മുൾട്ടാൻ: രണ്ടിന്നിങ്സിലായി 776 റൺസ് സ്കോർ ചെയ്തിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് ഇന്നിങ്സ് തോൽവി. 556 റൺസാണ് പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ നേടിയത്. എന്നാൽ, ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്ത് ഡിക്ലയർ ചെയ്തു. പാക്കിസ്ഥാന്‍റെ രണ്ടാം ഇന്നിങ്സ് 220 റൺസിൽ അവസാനിച്ചതോടെ സ്വന്തം നാട്ടിൽ ഇന്നിങ്സിനും 47 റൺസിനും തോൽവി!
അബ്ദുള്ള ഷഫീക്ക് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151), സൽമാൻ ആഗാ (104) എന്നിവരുടെ സെഞ്ചുറികളാണ് ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാന് മികച്ച സ്കോർ നേടിക്കൊടുത്തത്. എന്നാൽ, ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിൾ സെഞ്ചുറിയും (317 പന്തിൽ 322) ജോ റൂട്ടിന്‍റെ ഡബിൾ സെഞ്ചുറിയും (375 പന്തിൽ 262) ചേർന്നപ്പോൾ ഇംഗ്ലണ്ട് വെറും 150 ഓവറിൽ 823 റൺസ് അടിച്ചുകൂട്ടി.
ആദ്യ ഇന്നിങ്സിലെ മികവ് പാക് ബാറ്റർമാർക്ക് രണ്ടാം ഇന്നിങ്സിൽ ആവർത്തിക്കാൻ സാധിച്ചില്ല. മുൻനിരയും മധ്യനിരയും അമ്പേ പരാജയമാപ്പോൾ, വാലറ്റത്ത് സൽമാൻ ആഗായും (63) ആമിർ ജമാലും (55) മാത്രമാണ് പിടിച്ചുനിന്നത്. ഇംഗ്ലണ്ട് ഹിമാലയൻ സ്കോറിനു മുന്നിൽ അത് വിലപ്പോയതുമില്ല.
ആദ്യ ഇന്നിങ്സിൽ മൂന്ന് പാക് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ജാക്ക് ലീച്ച് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് കൂടി പിഴുതു. രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ ഗസ് ആറ്റ്കിൻസണും ബ്രൈഡൻ കാർസും ഉറച്ച പിന്തുണയും നൽകി. ഹാരി ബ്രൂക്കാണ് പ്ലെയർ ഓഫ് ദ മാച്ച്.