ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ വിരാട് കോഹ്ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും പ്രകടനങ്ങൾ നിർണായകമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഓസ്ട്രേലിയൻ ക്യാംപ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഇവർ ഇരുവരെയും കുറിച്ചാണെന്നും പോണ്ടിങ് പറയുന്നു. ജൂൺ ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. വേദി ഇംഗ്ലണ്ടിലെ ഓവൽ.
''മുന്‍ കാലങ്ങളിലും പൂജാര ഓസ്ട്രേലിയന്‍ മണ്ണില്‍ വലിയ കടമ്പയായി നിന്നിട്ടുണ്ട്. സമാന വിക്കറ്റാണ് ഫൈനല്‍ പോരാട്ടം നടക്കുന്ന ഓവലിലേതും. അതിനാല്‍ പൂജാര ക്രീസിലെത്തിയാല്‍ എത്രയും പെട്ടെന്ന് മടക്കാനായിരിക്കും ഓസീസ് ശ്രമിക്കുക. ടി20യിലാണെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോഹ്ലി മിന്നും ഫോമിലാണെന്ന് ഓസ്ട്രേലിയക്ക് നന്നായി അറിയാം'', പോണ്ടിങ് വിശദീകരിച്ചു.
ഓസീസിനെതിരെ 24 ടെസ്റ്റുകള്‍ കളിച്ച പൂജാര അഞ്ച് സെഞ്ച്വറിയടക്കം 2033 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ കളിക്കുന്നവരിൽ ഓസ്ട്രേലിയയ്ക്കെതിരേ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യൻ താരവും പൂജാര തന്നെ.