മഡ്രിഡ്: കായികരംഗത്തെ നൊബേല്‍ സമ്മാനമായ ലോറസ് അവാര്‍ഡ് വീണ്ടും സ്വന്തമാക്കി സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. ജോക്കോവിച്ച് ഇത് അഞ്ചാംതവണയാണ് പുരസ്കാരം നേടുന്നത്. ബാഴ്സലോണ വനിതാ ഫുട്ബോള്‍ ടീം മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റിക്കിനാണ് ലോറസ് വനിതാ പുരസ്കാരം. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ങാമിനും ലോറസില്‍ പുരസ്കാരമുണ്ട്. ലോറസ് വേള്‍ഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ പുരസ്കാരമാണ് ബെല്ലിങ്ങാമിന് ലഭിച്ചിരിക്കുന്നത്.ലോകമെമ്പാടുമുള്ള 69 കായികവ്യക്തിത്വങ്ങളാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സ്പെയിനിലെ മഡ്രിഡില്‍നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു. വിവിധ കാറ്റഗറികളിലായി വിജയികളെ പ്രഖ്യാപിച്ചു.
ലോക ഒന്നാംനമ്പര്‍ താരമായ ജോക്കോവിന് അഞ്ചാം തവണയാണ് സ്പോര്‍ട്സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിക്കുന്നത്. 2012, 2015, 2016, 2019 വര്‍ഷങ്ങളിലാണ് മുമ്പ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം മൂന്ന് ഗ്രാന്‍റ് സ്ലാമുകളാണ് നേടിയത്. വിംബിള്‍ഡണ്‍ ഫൈനലിലുമെത്തി. ആകെ 24 ഗ്രാന്‍റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്‍റെ പേരിലുള്ളത്. പുരസ്കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച പുരുഷ താരമെന്ന ഖ്യാതിയാണ് ജോക്കോയ്ക്കുള്ളത്. എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് പോലും അഞ്ചു തവണ ഈ അവാര്‍ഡ് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
കാറ്റലോണിയയില്‍നിന്നുള്ള വനിതാ ഫുട്ബോളറാണ് ഐറ്റാന. ബാഴ്സലോണയിലും സ്പാനിഷ് ടീമിലും മികച്ച പ്രകടനമാണ് നടത്തിയത്. 2022-23ലെ ബാലണ്‍ ഡി ഓര്‍, ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങള്‍ നേടി. സ്പാനിഷ് ടീമിന്‍റെ ലോകകപ്പ് വിജയത്തിലും ബാഴ്സയുടെ ചാംപ്യന്‍സ് ലീഗ്, ലാലിഗ കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഞായറാഴ്ചനടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച റയല്‍ മഡ്രിഡിനായി വിജയഗോള്‍ നേടി ജൂഡ് ബെല്ലിങ്ങാം ബ്രേക്ക് ത്രൂ പുരസ്കാരം സ്വന്തമാക്കി. ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെയും റയലിന്‍റെയും മിഡ്ഫീല്‍ഡറാണ് ബെല്ലിങ്ങാം. ഇത്തവണത്തെ പുരസ്കാരത്തിലും ഇന്ത്യയെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ത്യയിലെയും സ്പെയിനിലെയും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി റാഫേല്‍ നദാല്‍ ആരംഭിച്ച സംഘടനയായ ഫണ്‍ഡേസിയന്‍ റാഫേല്‍ നദാല്‍ എന്ന സംഘടനയ്ക്ക് സ്പോര്‍ട്സ് ഫോര്‍ ഗുഡ് എന്ന പുരസ്കാരം ലഭിച്ചു. 2013ല്‍ ഇന്ത്യ കദിന ലോകകപ്പ് നേടിയപ്പോള്‍ സച്ചിനടക്കമുള്ള ഇന്ത്യന്‍ താരങ്ങള്ക്ക് ലോറസ് വേദിയില്‍ ആദരം ലഭിച്ചിരുന്നു.
മറ്റു പുരസ്കാരങ്ങള്‍
=കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം - സൈമണ്‍ ബൈല്‍സ് (അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം)
=സ്പോര്‍ട് ഫോര്‍ ഗുഡ് പുരസ്കാരം - ഫണ്‍ഡേസിയന്‍ റാഫ നഡാല്‍ (സ്പെയിനിനെയും ഇന്ത്യയിലെയും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ടെന്നീസ് സൂപ്പര്‍ താരം ആരംഭിച്ച സംഘടന)
=സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ വിത്ത് ഡിസ്എബിലിറ്റി - ഡെയ്ഡോ ഡെ ഗ്രൂട്ട് (ഡച്ച് വനിതാ ടെന്നീസ് താരം)
=ആക്ഷന്‍ സ്പോര്‍ട്സ് പേഴ്സന്‍ ഓഫ് ദ ഇയര്‍ - അരീസ ട്രൂ (ഓസ്ട്രേലിയന്‍ സ്കേറ്റ്ബോര്‍ഡ് താരം)