഷ് കൊടിയാന്‍ 129 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 129 പന്തില്‍ 123 റണ്‍സെടുത്ത തുഷാര്‍ ദേശ്പാണ്ഡെ പുറത്തായി. 115 പന്തിലാണ് കൊടിയാന്‍ സെഞ്ചുറിയിലെത്തിയത്. ദേശ്പാണ്ഡെയാകട്ടെ 112 പന്തില്‍ മൂന്നക്കം കടന്നു. പതിനൊന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 232 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനുശേഷണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ മുംബൈ സെമിയില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പതിനൊന്നാമനായി ഇറങ്ങുന്ന ബാറ്റര്‍ സെഞ്ചുറി നേടുന്നത്. പത്താം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോഡ് ഇരുവര്‍ക്കും ഒരു റണ്‍സകലെ നഷ്ടമായി. 1991-92 രഞ്ജി സീസണില്‍ പത്താം വിക്കറ്റില്‍ 233 റണ്‍സടിച്ച മനീന്ദര്‍ സിങിന്‍റെയും അജയ് ശര്‍മയുടെ പേരിലാണ് അവസാന വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ്.

Trending

No stories found.

Latest News

No stories found.