സ്വപ്ന നഗരിയിൽ പ്രതീക്ഷകളുടെ ഒളിംപിക്സ്

ഫാഷന്‍റെയും ഫ്യൂഷന്‍റെയും ഭക്ഷണത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായ പാരിസ് തന്നെയാണ് ലോകത്ത് അതിനേറ്റവും യോഗ്യമായ വേദി
paris olympics 2024
paris olympics 2024
Updated on

#സ്പോർട്സ് ലേഖകൻ

സ്വപ്നങ്ങളുടെ നഗരമാണ് ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസ്. അതുകൊണ്ടാണ് കോട്ടയത്തെ സ്കൈ വോക്ക് പോലെ ഏറെക്കാലം പഴികേട്ട ഈഫൽ ടവർ പിൽക്കാലത്ത് ലോകാദ്ഭുതമായി മാറിയത്. ആ നഗരിയിൽ ഒളിംപിക്സിനു തിരിതെളിയുകയായി, കായിക ലോകത്തിന്‍റെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ദീപശിഖ ഉയരുകയായി.

ഈ നൂറ്റാണ്ടിൽ ഫ്രാൻസ് ആതിഥ്യം വഹിക്കുന്ന ആദ്യ ഒളിംപ്കിസിന്‍റെ ഉദ്ഘാടനച്ചടങ്ങുകൾ മുതലങ്ങോട്ട് അവിസ്മരണീയമാക്കാൻ തന്നെയാവണം സംഘാടകരുടെ പുറപ്പാട്. ചരിത്രത്തിലെ ഏറ്റവും വിപുലമായ ആഘോഷ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അണിയറയിൽ ഒരുങ്ങുന്നത്. സെൻ നദിക്കരയിൽ നടത്തുന്ന ആഘോഷങ്ങളുടെ ആദ്യ സൂചനയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രതികരണം "കിറുക്ക് ' എന്നായിരുന്നു. പക്ഷേ, ആ കിറുക്ക് ഈഫൽ ഗോപുരം പോലൊരു കിറുക്ക് തന്നെയാവാനേ തരമുള്ളൂ.

16 ദിവസത്തെ കായിക മാമാങ്കത്തിനാണ് ഇന്ന് തിരിതെളിയുന്നത്. പാരിസ് നഗരത്തിന്‍റെ ഏറെക്കുറെ എല്ലാ മൂലകളിലുമുണ്ട് ഏതെങ്കിലുമൊരു മത്സരവേദി. കൊവിഡ് മഹാമാരി ശോഭ കെടുത്തിയ ഗെയിംസിനു ശേഷം അതിന്‍റെ കുറവ് തീർക്കുന്ന വർണ ശബളിമ ഇക്കുറി പ്രതീക്ഷിക്കാം. ഫാഷന്‍റെയും ഫ്യൂഷന്‍റെയും ഭക്ഷണത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായ പാരിസ് തന്നെയാണ് ലോകത്ത് അതിനേറ്റവും യോഗ്യമായ വേദി.

പ്രണയത്തിന്‍റെ കൂടി നഗരമാണ് പാരിസ്. ഒളിംപിക്സിനോടുള്ള പ്രണയം ഒരിക്കൽക്കൂടി ഊതിത്തെളിക്കാൻ ഇത്തവണത്തെ സമ്മർ ഗെയിംസ് വേദിയായി പാരിസിനെ തെരഞ്ഞെടുക്കുന്നത് 2017ലാണ്. മറ്റൊരുപാട് വിനോദോപാധികൾക്കിടയിൽ കായിക മത്സരങ്ങൾക്ക് യുവജനങ്ങൾക്കിടയിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ പാരിസിന്‍റെ മണ്ണിൽ വളക്കൂറു കണ്ടു, ഒളിംപിക് സംഘാടകർ. ചരിത്രത്തിലാദ്യമായി ബ്രേക്ക് ഡാൻസ് ഒളിംപിക് മത്സരയിനമാകുന്നത് യാദൃച്ഛികമല്ല.

10,500 കായികതാരങ്ങൾ, ദശലക്ഷക്കണക്കിനു കാണികൾ. പാരിസിന്‍റെ ഉത്തരവാദിത്വം ഭാരിച്ചതാണ്. യുക്രെയ്നും ഗാസയും കൂടി വിദൂരങ്ങളിൽ നിന്ന് ഈഫൽ ടവറിനു മീതേ ആശങ്കയുടെ നിഴലുകൾ വീഴ്ത്തുന്നുണ്ട്. എങ്കിലും, എല്ലാം വിചാരിച്ചതുപോലെ വന്നാൽ, ഒളിംപിക്സിന്‍റെ ചരിത്രത്തെ പാരിസിനു മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താൻ തക്കവണ്ണം ഗംഭീരമായിരിക്കും 2024 ഒളിംപിക്സ് എന്നതാണ് പാരിസിന്‍റെ സ്വപ്നം.

124 വർഷം മുൻപ് ആദ്യമായി വനിതാ കായികതാരങ്ങൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത് അന്നത്തെ പാരിസ് ഗെയിംസിലായിരുന്നു. ഇന്ന് പുരുഷ - വനിതാ താരങ്ങളുടെ എണ്ണം ഏറെക്കുറെ തുല്യം. മാറുന്ന കാലത്തിനും സാക്ഷിയാകുകയാണ് ഈഫൽ.

Trending

No stories found.

Latest News

No stories found.