ഇസ്ലാമാബാദ്: അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ 2023 ഒക്ടോബര്‍ 15നു തീരുമാനിച്ചിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് ലോകകപ്പ് മത്സരം വീണ്ടും പ്രതിസന്ധിയില്‍. പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചാല്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് പിന്മാറിക്കൊണ്ട് തന്റെ രാജ്യം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് കായിക മന്ത്രി എഹ്സാന്‍ മസാരി മുന്നറിയിപ്പുമായി എത്തിയതോടെയാണ് ഇന്ത്യ- പപാക് ലോകകപ്പ് പോരാട്ടം വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
ന്യൂട്രല്‍ വേദിയില്‍ തങ്ങളുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിച്ചാല്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കും പാക്കിസ്ഥാന് അത് ആവശ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏഷ്യാ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശിപിടിച്ചാല്‍ ലോകകപ്പിനായി പാക്കിസ്ഥാന് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്സാന്‍ മസാരി പറഞ്ഞു. പാക്കിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം തീരുമാനിക്കാന്‍ രൂപം നല്കിയ പ്രധാനമന്ത്രിയുടെ ഉന്നതാധികാര സമിതിയിലെ അംഗം കൂടിയാണ് മസാരി.
''ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് എന്റെ മന്ത്രാലയത്തിന് കീഴില്‍ വരുന്നതിനാല്‍ ഇന്ത്യ അവരുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്, ഇന്ത്യയിലെ ഞങ്ങളുടെ ലോകകപ്പ് മത്സരങ്ങളില്‍ നിഷ്പക്ഷ വേദി ആവശ്യപ്പെടും.'' - മസാരി പ്രതികരിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാന് ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഉന്നതതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതിയുടെ അധ്യക്ഷന്‍. 11 മന്ത്രിമാര്‍ സമിതിയിലെ അംഗങ്ങളാണ്. ഈ സമിതി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ടീമിന്റെ പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് നല്‍കും. സമിതി അടുത്ത ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും മസാരി പറഞ്ഞു.
പാക്കിസ്ഥാനിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകള്‍ അടുത്തിടെ പാകിസ്ഥാന് പര്യടനം നടത്തിയിരുന്നു, പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള സുരക്ഷ ലഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന് ആവശ്യപ്പെട്ട വേദിമാറ്റമടക്കമുള്ള കാര്യങ്ങള്‍ ബിസിസിഐ നേരത്തെ തള്ളിയിരുന്നു. അതിനിടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ലോകകപ്പിനുള്ള പങ്കാളിത്ത കരാര്‍ പാലിക്കാന്‍ പാകിസ്ഥാനോട് ആഹ്വാനം ചെയ്തു.