ആദ്യ ജയത്തിന്‍റെ ആശ്വാസത്തിൽ പാക്കിസ്ഥാൻ

ക്യാനഡയ്‌ക്കെതിരേ ഏഴ് വിക്കറ്റ് ജയം. മുഹമ്മദ് ആമിറും മുഹമ്മദ് റിസ്വാനും വിജയശിൽപ്പികൾ.
ആദ്യ ജയത്തിന്‍റെ ആശ്വാസത്തിൽ പാക്കിസ്ഥാൻ
ക്യാനഡയ്‌ക്കെതിരേ പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാന്‍റെ ബാറ്റിങ്.
Updated on

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ കളിക്കാനിറങ്ങിയ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാൻ ആദ്യ ജയം കുറിച്ചു. ക്യാനഡയുടെ 106/7 എന്ന സ്കോർ ഏഴ് വിക്കറ്റും 15 പന്തും ശേഷിക്കെയാണ് മറികടന്നത്.

ന്യൂയോർക്കിലെ പിച്ചിന്‍റെ സ്വഭാവം വച്ച് മോശം സ്കോർ ആയിരുന്നില്ല 106. ഓപ്പണർ ആറോൺ ജോൺസൺ ഏറെക്കുറെ ഒറ്റയ്ക്കാണ് പാക് പേസ് പടയെ സധൈര്യം നേരിട്ട് ഈ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 44 പന്ത് നേരിട്ട ജോൺസൺ നാല് ഫോറും നാല് സിക്സും സഹിതം 52 റൺസെടുത്തു. ഏഴാം നമ്പറിൽ ക്യാപ്റ്റൻ സാദ് ബിൻ സഫർ (10), എട്ടാം നമ്പറിൽ കലീം സന (13 നോട്ടൗട്ട്) എന്നിവർ മാത്രമാണ് പിന്നെ രണ്ടക്ക സ്കോറിലെത്തിയത്.

13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ പേസർ മുഹമ്മദ് ആമിറാണ് പാക് ബൗളർമാരിൽ തിളങ്ങിയത്. ഹാരിസ് റൗഫ് 26 റൺസിനും രണ്ട് വിക്കറ്റ് നേടി. ഷഹീൻ ഷാ അഫ്രീദിക്കും നസീം ഷായ്ക്കും ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ പതിവുപോലെ പതിഞ്ഞ തുടക്കമാണ് പാക്കിസ്ഥാനു ലഭിച്ചത്. പുതിയ ഓപ്പണർ സയിം അയൂബ് 12 പന്തിൽ 6 റൺസുമായി മടങ്ങി. മൂന്നാം നമ്പറിലേക്കിറങ്ങിയ ക്യാപ്റ്റൻ ബാബർ അസം, ഓപ്പണർ മുഹമ്മദ് റിസ്വാനൊപ്പം അപകടരഹിതമായി സ്കോർ ബോർഡ് ചലിപ്പിച്ചു.

33 പന്തിൽ 33 റൺസെടുത്ത ബാബർ പുറത്തായ ശേഷം ഫഖർ സമന്‍റെ (4) വിക്കറ്റ് കൂടി പാക്കിസ്ഥാനു നഷ്ടമായെങ്കിലും മറുവശത്ത് റിസ്വാൻ അചഞ്ചലനായിരുന്നു. 53 പന്തിൽ 53 റൺസെടുത്ത റിസ്വാൻ പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.