ന്യൂഡല്‍ഹി: സൗദി ടെന്നിസ് ഫെഡറേഷന് അംബാസഡറായി സ്പാനിഷ് ടെന്നിസ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ നിയമിച്ചു. പ്രൊഫഷണല്‍ ടെന്നിസ് രംഗത്ത് കരുത്തുറ്റ സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദിയുടെ നീക്കം.
കായികമേഖലയില്‍ സൗദി അറേബ്യയുടെ വളര്‍ച്ചയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ മുപ്പത്തേഴുകാരനായ നദാല്‍ സന്തോഷം അറിയിച്ചു. 'സൗദി അറേബ്യയില്‍ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് വളര്‍ച്ചയും പുരോഗതിയും കാണാന്‍ കഴിയും. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതനാണ്. ടെന്നിസ് കളിക്കുന്നത് ഇഷ്ടമായതിനാല്‍ അത് തുടരും. അതിനപ്പുറത്ത്, കായികരംഗത്തെ ലോകമെമ്പാടും വളരാന്‍ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൗദിയില്‍ അതിന്റെ യഥാര്‍ഥ സാധ്യതകളുണ്ട്'- നദാല്‍ വ്യക്തമാക്കി.
22 ഗ്രാൻഡ്സലാം നേടിയ നദാലിന്, പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായില്ല. സൗദിയില്‍ റഫ നദാല്‍ അക്കാഡമി തുടങ്ങാനും പദ്ധതിയുണ്ട്. എടിപി നെക്സ്റ്റ് ജെന്‍ എടിപി ഫൈനല്‍ ഉള്‍പ്പെടെ സൗദിയില്‍ നടക്കാനിരിക്കുന്ന വര്‍ഷമാണിത്. കൂടാതെ ജോക്കോവിച്ച്, സബലേങ്ക ഉള്‍പ്പെടെയുള്ള ടെന്നിസ് രംഗത്തെ സൂപ്പര്‍ താരങ്ങളുടെ പ്രദര്‍ശന മത്സരവും സൗദിയില്‍ നടക്കും.