മുംബൈ: ഐപിഎൽ ദയനീയ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിന്‍റെ ഡ്രസിങ് റൂമിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നു സൂചന. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും യുവതാരം തിലക് വർമയും തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കോളമെത്തിയതാണ് ഏറ്റവും പുതിയ സംഭവവികാസം. രോഹിത് ശർമയും ടീം അധികൃതരും ചേർന്നാണത്രെ ഇരുവരെയും പിടിച്ചുമാറ്റിയത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ പരാജയത്തിനു ശേഷമായിരുന്നു സംഭവം. മത്സരത്തിൽ അർധ സെഞ്ചുറി നേടിയ തന്നെ ഷോട്ട് സെലക്ഷന്‍റെ പേരിൽ ഹാർദിക് കുറ്റപ്പെടുത്തിയത് തിലക് വർമയ്ക്ക് ഇഷ്ടപ്പെടാത്തതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഗ്രൗണ്ടിൽ പ്രസന്‍റേഷൻ സമയത്താണ് തിലകിന്‍റെ ഷോട്ട് സെലക്ഷനെയും, അക്ഷർ പട്ടേലിനെ നേരിട്ട രീതിയെയും ഹാർദിക് പരസ്യമായി വിമർശിച്ചത്. ടൂർണമെന്‍റിൽ മുംബൈയുടെ ടോപ് സ്കോററായ തിലക് ഈ മത്സരത്തി്ല് 32 പന്തിൽ 63 റൺസും നേടിയിരുന്നു.
പ്രശംസിച്ചില്ലെങ്കിലും വിമർശിക്കാതിരിക്കമായിരുന്നു എന്ന മട്ടിലാണ് തിലക് ഇതിനെ സ്വീകരിച്ചത്. ഹാർദിക് ഡ്രസിങ് റൂമിലെത്തിയപ്പോൾ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
രണ്ടു സീസണുകളിലായി മോശം പ്രകടനം തുടരുന്ന ടീമിന്‍റെ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയെ മാറ്റിയത് സാധൂകരിക്കപ്പെടുന്നുണ്ടെങ്കിലും, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് പിൻവാതിലിലൂടെ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കിയതിലാണ് പലർക്കും അതൃപ്തിയുള്ളത്. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ടായിരുന്നിട്ടും ഇത്തരമൊരു നടപടി ടീം മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായത് യുവതാരങ്ങളെയും ടീമിന്‍റെ ആരാധകരെയും അടക്കം പ്രകോപിപ്പിച്ചു എന്നാണ് സൂചന.