റോഹ്തക്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഹരിയാനക്കെതിരേ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിൽ. ഇതുവരെ വീണ എല്ലാ വിക്കറ്റും നേടിയത് ഐപിഎൽ - ഇന്ത്യ എ പേസ് ബൗളർ അൻഷുൽ കാംഭോജ്.
മൂന്നാം നമ്പറിൽ ഇറങ്ങി 59 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. അക്ഷയും ഓപ്പണർ രോഹൻ കുന്നുമ്മലും (55) ആദ്യ ദിവസം തന്നെ അർധ സെഞ്ചുറി തികച്ചിരുന്നു. രണ്ടാം ദിവസം ക്യാപ്റ്റൻ സച്ചിൻ ബേബിയും (52) വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനും (53) അർധ സെഞ്ചുറി നേടി.
യുവതാരം ഷോൺ റോജർ 37 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. നാല് റൺസെടുത്ത ബേസിൽ തമ്പിയാണ് കൂട്ടിന്. എൻ.പി. ബേസിൽ മാത്രമാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്.
പ്രതികൂല കാലാവസ്ഥ കാരണം രണ്ടു ദിവസത്തിൽ ഏറെ നേരം നഷ്ടമായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുകയാവും കേരളത്തിനെ പ്രാഥമിക ലക്ഷ്യം. എന്നാൽ, ചതുർദിന മത്സരത്തിൽ രണ്ടു ദിവസം ശേഷിക്കെ, അസാമാന്യ ബൗളിങ് പ്രകടനത്തിലൂടെയേ ഇതു സാധ്യമാകൂ.
ഗ്രൂപ്പിന്‍റെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഹരിയാന. കേരളം രണ്ടാം സ്ഥാനത്തും.