Vinesh Phogat
വിനേഷ് ഫോഗട്ട്

വിനേഷിനെ ചതിച്ചതാര്?

ഒളിംപിക്സ് മെഡൽ ഉറപ്പിച്ച ശേഷം ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനു കാരണം സ്വന്തം ക്യാംപിൽനിന്നുള്ള അട്ടിമറി എന്നു സംശയിക്കാം

വി.കെ. സഞ്ജു

വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മെഡൽ ഉറപ്പിക്കുമ്പോൾ പൊള്ളിപ്പോയ ഒരുപാട് അഹങ്കാരങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ, വിനേഷിന്‍റെ സ്വന്തം രാജ്യത്ത്. ഫൈനലിനു മുൻപ് അയോഗ്യയായി, വെറുംകൈയോടെ മടങ്ങുമ്പോൾ രഹസ്യമായി ആഹ്ളാദിക്കാനും അവരുണ്ട്. ഇനിയധികം വൈകാതെ ഇതിന്‍റെ പേരിൽ വിനേഷിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്താനും അവരിപ്പോൾ തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാവുമെന്നുറപ്പ്.

അബദ്ധമോ അട്ടിമറിയോ?

സ്വാഭാവികമായും സംശയിക്കാം, വിനേഷിന്‍റെ അയോഗ്യതയ്ക്കു കാരണം അബദ്ധമാകണമെന്നില്ല. ഒരിക്കൽ സംഭവിക്കുന്നതാണ് അബദ്ധം, അത് ആവർത്തിച്ചാൽ ഉത്തരവാദിത്വമില്ലായ്മയോ അട്ടമറിയോ ആണെന്നു കരുതണം. വിനേഷിന്‍റെ കാര്യത്തിൽ ഈ ഭാരവ്യത്യാസം സംഭവിക്കുന്നത് ആദ്യമായല്ല എന്നതു തന്നെ സംശയം ബലപ്പെടുത്തുന്നു. നേരത്തെ യോഗ്യതാ മത്സരത്തിലും ഇതു സംഭവിച്ചു. അന്നു രാത്രി മുഴുവൻ ഉറങ്ങാതെയും വ്യായാമം ചെയ്തും ഭാരം കുറച്ചാണ് വിനേഷ് അടുത്ത മത്സരത്തിൽ പങ്കെടുത്തതും ഒളിംപിക് യോഗ്യത നേടിയതും.

100 ഗ്രാമല്ല, രണ്ട് കിലോഗ്രാം

Vinesh Phogat trains during strike
സമരത്തിനിടെയും പരിശീലനം നടത്തുന്ന വിനേഷ് ഫോഗട്ട്File

ഒളിംപിക്സ് മെഡലിന് വിനേഷിനെ അയോഗ്യയാക്കിയത് വെറും 100 ഗ്രാമിന്‍റെ വ്യത്യാസമാണെന്ന് സാങ്കേതികമായി പറയാം. പക്ഷേ, യഥാർ‌ഥത്തിൽ 100 ഗ്രാമല്ല, 2000 ഗ്രാമിന്‍റെ വ്യത്യാസം തലേ രാത്രി തന്നെ കണ്ടെത്തിയിരുന്നു വിനേഷ്. അതെ, കൃത്യം രണ്ടു കിലോഗ്രാം അധിക ഭാരം! തുടർന്ന് രാത്രി മുഴുവൻ ഉറങ്ങാതെയും വർക്കൗട്ടുകൾ ചെയ്തും സൈക്കിൾ ചവിട്ടും ജോഗ് ചെയ്തുമെല്ലാം അതിൽ 1900 ഗ്രാം കുറച്ച ശേഷമുള്ള വ്യത്യാസമാണ് അയോഗ്യതയ്ക്കു കാരണമായ ഈ 100 ഗ്രാം.

ഗുസ്തിയിൽ 50 കിലോഗ്രാമിനു മുകളിൽ ശരീരഭാരമുള്ളവർക്ക് 53 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കാൻ സാധിക്കുക. വിനേഷ് മുൻപ് മത്സരിച്ചിരുന്നതും 53 കിലോഗ്രാം വിഭാഗത്തിൽ തന്നെയാണ്. സമീപകാലത്തു മാത്രമാണ് കുറഞ്ഞ വെയ്റ്റ് കാറ്റഗറിയിലേക്കു മാറാൻ തീരുമാനിക്കുന്നത്. ആ തീരുമാനം സ്വന്തമായെടുത്തതോ അതോ മറ്റാരുടെയെങ്കിലും പ്രേരണകൊണ്ടു ചെയ്തതോ എന്ന് വിനേഷിനേ പറയാനാകൂ.

സംശയനിഴലിൽ സപ്പോർട്ട് സ്റ്റാഫ്

Vinesh Phogat
വിനേഷ് ഫോഗട്ട്

ഒരിക്കലും കായികതാരങ്ങൾ നേരിട്ടല്ല ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതത് കായിക ഇനങ്ങളിലെ വിദഗ്ധരായ പരിശീലകർക്കു പുറമേ, ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനും ട്രെയ്നറും അടക്കം വലിയൊരു സപ്പോർട്ട് സ്റ്റാഫ് സംഘം തന്നെ ഒളിംപിക്സ് പോലുള്ള കായിക മാമാങ്കങ്ങളിൽ അത്‌ലറ്റുകളുടെ സഹായത്തിനുണ്ടാകും. അതിൽ, ഗുസ്തി താരങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന സപ്പോർട്ട് സ്റ്റാഫിന്‍റെ അബദ്ധം, അല്ലെങ്കിൽ ചതി കൂടാതെ വിനേഷിനു സംഭവിച്ചതുപോലൊരു ഭാര വ്യത്യാസം ഉണ്ടാകാൻ സാധ്യത പരിമിതമാണ്.

