ന്യൂഡൽഹി: പാരിസ് ഒളിംപിക്സിനു യോഗ്യത നേടുന്നത് ഇനി എളുപ്പമായിരിക്കില്ലെങ്കിലും ബാഡ്മിന്‍റണിൽ നിന്നു വിരമിക്കുന്നതിനെക്കുറിച്ച് താൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് സൈന നെവാൾ. തകർച്ചയിലായ കരിയർ തിരിച്ചുപിടിക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്നും മുപ്പത്തിമൂന്നുകാരി വ്യക്തമാക്കി.
കാൽമുട്ടിൽ അടക്കം തുടർച്ചയായുണ്ടാകുന്ന പരുക്കുകളാണ് സൈനയ്ക്കു തിരിച്ചടിയായത്. ലോക ഒന്നാം നമ്പർ താരമായിരുന്ന ഹൈദരാബാദുകാരിയുടെ റാങ്കിങ് 55 ആയി ഇടിയുകയും ചെയ്തു.
ഒന്നോ രണ്ടോ മണിക്കൂർ പരിശീലനം നടത്തിയാൽ പോലും മുട്ടിൽ നീര് വയ്ക്കുന്ന അവസ്ഥയാണെന്നു സൈന വെളിപ്പെടുത്തി. രണ്ടാമതൊരു സെഷൻ പരിശീലനം നടത്താമെന്നു വച്ചാൽ മുട്ടു മടക്കാൻ പോലും സാധിക്കില്ല. അതിനാൽ തന്നെ ഒളിംപിക് യോഗ്യത വിദൂര സാധ്യത മാത്രമായിരിക്കുമെന്നും സൈന പറഞ്ഞു.
മികച്ച താരങ്ങളെ നേരിടാൻ ഒരു മണിക്കൂർ പരിശീലനം ഒട്ടും പര്യാപ്തമല്ല. പൂർണ സജ്ജയാകാതെ കളത്തിലിറങ്ങാനുമില്ലെന്ന് സൈന.
ഈ സീസണിൽ ആറ് ടൂർണമെന്‍റുകളിലാണ് സൈന കളിച്ചത്. കഴിഞ്ഞ വർഷം കളിച്ച 14 ടൂർണമെന്‍റുകളിൽ ഒന്നിൽ മാത്രം ക്വാർട്ടർ ഫൈനൽ വരെയെത്തി. 2021ൽ എട്ട് ടൂർണമെന്‍റുകളിൽ ഒരു സെമി ഫൈനൽ ഫിനിഷ്. 2019ലെ മലേഷ്യ മാസ്റ്റേഴ്സാണ് സൈന അവസാനം ചാംപ്യനായ ടൂർണമെന്‍റ്.