നീരജ് ചോപ്രയ്ക്ക് വെള്ളി മാത്രം; ജാവലിൻ സ്വർണം പാക്കിസ്ഥാന്

ഒളിംപിക്സിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയ്ക്ക് നിരാശ. ജാവലിൻ ത്രോയിൽ നേടാനായത് വെള്ളി മാത്രം. ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ച്.
Silver for Neeraj Chopra in Olympics javelin, Gold goes to Pakistan
ഒളിംപിക്സ് ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യയുടെ നീരജ് ചോപ്ര, സ്വർണം നേടിയ പാക്കിസ്ഥാന്‍റെ അർഷാദ് നദീം.
Updated on

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെക്കോഡ് പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാൻ താരം അർഷാദ് നദീം സ്വർണം നേടി. പാരിസിൽ പാക്കിസ്ഥൻ നേടുന്ന ആദ്യ മെഡലാണിത്. അതേസമയം, ഇന്ത്യയുടെ മെഡൽ നേട്ടം ഒരു വെള്ളിയും നാല് വെങ്കലവും അടക്കം അഞ്ചായി ഉയർന്നു.

ജാവലിൻ ഫൈനൽ റൗണ്ടിൽ 89.45 മീറ്ററാണ് നീരജ് ചോപ്ര കണ്ടെത്തിയ മികച്ച ദൂരം. യോഗ്യതാ ഘട്ടത്തിൽ തന്നെ 90 മീറ്റർ മറികടന്ന പാക് താരം ഫൈനൽ റൗണ്ടിൽ പ്രകടനം വീണ്ടും മെച്ചപ്പെടുത്തി. നദീം കണ്ടെത്തിയ 92.97 മീറ്റർ ഒളിംപിക്സിലെ റെക്കോഡാണ്. ടോക്യോ ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായിരുന്നു നീരജ്.

ടോക്യോയിലെ പ്രകടനത്തെയും മറികടന്ന്, തന്‍റെ ഏറ്റവും മികച്ച ഒളിംപിക് ദൂരമാണ് നീരജ് പാരിസിൽ രേഖപ്പെടുത്തിയത്. ഇവിടെ യോഗ്യതാ റൗണ്ടിൽ കണ്ടെത്തിയ 89.34 മീറ്ററായിരുന്നു ഇതിനു മുൻപുള്ള നീരജിന്‍റെ ഏറ്റവും മികച്ച ഒളിംപിക് പ്രകടനം. എന്നാൽ, മികവിന്‍റെ പരമാവധി പുറത്തെടുത്തിട്ടും അർഷാദ് നദീമിനു വെല്ലുവിളിയാകാൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. ഫൈനലിൽ രണ്ടു വട്ടം 90 മീറ്റർ മറികടക്കാൻ നദീമിനു സാധിച്ചു. ആഗോള കായിക ചരിത്രത്തിൽ തന്നെ ഒരേ ദിവസം രണ്ടു വട്ടം 90 മീറ്ററിനപ്പുറത്തേക്ക് ജാവലിൻ പായിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് നദീം. ഗ്രെനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് വെങ്കലം നേടി.

അതേസമയം, പൊതുവേ യൂറോപ്യൻ താരങ്ങൾ കുത്തകയാക്കി വച്ചിരുന്ന ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുത്തത് ഏഷ്യൻ കായികലോകത്തിന് അഭിമാനനിമിഷവുമായി. കഴിഞ്ഞ വർഷം നടത്തിയ ലോക ചാംപ്യൻഷിപ്പിൽ ഇതേയിനത്തിൽ നീരജ് സ്വർണം നേടിയപ്പോൾ നദീമിനായിരുന്നു വെള്ളി.

ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യക്കു വേണ്ടി ഒളിംപിക്സ് സ്വർണം നേടുന്ന ആദ്യ അത്‌ലറ്റ് എന്ന റെക്കോഡ് ടോക്യോയിൽ നീരജ് സ്വന്തമാക്കിയിരുന്നു. വ്യക്തിഗത ഇനത്തിൽ ഒന്നിലധികം ഒളിംപിക് മെഡൽ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരവുമാണ്.

ഫൈനൽ റൗണ്ടിലെ ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായിപ്പോയിട്ടും വെള്ളി ഉറപ്പിക്കാൻ സാധിച്ചതിൽ നീരജിനും അഭിമാനിക്കാം. രണ്ടാമത്തെ ത്രോ മാത്രമാണ് ഫൗൾ അല്ലാതിരുന്നത് (X, 89.45, X, X, X, X).

അതേസമയം, അർഷാദിന്‍റെ ആദ്യ ത്രോ മാത്രമാണ് ഫൗളായത്. അതിനു ശേഷം 92.97m, 88.72m, 79.40m, 84.87m, 91.79m എന്നിങ്ങനെയുള്ള ദൂരങ്ങൾ കണ്ടെത്താൻ സാധിച്ചു (X, 92.97m, 88.72m, 79.40m, 84.87m, 91.79m). വ്യക്തിഗത ഇനത്തിൽ ഒളിംപിക് സ്വർണം നേടുന്ന ആദ്യ പാക് അത്‌ലറ്റാണ് അർഷാദ് നദീം.

Trending

No stories found.

Latest News

No stories found.