മുംബൈ: ക്രിക്കറ്റ് ലോകകപ്പ് റൗണ്ട റോബിന് അവസാന ഘട്ടത്തിലെത്തുമ്പോഴും സെമി ഫെനലിലെത്തുന്ന അവസാന ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ ഇതിനോടകം സെമി ബെര്‍ത്ത് ഉറപ്പിച്ചു. എട്ടു മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റ് വീതമുള്ള മൂന്നു ടീമുകളാണ് നാലാം സ്ഥാനത്തിനു വേണ്ടി മാറ്റുരയ്ക്കുന്നത്, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്. മൂന്നു ടീമിന്റെയും സാധ്യത പരിശോധിക്കാം.
പാക്കിസ്ഥാന്റെ സാധ്യത
പാക്കിസ്ഥാന്റെ അവസാന മത്സരം 11ന് ഇംഗ്ലണ്ടിനെതിരേയാണ്. ഈ മത്സരത്തില്‍ വിജയിക്കുകയും ഇന്നു നടക്കുന്ന ന്യൂസിലന്‍ഡ്- ശ്രീലങ്ക മത്സരത്തില്‍ കിവീസ് പരാജയപ്പെടുകയും അഫ്ഗാനിസ്ഥാന്- ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ അഫ്ഗാന് പരാജയപ്പെടുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയിലെത്താം.
പാക്കിസ്ഥാനും ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും പരാജയപ്പെട്ടാല്‍ നെറ്റ് റണ്‍റേറ്റ് നാലാം സ്ഥാനക്കാരെ നിശ്ചയിക്കും.
പാക്കിസ്ഥാന്- ഇംഗ്ലണ്ട് പോരാട്ടം ഉപേക്ഷിക്കപ്പെടുകയും അഫ്ഗാനും കിവീസും പരാജയപ്പെടുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയിലെത്തും.
ന്യൂസിലന്‍ഡിന്റെ സാധ്യത
ന്യൂസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തുകയും പാക്കിസ്ഥാനും അഫ്ഗാനും പരാജയപ്പെടുകയും ചെയ്താല്‍ കിവീസ് സെമിയിലെത്തും. ഇരുടീമും ന്യൂസിലന്‍ഡിനേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ തോറ്റാലും കിവികളായിരിക്കും സെമിയിലെത്തുക. കാരണം നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നില്‍ കിവികളാണ്. കിവികളുടെ മത്സരം ഉപേക്ഷിക്കുകയും മറ്റ് രണ്ട് മത്സരങ്ങളില്‍ അഫ്ഗാനും പാക്കിസ്ഥാനും പരാജയപ്പെടുകയും ചെയ്താല്‍ ന്യൂസിലന്‍ഡാവും സെമി കളിക്കുക.
അഫ്ഗാനിസ്ഥാന്റെ സാധ്യത
അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും കിവീസും പാക്കിസ്ഥാനും പരാജയപ്പെടുകയും വേണം. കിവീസും പാക്കിസ്ഥാനും പരാജയപ്പെടുകയും അഫ്ഗാനിസ്ഥാന് -ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിക്കുകയും ചെയ്താല്‍ അഫ്ഗാന് സെമിയിലെത്തും. മൂന്നു ടീമുകളും അവരവരുടെ മത്സരങ്ങളില്‍ വിജയിച്ചാല്‍ നെറ്റ് റണ്‍റേറ്റാകും വിധി നിര്‍ണയിക്കുക.