നീരജ് ചോപ്ര - അർഷാദ് നദീം: അതിരുകളില്ലാത്ത സൗഹൃദം|Video

അർഷദും നീരജും സുഹൃത്തുക്കളായത് ഇന്നും ഇന്നലെയുമല്ല. സമപ്രായക്കാരാണവർ; വർഷങ്ങളായി അന്താരാഷ്‌ട്ര വേദികളിൽ പരസ്പരം മത്സരിച്ചും സ്നേഹിച്ചും കൂട്ടുകൂടിയവർ.
നീരജ് ചോപ്രയും അർഷാദ് നദീമും
നീരജ് ചോപ്രയും അർഷാദ് നദീമും
Updated on

വി.കെ. സഞ്ജു

നീരജ് ചോപ്ര ടോക്യോ ഒളിംപിക്സിൽ സ്വർണം നേടി പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന സമയം. ജാവലിൻ ത്രോയുടെ ഫൈനലിനിടെ പാക്കിസ്ഥാൻ താരം അർഷാദ് നദീം അബദ്ധത്തിൽ തന്‍റെ ജാവലിൻ മാറിയെടുത്ത കഥ അന്നൊരു അഭിമുഖത്തിൽ വളരെ സാന്ദർഭികമായി അദ്ദേഹം പങ്കുവച്ചു. മത്സരശേഷം, ഒരുമിച്ച് പോഡിയത്തിൽ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്നു പറഞ്ഞാണ് താൻ സുഹൃത്തിനെ യാത്രയാക്കിയതെന്നും നീരജ് അതിൽ കൂട്ടിച്ചേർത്തിരുന്നു.

സ്വാഭാവികമായും ഇന്ത്യയിൽ ഈ തമാശക്കഥയുടെ ആദ്യ പകുതി എങ്ങനെയൊക്കെ വളച്ചൊടിക്കപ്പെടാം എന്നറിയാൻ മണിക്കൂറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. പാക് താരം ഇന്ത്യൻ താരത്തെ ചതിക്കാൻ ശ്രമിച്ചെന്ന മട്ടിൽ തുടങ്ങിയ സൈബർ ആക്രമണം സ്വാഭാവികമായും ഇന്ത്യൻ മുസ്‌ലിം സമൂഹത്തെയാകെ ലക്ഷ്യം വയ്ക്കുന്ന നിലയിലേക്ക് വളർന്നു. എല്ലാം കണ്ട് ഒന്നുമറിയാത്ത മട്ടിൽ ഇരിക്കുകയല്ല നീരജ് ചെയ്തത്. മറിച്ച്, അതിർത്തിക്കപ്പുറത്തുനിന്നുള്ള തന്‍റെ ഉറ്റ സുഹൃത്തിനൊപ്പം ഉറച്ചുനിന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങളും പ്രൊപ്പഗണ്ടയും പ്രചരിപ്പിക്കാനുള്ള ഉപാധിയായി തന്‍റെ വാക്കുകളെ വളച്ചൊടിക്കരുതെന്നു പറയാൻ നീരജിന് ഒരു മടിയും മറയുമുണ്ടായില്ല.

നീരജ് ചോപ്രയും അർഷാദ് നദീമും
നീരജ് ചോപ്രയും അർഷാദ് നദീമും

2024ലെത്തുമ്പോൾ നദീമിനോട് നീരജ് പങ്കുവച്ച ആഗ്രഹം സഫലമായിരിക്കുന്നു, ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിൽപ്പോലും. പാരിസ് ഒളിംപിക് വേദിയിലെ പോഡിയത്തിൽ അവർ ഒരുമിച്ചു നിന്നു, നദീമിന്‍റെ കഴുത്തിൽ സ്വർണ മെഡൽ വീണപ്പോൾ നീരജ് വെള്ളി കൊണ്ടു തൃപ്തനായി. ഭംഗിവാക്കല്ല, അയാൾ യഥാർഥത്തിൽ തൃപ്തനായിരുന്നു. ഒരിക്കൽക്കൂടി ഒളിംപിക് വേദിയിൽ താൻ കാരണം ഇന്ത്യയുടെ ദേശീയ ഗാനം ഉയർന്നു കേൾക്കാൻ പോകുന്നു എന്ന അഭിമാനമാണ് വെള്ളി നേട്ടത്തിനു ശേഷം നീരജ് പങ്കുവച്ചത്. ''സ്വർണം നേടിയ കുട്ടിയും എന്‍റെ മകനാണ്'' എന്ന് നീരജിന്‍റെ അമ്മ സരോജ് ദേവി കൂടി പറയുമ്പോൾ നീരജിന്‍റെ വാക്കുകളിൽ അസ്വാഭാവികത ഇല്ലാതാകുന്നു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും മതസ്പർധയുടെയും നടുവിലല്ല അവരവനെ വളർത്തിയത്.

