ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ എന്താണ് സംഭവിക്കുന്നത്?

ഐഒഎ അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരേ ഒരുവിഭാഗം രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ഉഷ നിയമിച്ച ഉദ്യോഗസ്ഥന് ഭരണസമിതി അംഗം പിരിച്ചുവിടല്‍ കത്ത് നല്‍കിയതാണ് ഒടുവിലത്തെ സംഭവം.
പി.ടി. ഉഷ
പി.ടി. ഉഷ
Updated on

ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്സ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഐഒഎ അധ്യക്ഷ ഉഷയ്ക്കെതിരേ ഒരുവിഭാഗം രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ഉഷ നിയമിച്ച ഉദ്യോഗസ്ഥന് ഭരണസമിതി അംഗം പിരിച്ചുവിടല്‍ കത്ത് നല്‍കിയതാണ് ഒടുവിലത്തെ സംഭവം. ഇത് തന്‍റെ അധികാരത്തില്‍ കൈകടത്തുന്നതിനു തുല്യമാണെന്ന് ഉഷ ആരോപിച്ചു. ഐഒഎയുടെ സിഇഒ ആയി ജനുവരിയില്‍ രഘുറാം അയ്യരെ നിയമിച്ചതിനെച്ചൊല്ലി കുറച്ചുകാലമായി സംഘടനയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. രഘുറാമിന്‍റെ നിയമനം അസാധുവാണെന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തെന്നും പ്രസ്താവിച്ച് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് പുറത്തുവിടുകയുംചെയ്തു.

പിന്നീട് അനധികൃത വ്യക്തികള്‍ ഐഒഎ ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം ഒമ്പത് സമിതി അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് ഓഫിസ് പരിസരത്ത് പതിച്ചിരുന്നു. ഇതിനെ ഏകപക്ഷീയമെന്നാണ് ഉഷ വിശേഷിപ്പിച്ചത്. ജീവനക്കാരെ നിയമിക്കലും പിരിച്ചുവിടലും ഉള്‍പ്പെടെയുള്ള ദൈനംദിന ഭരണപ്രവര്‍ത്തനങ്ങള്‍ നിര്‍വാഹക സമിതിയുടെ ജോലിയല്ലെന്നും വ്യക്തമാക്കി. ഉഷ നിയമിച്ച ഒളിമ്പിക് അസോസിയേഷന്‍ സിഇഒയെയും പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റിനെയും പിരിച്ചുവിട്ടതായി രണ്ടു മാസം മുമ്പ് ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

സീനിയര്‍ വൈസ് പ്രസിഡന്‍റ് അജയ് പട്ടേല്‍, വൈസ് പ്രസിഡന്‍റുമാരായ ഗഗന്‍ നാരംഗ്, രാജലക്ഷ്മി സിങ് ദിയോ, ട്രഷറര്‍ സഹദേവ് യാദവ്, അംഗങ്ങളായ ദോല ബാനര്‍ജി, ഹര്‍പാല്‍ സിങ്, യോഗേശ്വര്‍ ദത്ത്, അമിതാഭ് ശര്‍മ, ഭൂപീന്ദര്‍ സിങ് ബജ്വ എന്നിവരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ സിഇഒ രഘുറാം അയ്യരെ ഒളിംപിക് അസോസിയേഷന്‍ സിഇഒ ആയി നിയമിച്ച കാര്യം ജനുവരി ആറിനാണ് രാജ്യസഭാംഗംകൂടിയായ പ്രസിഡന്‍റ് അറിയിച്ചത്.

അസോസിയേഷനിലെ 15ല്‍ 12 നിര്‍വാഹക സമിതി അംഗങ്ങളും ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല. യോഗത്തിന്‍റെ അജണ്ടയിലില്ലാത്ത കാര്യം ഉഷ സമ്മര്‍ദത്തിലൂടെ നടപ്പാക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിച്ചത്. പ്രതിവര്‍ഷം മൂന്നുകോടി രൂപയാണ് സിഇഒക്ക് പ്രതിഫലം. ഇതെല്ലാം ഉഷ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും അംഗങ്ങള്‍ ആരോപിച്ചു.

തുടര്‍ന്നാണ് സിഇഒയെയും പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റായ റിട്ട. ക്യാപ്റ്റന്‍ അജയ് കുമാര്‍ നാരംഗിനെയും പിരിച്ചുവിട്ടതായി ഇവര്‍ പ്രഖ്യാപിച്ചത്. അസോസിയേഷനിലെ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കിന് കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

2023 ജൂണ്‍ ഏഴിന് നിയമിതനായ നാരംഗിന്‍റെ തുടര്‍ച്ചയോ പിരിച്ചുവിടലോ തന്‍റെ ശിപാര്‍ശയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മറ്റാരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അടിസ്ഥാനമാക്കിയല്ലെന്നും ഉഷ പറഞ്ഞു. ഇന്ത്യന്‍ സ്പോര്‍ട്സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.