പാരിസ്: ഒളിംപിക്സിൽ രണ്ടാം മെഡലുമായി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ ചരിത്രം കുറിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഒരേ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടുന്നത്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ബ്രിട്ടീഷുകാരൻ നോർമൻ പിച്ചാർഡ് ഇന്ത്യൻ പ്രതിനിധിയായി മത്സരിച്ച് രണ്ട് മെഡലുകൾ നേടിയിട്ടുണ്ട്. 1900ത്തിൽ 200 മീറ്റർ സ്പ്രിന്‍റ്, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ നേടിയ വെള്ളി മെഡലുകളായിരുന്നു ഇവ.
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് സരബ്‌ജോത് സിങ്ങുമൊത്ത് മനു ഭാകർ വീണ്ടും വെങ്കലം നേടിയിരിക്കുന്നത്. നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും ഇരുപത്തിരണ്ടുകാരി വെങ്കലം നേടിയിരുന്നു. മെഡൽ പട്ടികയിൽ ഇന്ത്യക്ക് ഇപ്പോഴുമുള്ളത് ഈ രണ്ട് വെങ്കല മെഡലുകൾ മാത്രം.
വെങ്കല മെഡലിനായുള്ള മത്സരത്തിൽ കൊറിയൻ ടീമിനെ 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ കടക്കാൻ സാധിക്കാതെ പോയ സരബ്ജോത് അതിന്‍റെ നിരാശ മറയ്ക്കുന്ന പ്രകടനമാണ് മിക്സഡ് ഇനത്തിൽ നടത്തിയത്. മൂന്നു ദിവസം മുൻപ് നടത്തിയ വ്യക്തിഗത മത്സരത്തിൽ ഇരുപത്തിരണ്ടുകാരൻ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.