ഐസിസി റാങ്കിങ്: ഗില്ലിനു മുന്നിൽ ഇനി ബാബർ മാത്രം

2019നു ശേഷം ആദ്യമായി മൂന്ന് ഇന്ത്യൻ ബാറ്റർമാർ ടോപ് ടെന്നിൽ
Shubman Gill
Shubman GillFile photo
Updated on

ദുബായ്: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിലെത്തി. ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഗിൽ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ മുകളിൽ പാക് ക്യാപ്റ്റൻ ബാബർ അസം മാത്രം.

2019 ജനുവരിക്കു ശേഷം ആദ്യമായി മൂന്ന് ഇന്ത്യൻ ബാറ്റർമാർ ഐസിസി റാങ്കിങ്ങിന്‍റെ ടോപ് ടെന്നിലെത്തുന്നതും ഇപ്പോഴാണ്. ഗില്ലിനു പുറമേ ക്യാപ്റ്റൻ രോഹിത് ശർമയും (8) വിരാട് കോലിയും (9) ഏഷ്യ കപ്പിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ റാങ്കിങ് മെച്ചപ്പെടുത്തി. 2019ൽ രോഹിത്തിനും കോലിക്കുമൊപ്പം ശിഖർ ധവാനാണ് ടോപ്പ് ടെന്നിലുണ്ടായിരുന്നത്.

ഏഷ്യ കപ്പിൽ രോഹിത് തുടരെ മൂന്ന് അർധ സെഞ്ചുറികൾ നേടിക്കഴിഞ്ഞു. കോലി ഒരു സെഞ്ചുറിയും നേടി. മറ്റ് ഇൻഫോം ബാറ്റർമാരായ കെ.എൽ. രാഹുൽ 37ാം സ്ഥാനത്തും ഇഷാൻ കിഷൻ 22ാം സ്ഥാനത്തുമാണ്. രാഹുൽ 10 സ്ഥാനങ്ങളും കിഷൻ രണ്ടു സ്ഥാനങ്ങളും മെച്ചപ്പെടുത്തി.

പാക്കിസ്ഥാന്‍റെ മൂന്നു ബാറ്റർമാരും ടോപ് ടെന്നിലുണ്ട്. ബാബറിനു പുറമെ ഇമാം ഉൽ ഹക്കും (5) ഫഖർ സമനും (10).

കഴിഞ്ഞ എട്ട് ഏകദിനങ്ങളിൽ മൂന്നു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമായി മികച്ച ഫോമിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ 21 റാങ്ക് മെച്ചപ്പെടുത്തി 11ലെത്തിയിട്ടുണ്ട്. ഇതിനു മുൻപുള്ള കരിയർ ബെസ്റ്റ് റാങ്ക് 25 ആയിരുന്നു.

ബൗളർമാരിൽ കുൽദീപ് യാദവ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ 27ാമതും ഹാർദിക് പാണ്ഡ്യ 56ാമതും. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട് ഹാർദിക്.

Trending

No stories found.

Latest News

No stories found.