മുംബൈ: ഐപിഎല്‍ പ്രാഥമിക പോരാട്ടങ്ങള്‍ അവസാനിച്ചു. അവസാന നാലു ടീമുകളുമായി. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്. ഇന്നു രാത്രി 7.30ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. അതേസമയം, വിജയിക്കുന്ന ടീം ചെന്നൈ- ഗുജറാത്ത് മത്സരത്തില്‍ പരാജയപ്പെട്ട ടീമിനെ നേരിടും. ഫൈനല്‍ ഞായറാഴ്ചയാണ്.
14 മത്സരങ്ങളില്‍നിന്ന് എട്ടുവിജയവും അഞ്ച് പരാജയവുമടക്കം 17 പോയിന്റുമായാണ് സിഎസ്കെ പ്ലേ ഓഫിലെത്തിയത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. 14 മത്സരങ്ങളില്‍നിന്ന് 10 വിജയവും നാലു പരാജയവുമടക്കം 20 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. അവര്‍ അവസാനം കളിച്ച അഞ്ചു കളിയില്‍ നാലിലും ജയിച്ചു. സിഎസ്കെ ആവട്ടെ മൂന്നില്‍ ജയിച്ചു. ഒന്നില്‍ തോറ്റു. ഒന്നില്‍ ഫലമില്ലാതെ പോയി. ഇന്നത്തെ മത്സരം ചെന്നൈയിലായതുകൊണ്ടുതന്നെ ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്‍തൂക്കം അവകാശപ്പെടാം. അതേസമയം, മിന്നുന്ന ഫോമിലുള്ള ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ ചെന്നൈക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.
2022ല്‍ പ്ലേ ഓഫിലെത്തിയപ്പോഴും ഗുജറാത്തിന്റെ അക്കൗണ്ടില്‍ 10 വിജയങ്ങളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പത്താം സ്ഥാനത്തായാണ് മുംബൈ പോരാട്ടം അവസാനിപ്പിച്ചത്. മുംബൈ- ലഖ്നൗ പോരാട്ടം നടക്കുന്നതും ചെന്നൈയിലാണ്. ഇരുവരും അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ അപ്രതീക്ഷിത വിജയം ലഖ്നൗവിനായിരുന്നു. അഞ്ചു വട്ടം ചാംപ്യന്മാരായ മുംബൈ ഇത് 10-ാം തവണയാണ് പ്ലേ ഓഫില്‍ യോഗ്യരാകുന്നത്. ഇക്കാര്യത്തില്‍ ചെന്നൈയാണ് മുന്നില്‍ നാല് തവണ ചാംപ്യന്മാരായ ചെന്നൈ 12-ാം തവണയാണ് പ്ലേ ഓഫിലെത്തുന്നത്.