നീരജ് ചോപ്രയും അർഷാദ് നദീമും
നീരജ് ചോപ്രയും അർഷാദ് നദീമും

അർഷദും നീരജും സുഹൃത്തുക്കളായത് ഇന്നും ഇന്നലെയുമല്ല. സമപ്രായക്കാരാണവർ; വർഷങ്ങളായി അന്താരാഷ്‌ട്ര വേദികളിൽ പരസ്പരം മത്സരിച്ചും സ്നേഹിച്ചും കൂട്ടുകൂടിയവർ. പത്തു മത്സരങ്ങളിൽ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ നീരജ് തോൽക്കുന്നത് ആദ്യമായാണ്. 90 മീറ്റർ എന്ന സ്വപ്നദൂരം ഇന്നും നീരജിനു ലക്ഷ്യം മാത്രമായി ശേഷിക്കുമ്പോൾ, പലവട്ടം ആ ദൂരം അനായാസം മറികടന്നിട്ടുണ്ട് അർഷാദ്. പാരിസ് ഒളിംപിക്സിന്‍റെ ഫൈനൽ റൗണ്ടിൽ പോലും രണ്ടു വട്ടം 90 മീറ്റർ മറികടന്ന പ്രകടനത്തെ വെല്ലാൻ തന്‍റെ ഒളിംപിക് ബെസ്റ്റ് ത്രോയ്ക്കു പോലും സാധിച്ചില്ലെന്ന തിരിച്ചറിവ് നീരജിനു നദീമിനോടുള്ള ബഹുമാനം വർധിപ്പിക്കാനേ തരമുള്ളൂ.

ഏഴെട്ടു വർഷമായി ഉപയോഗിച്ചു തേഞ്ഞൊരു ജാവലിൻ മാറ്റി വാങ്ങാൻ പോലും പണില്ലാതെ വിഷമിച്ച അർഷാദിനു പിന്തുണ നൽകിയ ചരിത്രം കൂടിയുണ്ട് നീരജിന്‍റെ സൗഹൃദത്തിന്. ‌അർഷാദിനെപ്പോലൊരു അന്താരാഷ്‌ട്ര കായികതാരത്തിനു വേണ്ടി ജാവലിൻ സ്പോൺസർ ചെയ്യാൻ എത്ര പേർ വേണമെങ്കിലുമുണ്ടാകില്ലേ എന്ന നീരജിന്‍റെ വാക്കുകളാണ്, പാരിസിൽ സ്വർണം കൊത്തിപ്പറന്ന ജാവലിനായി അർഷാദിന്‍റെ കൈകളിലെത്തിയത്. അർഷാദ് ഈ പരിഭവം പറഞ്ഞത് വിദൂര ഭൂതകാലത്തൊന്നുമല്ല, ഏതാനും മാസം മുൻപാണെന്നു കൂടി ഓർക്കണം.

ഏഴ് പേരടങ്ങുന്ന പാക്കിസ്ഥാന്‍റെ ഒളിംപിക് സംഘത്തിൽ നദീമിന്‍റെ വിമാന ടിക്കറ്റ് മാത്രമാണ് പാക്കിസ്ഥാൻ സർക്കാർ സ്പോൺസർ ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ചെലവുകൾ സുഹൃത്തുക്കളും അയൽക്കാരും കൂടി സഹായിച്ച് നടന്നുപോകുന്നതാണ് പതിവ്.

നീരജ് ചോപ്രയും അർഷാദ് നദീമും
നീരജ് ചോപ്രയും അർഷാദ് നദീമും

ക്രിക്കറ്റിലും ഫുട്ബോളിലും ഹോക്കിയിലും കബഡിയിലും ശ്രമിച്ച് പിന്തിരിഞ്ഞ ശേഷം സ്വന്തം വീടിന്‍റെ പിന്നാമ്പുറത്ത് എറിഞ്ഞു പഠിച്ചതാണ് ജാവലിൻ. പാക്കിസ്ഥാനിലെവിടെയും ഇങ്ങനെയൊരു കായിക ഇനത്തിന് ആവശ്യമായ സ്റ്റാൻഡേർഡ് പരിശീലകേന്ദ്രങ്ങളില്ല. ഇനിയഥവാ ഉണ്ടെങ്കിൽ പോലും, മൂന്നു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന നദീമിന്‍റെ കുടുംബത്തിന് അതു താങ്ങാനും കഴിയുമായിരുന്നില്ല.

പക്ഷേ, ലോക ചാംപ്യൻഷിപ്പിലെ വെള്ളിയും കോമൺവെൽത്ത് ഗെയിംസിലെ സ്വർണവും കൂടിയായപ്പോൾ ലോക കായികവേദികൾ അവനെ ഗൗരവമായെടുത്തു തുടങ്ങി. അങ്ങനെ, ഒരു കാലത്ത് യൂറോപ്യൻ അത്‌ലറ്റുകളുടെ മാത്രം കുത്തകയായിരുന്ന ഒരു കായിക ഇനത്തിന് ഇന്ന് ഏഷ്യയുടെ അപ്രമാദിത്വം സാധ്യമായിരിക്കുന്നു- ഇന്ത്യയുടെ നീരജിലൂടെയും പാക്കിസ്ഥാന്‍റെ നദീമിലൂടെയും. അവരൊരുമിച്ച് ഇനിയുമൊരുപാട് പോഡിയങ്ങൾ പങ്കുവയ്ക്കാനുള്ളവരാണ്. മെഡലുകൾ മാറിമറിയുമായിരിക്കും, പക്ഷേ, അതിരുകളില്ലാത്ത സൗഹൃദം അനശ്വരമായിരിക്കും.

Trending

No stories found.

Latest News

No stories found.