ന്യൂഡൽഹി: ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാരയ്ക്കും അജിൻക്യ രഹാനെയ്ക്കും ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് മുൻ ഓപ്പണർ ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നില്ല ഇവർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൂജാരയുടെയും രഹാനെയുടെയും കരിയർ അടഞ്ഞ അധ്യായമെന്ന് ചോപ്രയുടെ പ്രതികരണം. എന്നാൽ, രഹാനെയ്ക്ക് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്നും ചോപ്ര പറഞ്ഞു.
ഈ മാസം 25 മുതൽ മാർച്ച് 11 വരെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെപരമ്പര.
സ്‌ക്വാഡ് പ്രതീക്ഷിച്ചതുപോലെയാണ്. രഹാനെയും പൂജാരയും ഉണ്ടാകില്ലെന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. ആ അധ്യായം അവസാനിച്ചു. പൂജാരയ്ക്കും രഹാനെയ്ക്കും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു സാധ്യത അവശേഷിച്ചത്. അതിലും തഴഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവരുടെ അധ്യായം അടഞ്ഞു കഴിഞ്ഞുവെന്ന് വ്യക്തമായി. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല.
രഹാനെയ്ക്ക് മികവുള്ളിടത്തോളം ചെന്നൈ സൂപ്പർ കിങ്സിൽ തുടരാനാകും. മഹേന്ദ്ര സിങ് ധോണിയാണു ക്യാപ്റ്റൻ എന്നതിനാൽ ചെന്നൈയിൽ കളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്- ചോപ്ര പറഞ്ഞു.
രാഹുൽ ദ്രാവിഡിന്‍റെയും വി.വി.എസ്. ലക്ഷ്മണിന്‍റെയും വിടവാങ്ങലിനെത്തുടർന്ന് 2010ഓടെയാണ് പൂജാരയും രഹാനെയും ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നട്ടെല്ലായി മാറിയത്. 103 ടെസ്റ്റുകളിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ച പൂജാര 43.6 ശരാശരിയിൽ 7195 റൺസ് നേടി. 176 ഇന്നിങ്സിൽ 19 സെഞ്ചുറികളും 35 അർധ സെഞ്ചുറികളും കുറിച്ചു. 206 ആണ് മികച്ച സ്കോർ. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയ്ക്കു വേണ്ടിയിറങ്ങി.
രഹാനെ 85 ടെസ്റ്റുകളിൽ നിന്ന് 5077 റൺസ് നേടി. 144 ഇന്നിങ്സുകളിൽ 38.46 ശരാശരി. 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളുമാണ് സമ്പാദ്യം. 188 മികച്ച സ്കോർ. എന്നാൽ,2021ലെ ബ്രിസ്ബെയ്ൻ ടെസ്റ്റ് വിജയത്തിനുശേഷം ഇരുവരുടെയും പ്രകടനം മോശമാകുകയായിരുന്നു.