കിങ്സൈസ് ത്രില്ലർ

ചെന്നൈ സൂപ്പർ കിങ്സിനെ അവസാന പന്തിൽ കീഴടക്കി പഞ്ചാബ് കിങ്സ്
കിങ്സൈസ് ത്രില്ലർ
Updated on

ചെന്നൈ: ഓരോ പന്തിലും സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ പഞ്ചാബ് കിങ്സിന് നാലു വിക്കറ്റ് വിജയം. സ്കോർ: ചെന്നൈ 20 ഓവറിൽ 200/4, പഞ്ചാബ് 20 ഓവറിൽ 201/6.

അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിക്കാൻ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി പന്തേൽപ്പിച്ചത് ശ്രീലങ്കൻ യുവതാരം മതീശ പതിരണയെ. സിക്കന്ദർ റാസ ആദ്യ പന്തിൽ സിംഗിൾ, ഷാറുഖ് ഖാൻ രണ്ടാം പന്തിൽ ലെഗ് ബൈ ഓടി. മൂന്നാം പന്തിൽ റണ്ണില്ല. നാലും അഞ്ചും പന്തുകളിൽ റാസ രണ്ടു റൺസ് വീതം ഓടിയെടുത്തപ്പോൾ അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ് എന്നതായി ഇക്വേഷൻ.

ഓഫ് സ്റ്റംപിനു പുറത്ത് സ്ലോ ഷോർട്ട് പിച്ച് എറിഞ്ഞ പതിരണയെ സ്റ്റംപിനു കുറുകെ കയറി ഡീപ്പ് ഫൈൻ ലെഗ്ഗിലേക്ക് പുൾ ചെയ്തു റാസ. ടൈമിങ് കൃത്യമായില്ലെങ്കിലും പന്ത് മെല്ലെ ബൗണ്ടറിയിലേക്ക്. ഡൈവ് ചെയ്ത് തടുത്തിടാൻ രവീന്ദ്ര ജഡേജയ്ക്കു സാധിച്ചെങ്കിലും അതിനകം മൂന്നു റൺ ഓടി പൂർത്തിയാക്കിയിരുന്നു റാസയും ഖാനും.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി കൃത്യം 200 റൺസാണെടുത്തത്. 52 പന്തിൽ 92 റൺസെടുത്ത് പുറത്താകാതെ നിന്ന ഡെവൺ കോൺവെ മാത്രമാണ് വലിയ സ്കോർ കണ്ടെത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് (37) പുറത്തായ ശേഷം ശിവം ദുബെ (28), മൊയീൻ അലി (10), രവീന്ദ്ര ജഡേജ (12) എന്നിങ്ങനെ തുടരെ മൂന്ന് ഇടങ്കയ്യൻ ബാറ്റർമാരെയാണ് ധോണി ക്രീസിലേക്കയച്ചത്. അവസാന ഓവറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ, സാം കറൻ എറിഞ്ഞ അവസാന രണ്ടു പന്തും ബൗണ്ടറിക്കു മീതേ പായിച്ച് ടീം ടോട്ടൽ ഇരുനൂറിലെത്തിക്കുകയും ചെയ്തു. അതേസമയം, മികച്ച ഫോമിലുള്ള അജിങ്ക്യൻ രഹാനെയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം നൽകാതിരുന്നത് അദ്ഭുതമായി.

മറുപടി ബാറ്റിങ്ങിൽ ആരും അർധ സെഞ്ചുറി നേടിയില്ലെങ്കിലും ടീം വർക്കിന്‍റെയും ഇച്ഛാശക്തിയുടെയും ബലത്തിൽ ജയത്തിലേക്കടുക്കുകയായിരുന്നു പഞ്ചാബ്.

പ്രഭ്സിമ്രൻ സിങ്ങും (24 പന്തിൽ 42) ക്യാപ്റ്റൻ ശിഖർ ധവനും (15 പന്തിൽ 28) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് അവർക്കു നൽകിയത്. തുടർന്നെത്തിയ അഥർവ തയ്ഡെ (17 പന്തിൽ 13) നിരാശപ്പെടുത്തിയെങ്കിലും, ലിയാം ലിവിങ്സ്റ്റണും (24 പന്തിൽ 40) സാം കറനും (20 പന്തിൽ 29) ഒന്നിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് അവരെ മത്സരത്തിൽ നിലനിർത്തി. ലിവിങ്സ്റ്റൺ പുറത്തായതോടെ ചെന്നൈ ആശ്വസിച്ചെങ്കിലും, 10 പന്തിൽ 21 റൺസെടുത്ത ജിതേഷ് ശർമ അവരുടെ പ്രതീക്ഷ നശിപ്പിച്ചു. അവസാന ഓവറുകളിൽ മനഃസാന്നിധ്യം കൈവിടാതെ ഷാരുഖ് ഖാനും സിക്കന്ദർ റാസയും കളി കൈക്കലാക്കുകയും ചെയ്തു.

ചെന്നൈക്കു വേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 49 റൺസ് വഴങ്ങി. ജഡേജയും പതിരണയും 32 റൺസ് വീതം വഴങ്ങി യഥാക്രമം രണ്ടും ഒന്നും വിക്കറ്റ് വീഴ്ത്തി.

Trending

No stories found.

Latest News

No stories found.