വിനേഷിന് ആഹാരക്രമം നിർദേശിച്ചവർ മുതൽ അതു തയാറാക്കിയവരും പരിശീലനത്തിനു മേൽനോട്ടം നടത്തിയവരും വരെ ഈ പശ്ചാത്തലത്തിൽ സംശയത്തിന്‍റെ നിഴലിലാകുകയാണ്. ആ സംശയത്തിന് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ വിനേഷും സംഘവും തെരുവിൽ നടത്തിയ പോരാട്ടത്തോളം ആഴമുണ്ട്.

ഈ പോരാട്ടങ്ങളിൽ വിനേഷിനും സാക്ഷി മാലിക്കിനും ഒപ്പം ഉറച്ചു നിന്ന ബജ്റംഗ് പൂനിയക്കെതിരേ വന്ന വിലക്കും, ദിവസങ്ങൾക്കുള്ളിൽ അതു പിൻവലിക്കപ്പെട്ടതും ഈ സാഹചര്യത്തിൽ ചേർത്തു വായിക്കാം.

പോരാട്ടത്തിന്‍റെ ചരിത്രം

Vinesh Phogat and co wrestlers being dragged off ground during their strike against Brijbhushan Sharan Singh
സമര രംഗത്ത് വലിച്ചിഴയ്ക്കപ്പെടുന്ന വിനേഷ് ഫോഗട്ടും സഹതാരങ്ങളും.

ഒരുപാട് പോരാളികളെ കണ്ടിട്ടുണ്ടെങ്കിലും, വിനേഷിനെപ്പോലെ എതിരാളികളെയും ഒരു സിസ്റ്റത്തെയാകെയും പരാജയപ്പെടുത്തി വിജയത്തിലേക്കു തലയുയർത്തി നിന്നവർ വേറെയില്ലെന്നാണ് സെമി ഫൈനൽ വിജയത്തിന് അകമ്പടിയായ കമന്‍ററിയിൽ കേട്ടത്. അത് സത്യമായിരുന്നു. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ തെരുവിൽ പോരാട്ടം നയിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്.

വനിതാ ഗുസ്തി താരങ്ങളോട് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗിക അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധങ്ങൾ പൂർണ അർഥത്തിൽ ഫലം കണ്ടില്ല. ഫെഡറേഷന്‍റെ തലപ്പത്തുനിന്ന് ബ്രിജ് ഭൂഷൺ മാറിയെങ്കിലും പകരം അദ്ദേഹത്തിന്‍റെ അടുത്ത അനുയായി തന്നെയാണ് ആ സ്ഥാനത്തേക്ക് പകരം വന്നത്. സമരം ചെയ്ത ഗുസ്തി താരങ്ങളുമായി അന്നത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവർ നടത്തിയ ചർച്ചകളിൽ നൽകിയ ഉറപ്പിന്‍റെ ലംഘനമായിരുന്നു അത്. ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്‍റെ അടുപ്പക്കാരോ ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ഉറപ്പ് നഗ്നമായി ലംഘിക്കപ്പെട്ടിരുന്നു.

ചെലവാക്കിയ ലക്ഷങ്ങൾ

Bajrang Puniya and Vinesh Phogat leading the protest march in new Delhi
ബജ്റംഗ് പൂനിയും വിനേഷ് ഫോഗട്ടും സമരത്തിന്‍റെ മുന്നണിയിൽ.File

ഒളിംപിക്സിൽ പങ്കെടുക്കാനുള്ള വിനേഷ് ഫോഗട്ടിന്‍റെ പരിശീലനത്തിനു മാത്രം 70 ലക്ഷം രൂപ മുടക്കിയെന്ന് വാദിക്കുന്നവരുണ്ട്. ബ്രിജ് ഭൂഷണെയും അയാൾക്ക് സകല പിന്തുണയും സംരക്ഷണവും ഉറപ്പാക്കിയ സർക്കാർ സംവിധാനങ്ങളെയും പിന്തുണയ്ക്കുന്നവർ ഈ സമയത്തു തന്നെ ഇങ്ങനെയൊരു വാദവുമായി രംഗത്തെത്തുന്നതിന്‍റെ യുക്തി പ്രസക്തമാണ്. ജയജയജയജയഹേ എന്ന സിനിമയിൽ, ഭാര്യയെ തല്ലിയ ശേഷം ഭർത്താവ് പൊറോട്ട വാങ്ങിക്കൊടുക്കുന്നതു പോലെയായിരുന്നു ഈ പരിശീലന സഹായം എന്നിപ്പോൾ ആരെങ്കിലും പറഞ്ഞാൽ ചിരിച്ചുതള്ളാനും വയ്യ.

വിനേഷിന്‍റെ അയോഗ്യതയ്ക്കു കാരണം അട്ടിമറിയാണെന്നു തെളിഞ്ഞാൽ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് രാജ്യത്തിന്‍റെ കായികരംഗത്ത് ആജീവനാന്ത വിലക്ക് ഉൾപ്പെടെ സാധ്യമായ എല്ലാ ശിക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. വിനേഷിന്‍റെയും കൂട്ടരുടെയും സമരം രാജ്യത്തിന്‍റെ യശസിനു കളങ്കം ചാർത്തിയെന്നാരോപിച്ചിട്ടുള്ള 'രാജ്യസ്നേഹികൾ' തന്നെ ആ കൂട്ടത്തിലുണ്ടെങ്കിൽ, അവർക്കു മേൽ രാജ്യദ്രോഹ കുറ്റത്തിൽ കുറഞ്ഞതൊന്നും ചുമത്താനുമില്ല.

Trending

No stories found.

Latest News

No stories found.